തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കരണങ്ങൾക്കെതിരായ പ്രമേയം തിങ്കളാഴ്ച കേരള നിയമ സഭയില്‍ അവതരിപ്പിക്കും. 28/05/21 വെളളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശക സമിതിയാണ് ഇതിൽ അന്തിമ തീരുമാനമെടുത്തത്.
വിവിധ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. പ്രമേയം അവതരിപ്പിക്കുന്നത് ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രമേയത്തിന് പൂര്‍ണ പിന്തുണയാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.
ഇതിനിടെ ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോകോള്‍ പരിഷ്കരണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ദ്വീപിലേക്ക് വരാവൂ എന്ന ചട്ടം എടുത്തുകളഞ്ഞതിന് എതിരെയായിരുന്നു ദ്വീപ് നിവാസികളുടെ ഹര്‍ജി. ഈ നിയന്ത്രണം എടുത്ത് കളഞ്ഞത് രോഗ വ്യാപനത്തിന് കാരണമായി എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞത്.
എന്നാല്‍ വാദത്തില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജികള്‍ ഡിവിഷന് ബെഞ്ച് തള്ളി. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് ലക്ഷദ്വീപില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പുതുക്കിയത്.

