കോഴിക്കോട്: ലക്ഷ്യം ലഹരിമുക്ത കേരളം – മന്ത്രി അഹമ്മദ് ദേവർ കോവിൽ ലഹരി വിരുദ്ധ ബോധവൽകരണ വാരാചരണത്തിന് തുടക്കം

കോഴിക്കോട്: ലഹരിമുക്ത കേരളം  എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ മയക്കുമരുന്നിനും മറ്റ് ലഹരി പദാർത്ഥങ്ങൾക്കുമെതിരെ സർക്കാർ സംവിധാനത്തോടൊപ്പം പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. “ലഹരിയുടെ ഇരുട്ടിൽ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്ക്” എന്ന സന്ദേശവുമായി ജില്ലാ സാമൂഹ്യനീതി ഓഫീസും എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷനും ചേർന്ന് “മോചനം -2021 ” എന്ന പേരിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽകരണ വാരാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ടവരെ  പുനരധിവസിപ്പിക്കാനും  സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും കഴിയണം. അതിന് ലഹരിവിമുക്ത ചികിത്സ, കൗണ്‍സിലിംഗ്, തുടങ്ങിയവ ഫലപ്രദമാക്കേണ്ടതുണ്ട്. വിദ്യാർത്ഥികളെയും യുവാക്കളെയും മയക്ക് മരുന്ന് ഉപയോഗത്തിൽ നിന്ന് രക്ഷിക്കുന്നതിന്  ബോധവല്‍ക്കരണ പരിപാടികൾ വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 ടി.പി.രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.  ജില്ലാ കളക്ടർ  സാംബശിവറാവു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ, എന്നിവർ മുഖ്യാതിഥികളായിരുന്നു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ (വിമുക്തി) വി.രാജേന്ദ്രൻ ലഹരിവിരുദ്ധ ദിനാചരണ സന്ദേശം നൽകി. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

 “മയക്ക് മരുന്ന്: വസ്തുതകൾ പങ്കിടാം, ജീവൻ രക്ഷിക്കാം” എന്ന ഈ വർഷത്തെ ലഹരിവിരുദ്ധ ദിന സന്ദേശം ആസ്പദമാക്കി നടന്ന വെബിനാറിൽ എക്സൈസ് ഇൻസ്പക്ടർ സി. മുഹമ്മദ് വിഷയം അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സി.ഗീത, എൻ.എസ്.എസ് കോഴിക്കോട് നോർത്ത് സിറ്റി ക്ലസ്റ്റർ കൺവീനർ എം.കെ.ഫൈസൽ എന്നിവർ പങ്കെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ സ്വാഗതവും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.സുഗുണൻ നന്ദിയും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →