തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറില്‍ തീപിടുത്തമുണ്ടായ ഹോട്ടല്‍ നഗരസഭ പൂട്ടി. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചതടക്കമുളള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. 2021 ഏപ്രില്‍ 27നാണ് കവടിയാറിലെ സ്‌പെയ്‌സ് ഹോട്ടലില്‍ തീപിടുത്തമുണ്ടായത്. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് ഉടനെത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
ടെറസ് അടച്ചുകെട്ടി അടുക്കളയായി പ്രവര്‍ത്തിച്ചുവന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചതിന് പുറമേ മൂന്നാം നിലയില്‍ വൃത്തിയില്ലാത്ത സാഹചര്യത്തില്‍ അടുക്കള പ്രവര്‍ത്തിക്കുന്നതായും ഹോട്ടലിനെതിരെ നേരത്തേയും പരാതികളുണ്ടായിരുന്നു. നഗരസഭ പരിശോധിച്ചില്ലെന്നും ലൈസന്‍സ് നീട്ടിനല്‍കുകയായിരുന്നെന്നും ആക്ഷേപമുണ്ട്.
നഗരത്തിലെ കടകളില്‍ അടിക്കടിയുണ്ടാകുന്ന തീപിടുത്തത്തില്‍ ഫയര്‍ഓഡിറ്റിംഗ് നടത്തി സുരക്ഷിതമല്ലാത്ത കടകളുടെ പട്ടിക അധികൃതര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ നടപടികളില്‍ന്നിന്ന് നഗരസഭ പിന്നോട്ടുപോവുകയായിരുന്നു.

