പ്രണയത്തെ എതിര്‍ത്ത സഹോദരിയെ 17 വയസ്സുകാരിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി.

ചെന്നൈ: തമിഴ്നാട് നാമക്കല്‍ ദേവേന്ദ്രപുരം സ്വദേശി ശങ്കറിന്റെ മകള്‍ മോനിഷ(18)യാണ് കൊല്ലപ്പെട്ടു. ഏപ്രില്‍ 4-നാണ് സംഭവം. മോനിഷയെ വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇടതുകൈയില്‍ മുറിവേറ്റ് രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവം കൊലപാതകമാണെന്ന് പോലീസിന് മനസിലായി. ശ്വാസംമുട്ടിയാണ് മോനിഷ കൊല്ലപ്പെട്ടതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍.
കുടുംബാംഗങ്ങളെ പോലീസ് വിശദമായി ചോദ്യംചെയ്തു. ചോദ്യം ചെയ്യുന്നതിനിടയില്‍ 17 വയസ്സുകാരിയുടെ പരസ്പരവിരുദ്ധമായ മറുപടി പോലീസിന് ഈ സംശയത്തിലെത്തിച്ചു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചായി അന്വേഷണം. ഇതിനിടെയാണ് സഹോദരിയെ കൊലപ്പെടുത്തിയത് താനും കാമുകനും ചേര്‍ന്നാണെന്ന് 17 വയസ്സുകാരി പോലീസിനോട് സമ്മതിച്ചത്.

അടുത്ത ബന്ധുവായ രാഹുലും 17 വയസ്സുകാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. മോനിഷ ഈ ബന്ധത്തെ എതിര്‍ത്തു. മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. പ്രണയത്തെ എതിര്‍ത്തതും മാതാപിതാക്കളോട് പറഞ്ഞതും മോനിഷയോടുള്ള പകക്ക് കാരണമായി. വീട്ടില്‍ നിന്നും മാതാപിതാക്കള്‍ പുറത്തുപോയ സമയം നോക്കി 17 കാരി കാമുകനായ രാഹുലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മോനിഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ഇടതുകൈയില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു.

കൊല്ലപ്പെട്ട മോനിഷ നാമക്കലിലെ എന്‍ജിനീയറിങ് കോളേജില്‍ രണ്ടാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിയാണ്. സംഭവത്തില്‍ ശങ്കറിന്റെ ഇളയ മകളായ 17 വയസ്സുകാരിയെയും കാമുകനായ രാഹുലിനെ(19)യും പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →