ന്യൂഡല്‍ഹി: കൊവിഡ് വൈറസിന്റെ വകഭേദമായ ഡെല്‍റ്റ പ്ലസിനെ ഇതുവരെ വേരിയന്റ് ഓഫ് കണ്‍സേണ്‍ (വിഒസി) ആയി തരംതിരിച്ചിട്ടില്ലെന്ന് നീതി ആയോഗ് അംഗം വി കെ പോള്‍. വൈറസിന്റെ വിവരങ്ങള്‍ ആഗോള ഡാറ്റ സിസ്റ്റത്തിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇതുവരെ വൈറസ് ആശങ്കയുണ്ടാക്കിയിട്ടില്ല. ആരോഗ്യ മന്ത്രാലയം ഈ വകഭേദത്തിന്റെ സാന്നിധ്യം വിലയിരുത്തി വരികയാണെന്നും ഡോ. വി കെ പോള്‍ വ്യക്തമാക്കി. മാര്‍ച്ചില്‍ യൂറോപ്പിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്. വകഭേദത്തിന്റെ പ്രഭാവം ശാസ്ത്രീയമായി ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ടെന്ന് പോള്‍ പറഞ്ഞു. അടുത്ത ആഴ്ചയോടെ രാജ്യത്തെ പ്രതിരോധ കുത്തിവെപ്പില്‍ ഒരു കുതിച്ചു ചാട്ടമുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് വിശദീകരണ പത്രസമ്മേളനത്തിനിടെ പോള്‍ പറഞ്ഞു.രാജ്യത്ത് അണ്‍ലോക്ക് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. വിപണികള്‍ തുറക്കുമ്പോള്‍ ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഡെല്‍റ്റ പ്ലസ്: ആശങ്കപ്പെടേണ്ടതില്ലെന്ന് നീതി ആയോഗ് അംഗം
