ജൂണ്‍ 9 മുതല്‍ ട്രോളിംഗ്‌ നിരോധനം

തിരുവനന്തപുരം : 2021 ലെ ട്രോളിംഗ്‌ നിരോധനം ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ. 52 ദിവസമാണ്‌ ട്രോളിംഗ്‌ നിരോധനം. ഫിഷറീസ്‌ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരമാനമെടുത്തത്‌. മത്സ്യ മേഖലയിലെ വിവിധ ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ്‌ മേധാവികള്‍, കോസ്‌റ്റല്‍ പോലീസ്‌ മേധാവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് , ഇന്ത്യന്‍ കോസ്‌റ്റ് ഗാര്‍ഡ്‌, ഇന്ത്യന്‍ നേവി, ഫിഷറീസ്‌, സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്ഥര്‍, എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു.

ട്രോളിംഗ്‌ നിരോധന കാലയളവില്‍ സൗജന്യ റേഷന്‍, നിലവിലെ ഭക്ഷ്യ കിറ്റ്‌ വിതരണം എന്നിവ ഊര്‍ജിതമാക്കുമെന്ന്‌ മന്ത്രി ഉറപ്പുനല്‍കി. സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുളള തുക വിതരണം വേഗത്തിലാക്കാനും തീരുമാനിച്ചു. ലോക്ക്‌ ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രോട്ടോകോള്‍ പാലിച്ചുതന്നെ മത്സ്യ തൊഴിലാളികളുടെ മത്യബന്ധനം, വിപണനം എന്നിവ തടസപ്പെടാതിരിക്കാന്‍ പോലീസ്‌ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലം ജില്ലയില്‍ ട്രോളിംഗ്‌ നിരോധന കാലഘട്ടത്തില്‍ നീണ്ടകര ഹാര്‍ബര്‍ ഇന്‍ബോര്‍ഡ്‌ വളളങ്ങള്‍ ഒഴികെയുളള പരമ്പരാഗത മത്സ്യ ബന്ധന യാനങ്ങള്‍ക്ക്‌ തുറന്നുകൊടുത്തിരുന്നു. ഈവര്‍ഷവും അത്‌ തുടരാന്‍ നടപടി സ്വീകരിക്കും. ഹാര്‍ബറുകളിലും ലാൻഡിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടുമെങ്കിലും ഇന്‍ബോര്‍ഡ്‌ വളളങ്ങള്‍ക്ക്‌ ഡീസല്‍ ലഭിക്കാനായി മത്സ്യഫെഡിന്റെ അതത്‌ ജില്ലകളിലെ തെരഞ്ഞെടുത്ത ഡീസല്‍ പമ്പുകള്‍ മുഖേന സൗകര്യമുണ്ടാക്കും. കോവിഡ്‌ പാശ്ചാത്തലത്തില്‍ എല്ലാ മേഖലകളിലും ഏര്‍പ്പെടുത്തിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ട്രോളിംഗ്‌ നിരോധന കാലയളവിലും ബാധകമായിരിക്കും.

ട്രോളിംഗ്‌ നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ്‌ വളളങ്ങളോടൊപ്പം ഒരു കരിയര്‍ വളളം മാത്രമേ അനുവദിക്കുകയുളളു. നിരോധന കാലയളവില്‍ കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ വേണ്ടി വരുമ്പോള്‍ ഫിഷറീസ്‌ വകുപ്പ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ,കോസ്‌റ്റല്‍ പോലീസ്‌ എന്നിവ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. അടിയന്തിര സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസറ്റ്‌ഗാര്‍ഡ്‌ എന്നിവര്‍ സജ്ജമായിരിക്കണണെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →