ഇടുക്കി: പുസ്തക വായനയ്ക്കപ്പുറം പ്രപഞ്ച വായന കൂടി ശീലിക്കണം: കവി ജോസ് കോനാട്ട്

ഇടുക്കി: പുസ്തക വായനയ്ക്കപ്പുറം പ്രപഞ്ച വായന കൂടി ശീലമാക്കിയാല്‍ ഭൂമിയില്‍ സ്‌നേഹ സാഹോദര്യത്തോടെ പ്രപഞ്ചസൃഷ്ടികള്‍ക്കെല്ലാം നിലനില്‍ക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് കവി ജോസ് കോനാട്ട് അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ജില്ലാ ഭരണകൂടത്തിന്റേയും സഹകരണത്തോടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വായനാ അനുഭവ – പുസ്തക പരിചയപ്പെടുത്തല്‍ പ്രഭാഷണ പരമ്പരയിലെ മൂന്നാം ദിവസത്തെ വായനാ അനുഭവം ഓണ്‍ലൈനായി പങ്കുവെയ്ക്കുകയായിരുന്നു ജോസ് കോനാട്ട്. മലയാളത്തിലെ ഇതിഹാസനോവലായ ഖസാക്കിന്റെ ഇതിഹാസം മുതല്‍ തുഞ്ചനേയും, കുഞ്ചനേയും പ്രതിപാദിച്ച് ദേശീയ സാഹിത്യത്തിലൂടെ കടന്ന് രാഷ്ട്രാന്തര കൃതികളുടെ വരെ നടത്തിയ വായനാ അനുഭവം ഓരോ പ്രേക്ഷകനേയും വായനയിലേക്ക് പ്രചോദിപ്പിക്കുന്നതും, വായിച്ചവയുടെ ഉള്ളടക്കം ഓര്‍മ്മിപ്പിക്കുന്നതിനും കരുത്തുറ്റതായിരുന്നു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.ജി. സത്യന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.ജെ.ബേബി എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജില്ലാ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അസി. എഡിറ്റര്‍ എന്‍.ബി.ബിജു കൃതജ്ഞത രേഖപ്പെടുത്തി. പക്ഷാചരണ പ്രഭാഷണ പരമ്പരയില്‍ നാടക കൃത്തും ചരിത്രകാരനുമായ കാഞ്ചിയാര്‍ രാജന്‍ വായനയുടെ സ്വാതന്ത്ര്യവും അനുഭവങ്ങളും 27ന് പങ്കുവെയ്ക്കും. 28 ന് നോവലിസ്റ്റ് പി.എ.ഉഷാകുമാരിയും, 30 ന് പു.ക.സ. ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ ‘പൊന്‍കുന്നം വര്‍ക്കി’ അനുസ്മരണം നടത്തും. ജൂലൈ ഒന്നിന് മോബിന്‍ മോഹന്‍, കേശവ ദേവ് അനുസ്മരണവും നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →