ടാക്‌സിയായി ഓടുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങള്‍ നികുതി വെട്ടിച്ച്‌ ടാക്‌സിയായി ഓടുന്നത്‌ തടയാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗതാഗത വകുപ്പമന്ത്രി ആന്റണി രാജു. ഫേസ്‌ബുക്ക്‌ കുറിപ്പിലാണ്‌ അദ്ദേഹം ഈ വിവരം അറിയിച്ചത്‌. ചില പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, ബാങ്കുകള്‍,എന്നിവ വ്യാപകമായി കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങെളെ ടാക്‌സിയാക്കി ഉപയോഗിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നിയമ വിരുദ്ധമായി നടത്തുന്ന ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിനോ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള സ്ഥാപനങ്ങള്‍ക്കോ ചെലവ്‌ ചുരുക്കലിന്റെ ഭാഗമായി വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്‌. അതിന്റെ മറവില്‍ സ്വകാര്യ വാഹനങ്ങള്‍ ഇത്തരം സര്‍വീസുകള്‍ നടത്തുന്നതായി കാണുന്നു.

സ്വകാര്യ വാഹനം ടാക്‌സിയായി ഓടുന്നത്‌ സെക്ഷന്‍ 66 പ്രകാരം മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണ്‌. കളളടാക്‌സികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക്‌ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കില്ല. ഇത്തരം വാഹനങ്ങളുടെ വിവരം ശേഖരിക്കാനും വാഹന പരിശോധനകള്‍ കര്‍ശനമാക്കാനും മോട്ടോര്‍വാഹന വകുപ്പിന്‌ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →