ന്യൂഡല്‍ഹി: ചില്ലുമേടയിലിരുന്ന് മറ്റുള്ളവരെ കല്ലെറിയരുതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെത്മലാനിയോട് സുപ്രിംകോടതി. തനിക്കെതിരായ എല്ലാ കേസുകളും മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റണമെന്നും അന്വേഷണങ്ങള്‍ സംസ്ഥാന പൊലീസില്‍ നിന്ന് മാറ്റി സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ്ങിന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. സിങ് 30 വര്‍ഷമായി പോലീസ് സേനയിലാണ്. ഇപ്പോള്‍, നിങ്ങളുടെ അന്വേഷണങ്ങള്‍ സംസ്ഥാനത്തിന് പുറത്ത് വേണമെന്ന് പറയുന്നു. സ്വന്തം സേനയുടെ ശക്തിയെക്കുറിച്ച് സംശയമുണ്ടെന്നാണോ എന്ന് ചോദിക്കവേയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. ”നിങ്ങള്‍ 30 വര്‍ഷമായി പോലിസ് സേനയില്‍ സേവനമനുഷ്ഠിച്ചത് ഞെട്ടിപ്പിക്കുന്നതാണ്, കാരണം നിങ്ങള്‍ ഇപ്പോള്‍ പെട്ടെന്ന് ആ സംവിധാനത്തിനെതിരേയാണ് ആരോപണം ഉന്നയിക്കുന്നത്- എന്നായിരുന്നു കോടതിയുടെ വാക്കുകള്‍. അതേസമയം, മഹാരാഷ്ട്ര സര്‍ക്കാര്‍ തന്റെ കക്ഷിയ്‌ക്കെതിരേ അനാവശ്യമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും പീഡിപ്പിക്കപ്പെടുന്നുവെന്നും ജെത്മലാനി വാദിച്ചു. എന്നാല്‍, ഹരജി സുപ്രീം കോടതി തള്ളി.
“ചില്ലുമേടയിലിരുന്ന് കല്ലെറിയരുത്” സുപ്രീംകോടതി
