ന്യൂഡല്‍ഹി: ഏഴു സംസ്ഥാനങ്ങളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25നു മുകളിലാണെന്നും എത്ര ബോധവത്കരണം നടത്തിയിട്ടും രാജ്യത്ത് 50 ശതമാനം പേര്‍ മാസ്‌ക് ധരിക്കുന്നില്ലെന്നും ആരോഗ്യമന്ത്രാലയത്തിന്റെ പഠനറിപ്പോര്‍ട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനത്തിനു മുകളിലുള്ള കര്‍ണാടക, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളുടെ കാര്യത്തിലാണ് ആശങ്കയെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. 22 സംസ്ഥാനങ്ങളില്‍ പോസിറ്റിവിറ്റി 15 ശതമാനത്തില്‍ താഴെയാണ്. 64 ശതമാനം പേര്‍ മൂക്ക് മാസ്‌കുകൊണ്ട് മറയ്ക്കുന്നില്ലെന്നും കണ്ടെത്തലിലുണ്ട്.നിലവില്‍ എട്ടു സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികവും ഒമ്പതു സംസ്ഥാനങ്ങളില്‍ അര ലക്ഷത്തിനും ഒരു ലക്ഷത്തിനുമിടയിലും കോവിഡ് രോഗികളുണ്ട്. 19 ഇടങ്ങളില്‍ രോഗികളുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെയാണ്. ഏപ്രില്‍ 29-മേയ് അഞ്ച് ആഴ്ചയില്‍ 210 ജില്ലകളിലാണു രോഗബാധിതരുടെ എണ്ണം കുറയുന്ന പ്രവണത കണ്ടത്. മേയ് 13-19 ആഴ്ചയില്‍ 303 ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം താഴേക്കു വരുന്നുണ്ട്.മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണം. ഈ മാസം അവസാനത്തോടെ പ്രതിദിനം 25 ലക്ഷം പരിശോധനകളും ജൂണ്‍ അവസാനത്തോടെ 45 ലക്ഷം പരിശോധനകളും നടത്താനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഐ.സി.എം.ആര്‍. അധ്യക്ഷന്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
ഏഴു സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25നു മുകളില്‍: പകുതിപ്പേരും മാസ്‌ക് ധരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്
