പാലാ: പുലർച്ചെ പരീക്ഷയ്ക്ക് പോകുകയായിരുന്ന യുവതിയെ ഒട്ടോറിക്ഷാഡ്രൈവർ ആക്രമിച്ചു. പാലാ വെള്ളിയേപ്പിള്ളി വലിയമനയ്ക്കൽ ടിന്റു മരിയ ജോണി(26) ന് നേരെയാണ് വധശ്രമമുണ്ടായത്. വിദ്യാർഥിനി സ്ഥിരമായി യാത്ര ചെയ്തിരുന്ന ഒട്ടോറിക്ഷയുടെ ഡ്രൈവർ ആണ് ആക്രമിച്ചത്. 07/04/21, ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെ വീട്ടിൽ നിന്ന് 150 മീറ്റർ അകലെവച്ചായിരുന്നു സംഭവം നടന്നത്.
പരീക്ഷ എഴുതുന്നതിനായി എറണാകുളത്തേക്ക് പോകുന്നതിനിടെ തന്നെ ആരോ അടിച്ചു എന്നാണ് യുവതിയുടെ മൊഴി. ആക്രമി മൂർച്ചയുള്ള ആയുധം കൊണ്ട് തലക്ക് വെട്ടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവം സംശയാസ്പദമാണെന്ന് പോലീസ് പറയുന്നു. പുലർച്ചെ പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് യുവതിയെ ചോര വാർന്ന നിലയിൽ വഴിയരികിൽ കണ്ടത്.
യുവതിയും അമ്മയും രണ്ട് സഹോദരിമാരും വെള്ളിയേപ്പിള്ളിയിൽ വാടകക്ക് താമസം തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന കടപ്പാട്ടൂർ സ്വദേശി സന്തോഷിന്റെ ഓട്ടോറിക്ഷയിലായിരുന്നു സ്ഥിരം യാത്ര ചെയ്തിരുന്നത്.
സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അക്രമണത്തിന് ഇരയായ യുവതി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

