ഒട്ടാവ: കാനഡയില്‍യിലെ സ്കൂളില്‍ നിന്നും മൂന്നുവയസ്സുമാത്രം പ്രായമുള്ള കുട്ടികളുടെ അടക്കം 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
സ്ഥാപനം 1978-ല്‍ അടച്ചിരുന്നു. ഗോത്ര വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവുമെന്നാണ് സൂചന. കാനഡയിലെ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ ഗോത്രവിഭാഗങ്ങളിലെ കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും സാംസ്കാരിക വംശഹത്യയായിരുന്നു ഈ സ്കൂളുകളില്‍ നടന്നതെന്നും 2015ല്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.റോമന്‍ കത്തോലിക്കാ ഭരണസമിതിക്കുകീഴില്‍ 1890ല്‍ ആരംഭിച്ച സ്ഥാപനത്തിലേക്ക് പലപ്പോഴും കുട്ടികളെ ബലംപ്രയോഗിച്ചും പീഡിപ്പിച്ചുമാണ് എത്തിച്ചിരുന്നത്. ശാരീരിക പീഡനം, ലൈംഗിക ഉപദ്രവം, ഗോത്രസംസ്കാരത്തിന്റെ ഭാഗമായി അവര്‍ ശീലിച്ച കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ നടപടികളാണ് ഉത്തരം സ്കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സ്വീകരിച്ചത്. 150,000ഓളം ഗോത്രക്കാര്‍ പഠിച്ച ഇവിടെ 3200 കുട്ടികള്‍ പീഡനംമൂലം മരിച്ചെന്നാണ് കണക്ക്. അതേസമയം, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ നേരത്തെ എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മരണകാരണമോ ഏതുസമയമാണ് മരിച്ചതെന്നോ നിലവില്‍ അറിവില്ല.
അന്വേഷണമാരംഭിച്ചിട്ടുണ്ട്. സ്കൂള്‍ ഭരണകര്‍ത്താക്കളുടെ രേഖകളിലൊന്നും ഈ കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളില്ലെന്ന് കാംലൂപ്സിലെ ടെംലുപ്സ് ദേ സേക്വെപാംക് ഗോത്രനേതാവ് റോസന്നെ കാസിമിര്‍ പറഞ്ഞു.
1840 മുതല്‍ 1990കള്‍ വരെയായിരുന്നു ഇത്തരം സ്കൂളുകള്‍ സജീവമായിരുന്നത്.2018ല്‍ സ്കൂളുകളില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളില്‍ ഗോത്രവിഭാഗങ്ങളോട് കനേഡിയന്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിരുന്നു.

