രോഗികളുടെ ചികിത്സ: കേരള കർണാടക പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി ഏപ്രിൽ 7: രോഗികളെ ചികിത്സയ്ക്കായി അതിർത്തി കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് കേരളവും കർണാടകവും തമ്മിലുള്ള പ്രശ്നം പരിഹരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാറിനുവേണ്ടി ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

പ്രശ്നം ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും രോഗികളെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ മാർഗരേഖ തയ്യാറാക്കിയെന്നും തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഹരിച്ചത്. ചർച്ചകളിലൂടെ ഈ പ്രശ്നം പരിഹരിച്ചെന്നാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്.

വീഡിയോ കോൺഫറൻസ് വഴിയാണ് തുഷാർമേത്ത സുപ്രീം കോടതിയിൽ ഹാജരായത്. രോഗികളെ കൊണ്ടുപോകാൻ ഒരു മാർഗ രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മേത്ത സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ ഈ മാർഗ രേഖ എന്താണെന്ന് വിശദമാക്കിയില്ല. കേരള കർണാടക സർക്കാരുകളുടെ അഭിഭാഷകർ ഈ വാദത്തെ എതിർത്തുമില്ല. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീർപ്പാക്കിയതായി സുപ്രീം കോടതി അറിയിച്ചു.

കൊറോണ ബാധിതരല്ലാത്ത രോഗികൾ അവർ നേരത്തെ തന്നെ മംഗലാപുരത്ത് ചികിത്സ നടത്തിയിരുന്നവരാണെങ്കിൽ അതിർത്തി കടത്തിവിടാം എന്നാണ് ധാരണയെന്ന് തുഷാർ മേത്ത അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →