വായ്ക്കുളളിലെ രോമ വളര്‍ച്ച : ആഹാരം കഴിക്കാന്‍ പോലും കഴിയാതെ ഒരു മനുഷ്യ ജീവിതം

തിരുവനന്തപുരം: മുഴനീക്കാന്‍ ശസ്ത്രക്രിയ നടത്തിയ രോഗിയുടെ വായ്ക്കുളളില്‍ രോമം വളര്‍ന്ന സംഭവത്തില്‍ ചികിത്സാ പിഴവ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വായ്ക്കുളളിലെ രോമ വളര്‍ച്ച കാരണം ആഹാരം കഴിക്കാനോ ഉമിനീരിറക്കാനോ പോലും കഴിയാത്ത അവസ്ഥയിലായ കുന്നത്തുകാല്‍ സ്വദേശി സ്റ്റീഫന്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമ്മിനിക്കിന്റെ ഉത്തരവ് .മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്.

തനിക്ക് ശസ്ത്രക്രിയ ചെയത റീജ്യണല്‍ ക്യാന്‍സര്‍ കെയര്‍ സെന്ററിലെ ഡോക്ടര്‍ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ചാണ് സ്റ്റീഫന്‍ പരാതി നല്‍കിയത്. അര്‍ബുദ ചികിത്സയുടെ ഭാഗമായി വായ്ക്കുളളില്‍ ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് കീഴ്ത്താടിയിലെ ചര്‍മ്മം വച്ചുപിടിപ്പിച്ചതുകാരണമാണ് രോമ വളര്‍ച്ച ഉണ്ടാവുന്നത്. വായ്ക്കുളളില്‍ പ്രത്യേകം ചര്‍മ്മം വച്ചുപിടിപ്പിച്ചപ്പോള്‍ സംഭവിച്ച രോമ വളര്‍ച്ച സ്വാഭാവികമാണോ എന്ന് ബോര്‍ഡ് പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അങ്ങനെയെങ്കില്‍ അതിനുളള പരിഹാര മാര്‍ഗങ്ങള്‍ എന്താണെന്നും ബോര്‍ഡ് വിശദീകരിക്കണം. ആവശ്യമെങ്കില്‍ രോഗിയെ ബോര്‍ഡ് നേരിട്ട് പരിശോധിക്കണം .മെഡിക്കല്‍ ബോര്‍ഡില്‍ ഒരു പ്ലാസ്റ്റിക്ക് സര്‍ജറി വിഡഗ്ദ്ധനെ ഉള്‍പ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.എട്ടാഴ്ചക്കുളളില്‍ റിപ്പോര്‍ട്ട സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂലിപ്പണിക്കാരനായ സ്റ്റീഫന് 2019 ജൂലൈയിലാണ് ശസ്ത്രക്രിയ നടത്തിയത്. സര്‍ക്കാരിന്‍റെ കാരുണ്യ പദ്ധതിപ്രകാരമായിരുന്നു ചികിത്സ. വായില്‍ വച്ചുപിടിപ്പിക്കാന്‍ തുടയില്‍ നിന്നായിരുന്നു മാംസം എടുക്കാമെന്ന് പറഞ്ഞിരുന്നതെങ്കിലും കീഴ്ത്താടിയില്‍ നിന്നാണ് മാംസം എടുത്തതെന്ന് പരാതിയില്‍ പറയുന്നു.ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോല്‍ വായ്ക്കുളളിലെ മുടി ബാര്‍ബറെ വിളിച്ച് വെട്ടിക്കാന്‍ പറഞ്ഞ് പരിഹസിച്ച പറഞ്ഞയച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ഡോക്ടറെ അനുകൂലിക്കുന്ന റിപ്പോര്‍ട്ട് ആര്‍സിസി മര്‍പ്പിച്ച സാഹചര്യത്തിലാണ് മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →