പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെ ഭാവിയെക്കരുതി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ ന്യായികരിച്ച് ദ്വീപ് കലക്ടര്‍

കൊച്ചി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന പരിഷ്‌കാരങ്ങളെ പിന്തുണച്ച് ദ്വീപ് കലക്ടര്‍. ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന് കളക്ടർ എസ് അസ്കർ അലിയുടെ വിശദീകരണം. 27/05/21 വ്യാഴാഴ്ച കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചായിരുന്നു നടപടികളെ ന്യായീകരിച്ചും പ്രതിഷേധക്കാരെ തള്ളിയും കളക്ടർ വിശദീകരണം നൽകിയത്.


അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെ ഭാവിയെക്കരുതിയാണെന്നും ഭരണകൂടത്തിനെതിരേ വ്യാജപ്രചാരണമാണു നടക്കുന്നതെന്നും അസ്‌കര്‍ അലി പത്രസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളുടെ താല്‍പര്യവും ദ്വീപിന്റെ നന്മയും ലക്ഷ്യംവച്ചാണു ലക്ഷദ്വീപ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ നടക്കുന്നതു തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണ്. നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യുന്നവരും നിക്ഷിപ്ത താല്‍പര്യക്കാരുമാണു പുതിയ നടപടികളെ എതിര്‍ക്കുന്നത്. ഇപ്പോള്‍ നടക്കുന്ന കാമ്പയിനുകളെല്ലാം തെറ്റായ കാര്യങ്ങളാണു പ്രചരിപ്പിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.

ഗുണ്ടാ നിയമം: മയക്കു മരുന്ന് ഉപയോഗവും പോക്സോ കേസുകളും വര്‍ധിച്ചതിനാല്‍

ലക്ഷദ്വീപില്‍ മയക്കു മരുന്ന് ഉപയോഗവും കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. അതു തടയാനാണു ഗുണ്ടാ നിയമം കൊണ്ടു വന്നത്. മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ടു നിരവധി കേസുകള്‍ ഉണ്ട്. പോക്സോ കേസുകള്‍ വര്‍ധിക്കുന്നു. ദ്വീപ് നിവാസികള്‍ മയക്കുമരുന്നു കടത്തില്‍ ഏര്‍പ്പെടുന്നുണ്ട്. നിയമപാലനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ശന നിയമം നടപ്പിലാക്കുന്നത്. ഇപ്പോള്‍ കുറച്ചുകേസുകള്‍ മാത്രമേ ഉള്ളൂ. കേസുകളുടെ എണ്ണമല്ല കാര്യം. യുവാക്കള്‍ക്കിടയില്‍ അരക്ഷിതത്വം വളര്‍ന്നുവരുന്നുണ്ട്. നിരവധി യുവാക്കള്‍ സാമൂഹ്യവിരുദ്ധ പ്രവൃത്തികളില്‍ പങ്കാളികളാകുന്നുണ്ട്. ഇതു വ്യാപകമാകാതിരിക്കാനാണു നിയമം കൊണ്ടുവരുന്നത്. ഭാവിയെ കരുതിയാണു പുതിയ നിയമം.

ഏതാനും ദിവസം മുന്‍പ് 3000 കോടി രൂപയുടെ 300 കെയ്സ് ഹെറോയിന്‍, എ.കെ. 47 തോക്കുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. കൂടാതെ മരിജുവാന, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളും പോക്സോ കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിക്ഷിപ്ത താല്‍പര്യം ഉള്ളവരെയാണു പുതിയ പരിഷ്‌കാരം പ്രകോപിപ്പിക്കുന്നത്. അഡ്മിനിസ്ട്രേഷന് എതിരായി പ്രതിഷേധം നടത്തുന്നത് അത്തരക്കാരാണ്.

5000 കോടിയുടെ പാക്കേജ് നടപ്പാക്കും

ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനും 5000 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നും കലക്ടര്‍ പറഞ്ഞു. മംഗലാപുരം തുറമുഖവുമായുള്ള ബന്ധം ദ്വീപിന് ഏറെ ഗുണകരമാകും. കവരത്തിയില്‍ പുതിയ ആധുനിക സ്‌കൂള്‍ സ്ഥാപിക്കും. ടൂറിസ്റ്റുകളെ കൂടുതലായി ആകര്‍ഷിക്കാനുള്ള നടപടികളാണു സ്വീകരിക്കുന്നത്. ദ്വീപിലെ ടൂറിസം വികസിപ്പിക്കുകയും വിനോദസഞ്ചാരികള്‍ക്കു സൗകര്യമൊരുക്കുകയുമാണു പുതിയ നടപടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ടൂറിസം മെച്ചപ്പെടുത്താന്‍ മാത്രമാണു മദ്യം വില്‍ക്കാനുള്ള തീരുമാനം.

ഉച്ച ഭക്ഷണത്തിൽ ബീഫ് ഒഴിവാക്കിയതു ലഭ്യതക്കുറവു മൂലം

സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതു നിരവധി ആലോചനക്കു ശേഷമാണ്. കുട്ടികളുടെ ഭക്ഷണത്തില്‍ മുട്ടയും മത്സ്യവും അടക്കമുള്ളവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണിതിനു പിന്നില്‍. എന്നാല്‍, മാംസം ദ്വീപിനു പുറത്തുനിന്നു കൊണ്ടുവരേണ്ടതുണ്ട്. മത്സ്യം കൂടുതല്‍ ഉപയോഗിച്ചു പ്രാദേശിക മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണിത്. കോവിഡ് സാഹചര്യത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണു തീരുമാനമെടുത്തത്. ബീഫ് ഒഴിവാക്കിയതു ലഭ്യതക്കുറവു മൂലമാണെന്നും കലക്ടര്‍ പറഞ്ഞു.

ജീവനക്കാരുടെ പിരിച്ച് വിടല്‍ എല്ലാ വര്‍ഷവും സംഭവിക്കുന്നത്

ജീവനക്കാരുടെ നിയമനം സുതാര്യമാക്കാനാണു നിയമന കാര്യത്തില്‍ പുതിയ നയം സ്വീകരിക്കുന്നത്. ടൂറിസം വകുപ്പില്‍ 193 ജീവനക്കാരാണു ഡിസംബറില്‍ ഉണ്ടായിരുന്നത്. ഇവര്‍ അഡീ. ജീവനക്കാര്‍ മാത്രമായിരുന്നു. താല്‍ക്കാലിക ജീവനക്കാര്‍ പോലും ആയിരുന്നില്ല. വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലായപ്പോള്‍ അവരെ പിരിച്ചുവിടുകയായിരുന്നു. ഇതെല്ലാ വര്‍ഷവും സംഭവിക്കുന്നതാണ്.

കോവിഡിനെതിരേ കര്‍ശന നടപടികള്‍

കോവിഡ് പ്രതിരോധിക്കാന്‍ കര്‍ശന നടപടികളാണു ദ്വീപില്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വിമാനം, വാഹന ഗതാഗതം അടക്കമുള്ളവ നിര്‍ത്തലാക്കി. പിന്നീടു ദ്വീപിലെ ജീവിതാവശ്യങ്ങള്‍ക്കാണു ഇളവു വരുത്തിയത്. ആറു ദ്വീപുകളിലായുള്ള 18 വയസിനു മുകളിലുള്ള മിക്കവര്‍ക്കും വാക്സിന്‍ നല്‍കി.

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കു തുടര്‍ന്നും മത്സരിക്കാം

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല എന്ന ചട്ടം ഇപ്പോള്‍ നടപ്പാക്കില്ല. ഈ നിയമം നിലവില്‍ വന്നു കഴിഞ്ഞു രണ്ടിലധികം കുട്ടികളുടെ മാതാപിതാക്കളാകുന്നവര്‍ക്കേ ഇതു ബാധകമാകൂ. നിലവില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കു തുടര്‍ന്നും മത്സരിക്കാം. കൂടിയാലോചനക്കു ശേഷമേ ഇതു നടപ്പിലാക്കൂ. ലക്ഷദ്വീപിന് പുറത്താണ് ഇപ്പോള്‍ വ്യാപക വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.

മാതൃകാ മത്സ്യഗ്രാമവും ഇന്റര്‍നെറ്റ് പദ്ധതിയും വരും

അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണു മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകള്‍ പൊളിച്ചുകളഞ്ഞെതെന്നും കലക്ടര്‍ പറഞ്ഞു. സ്ത്രീകള്‍ക്കു വേണ്ടി ഭരണകൂടം സ്വാശ്രയ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ മാതൃകാ മത്സ്യഗ്രാമം സൃഷ്ടിക്കും. മികച്ച നിലവാരത്തിലുള്ള ഇന്റര്‍നെറ്റ് പദ്ധതി പൂര്‍ത്തിയാക്കും. കടല്‍ഭിത്തി നിര്‍മ്മാണക്കരാര്‍ ഒരുമാസത്തിനകമെന്നും കലക്ടര്‍ പറഞ്ഞു. ആരോഗ്യമേഖലയെ സ്വയംപര്യാപ്തമാക്കാന്‍ കൂടുതല്‍ ആശുപത്രികള്‍ സ്ഥാപിക്കും. കവരത്തിയിലും മിനിക്കോയിയിലും പുതിയ ആശുപത്രികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും. അഗത്തി വിമാനത്താവളം നവീകരിക്കും. മികച്ച ആരോഗ്യ സംവിധാനങ്ങള്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം ശക്തമാക്കി സംഘടനകള്‍

എറണാകുളത്ത് കലക്ടര്‍ക്കെതിരെ പ്രസ് ക്ലബ്ബിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, എ.ഐ.വൈ.എഫ്,ഡിവൈഎഫ് ഐ പ്രവര്‍ത്തകരും ലക്ഷദ്വീപ് നിവാസികളായ എന്‍വൈസി പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ഗോബാക്ക് വിളിയുമായി എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →