ആലപ്പുഴ : പഞ്ചായത്ത് തലത്തിൽ കോവിഡ് പരിശോധന കൂട്ടണം: ജില്ല ആസൂത്രണ സമിതി യോഗം

ആലപ്പുഴ :  പഞ്ചായത്തു തലത്തിൽ കോവിഡ് പരിശോധന കൂട്ടാൻ നിർദ്ദേശിച്ച് ജില്ല ആസൂത്രണ സമിതി യോഗം. ജില്ല പഞ്ചായത്ത് പ്രസിഡന്റെ കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ലക്ഷണങ്ങൾ ഇല്ലാത്തവരേയും പരിശോധനക്ക് വിധേയമാക്കാം. എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത് 200 പരിശോധനകൾ നടത്തണം. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 30ന് മുകളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 500 ടെസ്റ്റുകൾ എങ്കിലും നടക്കുന്നുണ്ടെന്ന് ഉറപ്പാകണം. 

പരിശോധന‌ സുഗമമാക്കാനായി എൻ.ആർ.എച്ച്.എം ലിസ്റ്റ് ചെയ്തിട്ടുള്ളവരെ സ്റ്റാഫ്‌ നഴ്‌സായി നിയമിക്കാമെന്നും കോവിഡ് ബ്രിഗേഡിലെ സന്നദ്ധ പ്രവർത്തകരെയും സി. എച്ച്. സികളിൽ ടെസ്റ്റിംഗിന് സഹായത്തിനായി നിയമിക്കാമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് കെ.ജി. രാജേശ്വരിയും കളക്ടറും യോഗത്തിൽ നിർദ്ദേശിച്ചു.

എൻ. ആർ. എച്ച്. എം. മുഖേന 25 ഗ്രാമപഞ്ചായത്തുകളിൽ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എത്രയും വേഗം ആന്റിജൻ ടെസ്റ്റ്‌ കിറ്റുകൾ വാങ്ങി നൽകണം. ഇതിനായി പ്ലാൻ ഫണ്ട് വിനിയോഗിക്കാം. 

മഴക്കാല പൂർവ ശുചീകരണം ശക്തമാക്കി ജലജന്യ രോഗങ്ങൾ പകരുന്നത് തടയണം. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ തോടുകളും ജല സ്രോതസ്സുകളും അടിയന്തരമായി ശുചീകരിക്കണം. അപകട ഭീക്ഷണിയുയർത്തുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്നും ശിഖരങ്ങൾ നീക്കം ചെയ്യേണ്ട മരങ്ങളുടെ ശിഖരങ്ങളും നിർബന്ധമായും നീക്കം ചെയ്യണമെന്നും പഞ്ചായത്തു തലത്തിലെ കമ്മിറ്റികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ല കളക്ടർ പറഞ്ഞു. ഒരു വാർഡിൽ 4-5 പേർ അടങ്ങുന്ന 10 മുതൽ 15 സംഘങ്ങൾ ഒരേ സമയം ശുചീകരണ പ്രവർത്തികൾക്കായി ഇറങ്ങണം. ജില്ലയിലെ മഴക്കാലപൂർവ്വ ശുചീകരണം വേഗത്തിലാക്കാൻ ഓരോ വാർഡു തലത്തിലും 25000 രൂപ വീതം മറ്റു അനുമതികൾ ലഭിക്കാൻ കാത്തിരിക്കാതെ ചിലവഴിക്കാം. ഏത് പ്രൊജക്റ്റ്‌ വേണമെന്ന് പഞ്ചായത്തുകൾക്ക് തീരുമാനിക്കാമെന്നും യോഗത്തിൽ തീരുമാനമായി. കേന്ദ്ര ധനകാര്യ ഫണ്ട് ഉപയോഗിച്ച് പ്രാദേശിക സർക്കാരുകൾ ഏറ്റെടുത്തിട്ടുള്ള പദ്ധതികൾ ഇ ഗ്രാം സ്വരാജ് പോർട്ടലിന്റെ ഭാഗമാക്കുന്ന പദ്ധതിയിൽ രാജ്യത്ത് തന്നെ രണ്ടാം സ്ഥാനം ആലപ്പുഴ ജില്ല നേടിഎന്നും ജില്ലാ ഡെപ്യുട്ടി പ്ലാനിങ് ഓഫീസർ ഹുസൈൻ പറഞ്ഞു

കഴിഞ്ഞ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അനുമതി ലഭിക്കാത്ത മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌, മുഹമ്മ ഗ്രാമപഞ്ചായത്ത്‌, ചേർത്തല നഗരസഭ, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത്, നീലംപേരൂർ ഗ്രാമപഞ്ചായത്ത്‌, ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌, വീയപുരം ഗ്രാമപഞ്ചായത്ത്‌, ചെറിയനാട് ഗ്രാമപഞ്ചായത്ത്‌, ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌, ചെറുതന ഗ്രാമപഞ്ചായത്ത്‌,  കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌, കാവാലം ഗ്രാമപഞ്ചായത്ത്‌ എന്നിവരുടെ പദ്ധതികൾക്ക് ഇത്തവണ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അനുമതി നൽകി.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചെയർമാൻമാർ, പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പ്ലാനിങ് ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →