പശു മോഷണം ആരോപിച്ച് അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു

ഗുവാഹത്തി: പശു മോഷണം ആരോപിച്ച് അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു. അസം തിന്‍സുകിയ ജില്ലയിലാണ് സംഭവം. കൊര്‍ജോംഗ ബോര്‍പന്തര്‍ ഗ്രാമത്തിലെ ഒരു വ്യക്തിയുടെ തൊഴുത്തില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ ആള്‍ക്കുട്ടം പിടികൂടിയ യുവാവാണ് മര്‍ദ്ദനമേറ്റ് മരിച്ചത്.

ശരത് മോറന്‍ (28) ആണ് കൊല്ലപ്പെട്ടതെന്ന് തിന്‍സുകിയ പോലീസ് സുപ്രണ്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊര്‍ഡോഗിരി ഗ്രാമത്തിലുള്ള വ്യക്തിയാണ് ഇയാള്‍ എന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജൂണ്‍ 12 ന് രാത്രി ഒന്നരയോടെ കാലി തൊഴുത്തിന് സമീപത്ത് രണ്ട് പേരെ കണ്ടതായി ഉടമ അറിയിച്ചതിന് പിന്നാലെയാണ് ആള്‍ക്കൂട്ടം സംഘടിച്ചത്. പിന്നീടാണ് യുവാവിനെ പിടികൂടിയതെന്നും നാട്ടുകാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം അറിയുന്നതെന്നാണ് പൊലീസ് നിലപാട്. സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ മരണം സ്ഥിരീകരിക്കുകയുമായിരുന്നെന്നും എസ്പി ചൂണ്ടിക്കാട്ടുന്നു.

യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു. അതിനിടെ മൃതദേഹം സംസ്ക്കാര ചടങ്ങിനിടെ ഗ്രാമവാസികളില്‍ ചിലര്‍ സംഘടിതമായി ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് 12 പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കുന്നു. ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ് പി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →