അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടിസ്

കണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തലവന്‍ അഴീക്കോട് സ്വദേശി അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടിസ്. ഈ മാസം 28ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് പ്രിവന്റിവ് വിഭാഗമാണ് നോട്ടിസ് നല്‍കിയത്. കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷഫീഖിന്റെ കൂട്ടാളിയാണ് അര്‍ജുനെന്ന് കസ്റ്റംസ് സംശയിക്കുന്നു. മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും. 10 ദിവസത്തേക്കാണ് ഷഫീഖിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക. ഇതിനായി കസ്റ്റംസ് പ്രിവന്റിവ് വിഭാഗം എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയെ സമീപിക്കും. നാല് വര്‍ഷമായി സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ജുന്‍ ഇതിനോടകം തന്നെ കോടികളുടെ സ്വര്‍ണം പിടിച്ചുപറിച്ചെന്നാണ് വിവരം.

ഇയാള്‍ കരിപ്പൂരേക്ക് പോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ കണ്ടെത്താന്‍ പോലിസിന് ഇതുവരെ കഴിഞ്ഞില്ല. പോലിസ് എത്തുന്നതിനു മുന്‍പേ അര്‍ജ്ജുന്റെ കൂട്ടാളികള്‍ മാറ്റിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്‍ കണ്ടെത്താനായില്ല. തന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന് കാര്‍ കൊണ്ടുപോയത് എന്ന് കാട്ടി ആര്‍.സി ഉടമയായ സജേഷ് പോലിസില്‍ പരാതി നല്‍കി.

അതേസമയം, കരിപ്പൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ വിശദീകരിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ കൈമാറിയ ശബ്ദരേഖയിലെ വിവരങ്ങളാണ് പുറത്തുവന്നത്. പോലിസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയുടെ പങ്ക് സംഭാഷണങ്ങളില്‍ വ്യക്തമാണ്. സ്വര്‍ണം കടത്തേണ്ട രീതിയും കൈമാറേണ്ടതാര്‍ക്കെന്ന വിവരവും ശബ്ദരേഖയില്‍ വിശദീകരിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങളാണ് ശബ്ദരേഖയിലുള്ളത്. കബളിപ്പിച്ചാല്‍ ജീവിക്കാനനുവദിക്കില്ല. നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നിങ്ങനെയാണ് ഭീഷണി. മാഹിയിലേയും പാനൂരിലേയും പാര്‍ട്ടിക്കാര്‍ തനിക്ക് പിറകിലുണ്ടെന്നും അവകാശവാദമുണ്ട്. നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ല, നിന്നെ കൊണ്ട് തീറ്റിക്കില്ലെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു. രണ്ടു മണിക്കൂര്‍ വിമാനത്താവളത്തില്‍ കാത്തു നിന്നിട്ടും പറ്റിച്ചു എന്ന പരാമര്‍ശവും ശബ്ദരേഖയിലുണ്ട്.

എന്നാല്‍ ഇത് അര്‍ജുനിന്റെ ശബ്ദമാണെന്ന് പോലിസും കസ്റ്റംസും സ്ഥിരീകരിച്ചില്ല. ആരോടൊക്കെയാണ് സംസാരിച്ചതെന്നും വ്യക്തമല്ല. ഇതിനിടെ അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അര്‍ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.

ഡി.വൈ.എഫ്.ഐയുടെ മെമ്പര്‍ഷിപ്പില്‍ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും അര്‍ജുന്‍ പറഞ്ഞു. ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നതാണെന്നും അര്‍ജുന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. രാമനാട്ടുകര അപകടത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ് അര്‍ജുന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →