തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് പുനസ്ഥാപിക്കാൻ തീരുമാനം. 03/07/2021 ഞായറാഴ്ച മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ പേരും വയസും സ്ഥലവും വീണ്ടും ഉൾപ്പെടുത്തും.
പട്ടികയിൽ നിന്ന് പുറത്തായ മരണങ്ങളെക്കുറിച്ച് ഒറ്റപ്പെട്ട പരാതികളുയർന്നാൽ പരിശോധിക്കാമെന്നാണ് ആരോഗ്യമന്ത്രി വീണാജോർജ്ജ് 02/07/2021 ശനിയാഴ്ചയും ആവർത്തിച്ചത്. അർഹരായവരെപ്പോലും പുറത്താക്കിയ സംസ്ഥാനത്തിന്റെ കൊവിഡ് മരണ പട്ടികക്കെതിരെ ആക്ഷേപം ശക്തമാകുമ്പോഴും സമഗ്രമായ പുനപരിശോധനയ്ക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
പട്ടിക പുനപ്രസിദ്ധീകരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ പ്രതിപക്ഷം കണക്കുകൾ ശേഖരിച്ച് പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സുപ്രിംകോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ ഒന്നാം തരംഗത്തിലെയും രണ്ടാംതരംഗത്തിലെയും മുഴുവൻ മരണവും സമഗ്ര പരിശോധന നടത്തി പുതിയ പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് പ്രതിപക്ഷം അടക്കം ഉയർത്തിയ ആവശ്യം.
2020 ഡിസംബറിലാണ് സർക്കാർ പേരുകൾ പുറത്തു വിടുന്നത് നിർത്തിയത്. മരണ പട്ടിക വിവാദമായതോടെയാണ് സർക്കാർ പേരുകൾ നൽകുന്നത് നിർത്തിയത്.

