വൈഗ കൊലക്കേസില്‍ സനുമോഹന്റെ കൂടുതല്‍ പങ്ക് വ്യക്തമാകുന്നു

കൊച്ചി: വൈഗ കൊലക്കേസില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന പിതാവ് സനുമോഹന്റെ മൊഴി ശരിയല്ലെന്ന് തെളിവെടുപ്പില്‍ വ്യക്തമായി. കടബാധ്യതകളില്‍ നിന്ന രക്ഷപെട്ട് കേരളത്തിന് പുറത്ത് മറ്റൊരാളായി ആഡംബര ജീവിതം നയിക്കാനായിരുന്നു സനുമോഹന്റെ ശ്രമമെന്നാണ് നിഗമനം. മകളുടെ അന്ത്യ കര്‍മ്മങ്ങള്‍ നടക്കുന്ന സമയത്ത് കുറ്റബോധങ്ങളൊന്നുമില്ലാതെ കോയമ്പത്തൂരിലെ മള്‍ട്ടിപ്ലക്‌സ് തീയേറ്ററില്‍ ത്രില്ലര്‍ സിനിമ കണ്ട് ആസ്വദിച്ചും, ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായി വിലസുകയായിരുന്നു സനുമോഹന്‍. 9 ലക്ഷം രൂപയുമായാണ് ഇയാള്‍ കേരളം വിട്ടത്. ജീവിതത്തിന്റെ സര്‍വ ലഹരികളും നുണയുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

കോയമ്പത്തൂരിലേയും സേലത്തെയും തെളിവെടുപ്പിലാണ് ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മനസിലാക്കാന്‍ കഴിഞ്ഞത്. വൈകയെ കൊന്നതിനു ശേഷം ദേഹത്തുണ്ടായിരുന്ന സ്വര്‍ണവും ഊരിയെടുത്തിരുന്നു. സനുമോഹന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടില്ലയെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. ആ സ്വര്‍ണം കോയമ്പത്തൂരിലാണ് പണയം വച്ചിരുന്നത്. കടം കയറി വലഞ്ഞപ്പോള്‍ പരിഹാരം തേടി മന്ത്രവാദികളെ മോഹന്‍ കണ്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതി കോയമ്പത്തൂരില്‍ വിറ്റകാര്‍ കൊച്ചിയിലെത്തിച്ചു. കാറിന്റെ ഫോറന്‍സിക്ക് പരിശോധന റിപ്പോര്‍ട്ട കേസില്‍ നിര്‍ണായകമാണ്.

കോയമ്പത്തൂരിലേയും സേലത്തേയും തെളിവെടുപ്പ് പൂര്‍ത്തിയായശേഷം സനുമോഹന്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുംബൈയിലേക്കും ഗോവയിലേക്കും കൊണ്ടുപോകും . അവസാനമായിരിക്കും മൂകാംബികയിലേക്ക കൊണ്ടുപോവുക. അടുത്തകാലത്ത് കേരള പോലീസ് പ്രതിയേയും കൊണ്ട് നടത്തുന്ന ഏറ്റവും വലിയ തെളിവെടുപ്പാണ് വൈഗ കേസിലേത്. ഈ മാസം 29നാണ് സനുമോഹന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. കസ്റ്റഡി കാലാവധിപൂര്‍ത്തിയാക്കി കൊച്ചിയിലെത്തിക്കുന്ന ദിവസം ചില ബന്ധുക്കളോടും തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ഒപ്പം നിര്‍ത്തി സനുമോഹനെ വീണ്ടും ചോദ്യം ചെയ്യാനാണ് സംഘത്തിന്റെ നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →