വാഷിങ്ടൺ, 2026 നവംബർ 25 –
11 രാജ്യങ്ങളിലെ 160 ഓളം സ്കൂളുകളിൽ പാഠ്യപദ്ധതി പരിശോധിക്കും
സൈനിക കുടുംബങ്ങൾക്കായി നടത്തുന്ന സ്കൂളുകളിലെ പാഠ്യപദ്ധതിയും നയങ്ങളും യാഥാസ്ഥിതിക വിദ്യാഭ്യാസ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് മാറ്റാനുള്ള നടപടികളുമായി അമേരിക്കൻ പ്രതിരോധ വകുപ്പ് മുന്നോട്ടുപോകുന്നു. എല്ലാ സ്കൂളുകളിലെയും പാഠ്യപദ്ധതിയും നയങ്ങളും പരിശോധിക്കുന്നതിനൊപ്പം അമേരിക്കയിലെ രണ്ട് സ്കൂളുകളിൽ ‘ക്ലാസിക്കൽ’ രീതിയിലുള്ള കായികപഠനം പരീക്ഷിക്കും. പ്രതിരോധ വകുപ്പിന്റെ വിദ്യാഭ്യാസ വിഭാഗം 11 രാജ്യങ്ങളിലായി 160 ഓളം സ്കൂളുകൾ നടത്തുന്നു. സജീവ സേവനത്തിലുള്ള സൈനികരുടെയും സിവിലിയൻ ജീവനക്കാരുടെയും മക്കളായ ഏകദേശം 70,000 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിപുലമായ വിദ്യാഭ്യാസ നയങ്ങൾക്ക് ഈ സ്കൂളുകളെ മാതൃകയാക്കാനാണ് പെന്റഗൺ ശ്രമിക്കുന്നത്. വംശം, ലിംഗഭേദം എന്നിവയെക്കുറിച്ചുള്ള പഠനത്തിന് നിയന്ത്രണം കൊണ്ടുവരാനും ദേശസ്നേഹ മൂല്യങ്ങൾക്കും ക്ലാസിക്കൽ പഠനരീതിക്കും ഊന്നൽ നൽകാനുമാണ് നീക്കം. യാഥാസ്ഥിതിക വിദ്യാഭ്യാസ രംഗവുമായി ബന്ധമുള്ള കമ്പനികൾക്ക് മത്സര ലേലം വിളിക്കാതെയാണ് വകുപ്പ് കരാറുകൾ നൽകിത്തുടങ്ങിയത്.
പാഠ്യപദ്ധതി പരിശോധിക്കാൻ 57 ലക്ഷം ഡോളറിന്റെ കരാർ
വംശം, ലിംഗഭേദം എന്നിവ സ്കൂളുകളിൽ എങ്ങനെ പഠിപ്പിക്കാമെന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒക്ടോബറിൽ പാഠ്യപദ്ധതി പരിശോധനയ്ക്ക് കരാർ അംഗീകരിച്ചതെന്ന് വകുപ്പ് അറിയിച്ചു. മറ്റു കമ്പനികളിൽനിന്ന് ബിഡ് ക്ഷണിക്കാതെ 57 ലക്ഷം ഡോളറിന്റെ കരാർ അമേരിക്കൻ എജുക്കേഷൻ സൊല്യൂഷൻസിന് നൽകി. പെൻസിൽവേനിയയിലും ടെക്സസിലും യാഥാസ്ഥിതിക നേതൃത്വം നൽകിയിരുന്ന സ്കൂൾ ബോർഡുകളെ പാഠ്യപദ്ധതി പരിഷ്കരിക്കാൻ സഹായിച്ച ജോർഡൻ ആഡംസാണ് കമ്പനിയുടെ സ്ഥാപകൻ.
പഠനപരിപാടികൾ പതിവായി വിലയിരുത്തി മെച്ചപ്പെടുത്താറുണ്ടെന്ന് പ്രതിരോധ വകുപ്പിന്റെ വിദ്യാഭ്യാസ വിഭാഗം വക്താവ് പറഞ്ഞു. പാഠ്യപദ്ധതി, അധ്യാപനരീതി, അധ്യാപകരുടെ തൊഴിൽപരമായ പരിശീലനം എന്നിവ നിലവാരം പുലർത്തുന്നുണ്ടോ എന്നും വിദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യങ്ങൾക്ക് ചേരുന്നുണ്ടോ എന്നും പരിശോധിക്കും. എന്നാൽ, മുഴുവൻ സ്കൂൾ സംവിധാനവും ഒരു കൺസൾട്ടന്റിനെക്കൊണ്ട് പരിശോധിപ്പിക്കുന്നത് ഇതാദ്യമാണെന്ന് നടപടിയെ ഭയന്ന് പേര് വെളിപ്പെടുത്താതിരുന്ന രണ്ട് ജീവനക്കാർ പറഞ്ഞു. വിവിധ വിഷയങ്ങളുടെ പഠനനിലവാരം വിലയിരുത്താനും മാനദണ്ഡങ്ങൾ രൂപപ്പെടുത്താനും ദേശീയ അംഗീകാര ഏജൻസിയുമായാണ് സ്കൂളുകൾ സാധാരണയായി പ്രവർത്തിക്കുന്നതെന്നും അവർ പറഞ്ഞു.
കുട്ടികളുടെ പഠനത്തിനും വ്യക്തിത്വ വളർച്ചയ്ക്കും ദോഷം വരരുതെന്ന് കമ്പനി
പാഠ്യപദ്ധതി തിരഞ്ഞെടുക്കാനും വിലയിരുത്താനും വികസിപ്പിക്കാനും സേവനം നൽകുന്നതായി അമേരിക്കൻ എജുക്കേഷൻ സൊല്യൂഷൻസ് വെബ്സൈറ്റിൽ പറയുന്നു. അമേരിക്കൻ സ്കൂളുകളിലെ പാഠ്യപദ്ധതികളിൽ പഠിക്കാനുള്ള ഉള്ളടക്കം കുറവാണെന്നും പഠനം എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ചുള്ള ശാസ്ത്രീയ കണ്ടെത്തലുകളുടെ പിന്തുണയില്ലാത്ത അധ്യാപനരീതികൾ ഉപയോഗിക്കുന്നുവെന്നും കമ്പനി വിമർശിച്ചു. പൊതുവിദ്യാഭ്യാസത്തിലൂടെ ദേശസ്നേഹവും പൗരബോധവും വളർത്തേണ്ട ചുമതല അവഗണിക്കുന്നുവെന്നും കമ്പനി ആരോപിച്ചു.
കുട്ടികളുടെ ചിന്താശേഷിയും വ്യക്തിത്വവും വളർത്തുന്നത് സ്കൂളുകളുടെ ഗൗരവമുള്ള ഉത്തരവാദിത്തമാണെന്ന് കമ്പനി പറയുന്നു. വൈദ്യശാസ്ത്രത്തിലെന്നപോലെ, ആദ്യം ദോഷം വരുത്താതിരിക്കുകയാണ് വേണ്ടതെന്നാണ് കമ്പനിയുടെ നിലപാട്. അധ്യാപനത്തിലും കുട്ടികളുടെ ആദ്യ അധ്യാപകരെന്ന നിലയിൽ രക്ഷിതാക്കൾക്കുള്ള സ്ഥാനത്തിലും ഈ തത്ത്വം പാലിക്കുന്നുണ്ടോ എന്ന് കമ്പനി പരിശോധിക്കും. ഫലപ്രദമായ രീതികൾ നിലനിർത്തിക്കൊണ്ട് മെച്ചപ്പെടുത്താവുന്ന കാര്യങ്ങൾ കണ്ടെത്താൻ ഈ സമീപനം സഹായിക്കുമെന്ന് പെന്റഗൺ പറഞ്ഞു. ചോദ്യങ്ങൾക്ക് കമ്പനി മറുപടി നൽകിയില്ല. മുൻ ഉപഭോക്താക്കളുടെയോ നിലവിലെ ഉപഭോക്താക്കളുടെയോ കരാർ പരിഗണനയിലുള്ളവരുടെയോ ജോലിവിവരങ്ങൾ അനുമതിയില്ലാതെ പങ്കുവെക്കാറില്ലെന്നും കമ്പനി അറിയിച്ചു.
ഓട്ടവും ചാട്ടവും കയറ്റവും, രണ്ട് സ്കൂളുകളിൽ കായികപഠന പരീക്ഷണം
നോർത്ത് കരോലിനയിലെ ലെജ്യൂൺ ഹൈസ്കൂളിലും വിർജീനിയയിലെ ക്വാണ്ടിക്കോ മിഡിൽ ഹൈസ്കൂളിലുമാണ് പുതിയ കായികപഠനം പരീക്ഷിക്കുക. ഒരു ലക്ഷം ഡോളറിലധികം വരുന്ന കരാർ ഇലിയഡ് അത്ലറ്റിക്സിനാണ് നൽകിയത്. വിമർശനാത്മക ചിന്തയ്ക്കും പൗരബോധത്തിനും പുരാതന ഗ്രീസിലെയും റോമിലെയും മറ്റു പാശ്ചാത്യ നാഗരികതകളിലെയും എഴുത്തുകാർക്കും ക്ലാസിക്കൽ വിദ്യാഭ്യാസത്തിൽ പ്രാധാന്യമുണ്ട്. പുരാതന ഗ്രീസിലെ കായികപരിശീലനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പാഠ്യപദ്ധതിയിൽ ഓട്ടം, ചാട്ടം, കയറ്റം, ഭാരം ചുമക്കൽ, എറിയൽ എന്നിവ ഉൾപ്പെടുമെന്ന് കമ്പനി അറിയിച്ചു. ദൈനംദിന പ്രവർത്തനങ്ങൾക്ക് വേണ്ട ശാരീരികക്ഷമത വളർത്തുന്നതിനാണ് ഊന്നൽ. വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി ഓരോ ആഴ്ചയും ഓരോ സദ്ഗുണം പരിചയപ്പെടുത്തും. അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയ ചരിത്ര വ്യക്തികളെയും ഉദാഹരിക്കും.
ഈ കരാറിനും മത്സര ലേലം ഉണ്ടായിരുന്നില്ല. ആ സമയത്ത് വകുപ്പിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഏക കമ്പനി ഇലിയഡ് അത്ലറ്റിക്സായിരുന്നുവെന്ന് പെന്റഗൺ പറഞ്ഞു. സമാനമായ മറ്റൊരു പരിപാടിയെക്കുറിച്ച് അറിയില്ലെന്ന് കമ്പനി മേധാവി പാട്രിക് വേലൻ ഇമെയിലിലൂടെ അറിയിച്ചു. ഒരു കമ്പനിക്കും മുൻഗണന നൽകുന്നില്ലെന്നും സൈനികർക്ക് പ്രയോജനം നൽകുന്ന സേവനങ്ങളാണ് വകുപ്പ് തേടുന്നതെന്നും പെന്റഗൺ ഉദ്യോഗസ്ഥൻ പറഞ്ഞു. കമ്പനികളുടെ പുറംബന്ധങ്ങളോ നിക്ഷേപകരോ രാഷ്ട്രീയ ബന്ധങ്ങളോ ധനസഹായ തീരുമാനങ്ങളെ സ്വാധീനിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
ക്ലാസിക്കൽ പ്രവേശന പരീക്ഷയും പാശ്ചാത്യ നാഗരികതാ കോഴ്സും
ക്രൈസ്തവ ചരിത്രവും സദ്ഗുണങ്ങളും ഉൾപ്പെടുന്ന ക്ലാസിക്കൽ വിദ്യാഭ്യാസരീതിയിൽ പീറ്റ് ഹെഗ്സെത്തിന് ദീർഘകാല താൽപര്യമുണ്ട്. പ്രതിരോധ സെക്രട്ടറിയായ ശേഷം ഈ പഠനരീതി വ്യാപിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചുവരുന്നു. പരമ്പരാഗത കോളജ് പ്രവേശന പരീക്ഷയായ എസ്എടിക്ക് ബദലായി അവതരിപ്പിക്കുന്ന ക്ലാസിക് ലേണിങ് ടെസ്റ്റ് അമേരിക്കൻ സൈനിക അക്കാദമികൾ ഇപ്പോൾ അംഗീകരിക്കുന്നു. ഈ പരീക്ഷയെഴുതാൻ വിദ്യാർഥികൾക്ക് 100 വൗച്ചറുകൾ നൽകുമെന്ന് പ്രതിരോധ വകുപ്പിന്റെ സ്കൂളുകൾ സെപ്റ്റംബറിൽ അറിയിച്ചു. കോളജ് പഠനത്തിന് വിദ്യാർഥികൾ എത്രത്തോളം സജ്ജരാണെന്ന് വിലയിരുത്താൻ ഈ പരീക്ഷ കൂടുതൽ പേർക്ക് ലഭ്യമാക്കുമെന്ന് ഈ മാസം വിദ്യാഭ്യാസ വിഭാഗം പ്രഖ്യാപിച്ചു. പാശ്ചാത്യ നാഗരികതയെക്കുറിച്ച് പുതിയ ഓൺലൈൻ കോഴ്സ് തുടങ്ങുമെന്നും വേനൽക്കാലത്ത് സ്കൂളുകൾ അറിയിച്ചിരുന്നു. ചരിത്രസംഭവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അതിന്റെ പാഠപുസ്തകം അവതരിപ്പിക്കുന്നതെന്ന് ചില പണ്ഡിതർ വിമർശിച്ചു. പാശ്ചാത്യ നാഗരികതയെയും ക്രൈസ്തവ മതത്തെയും ഒന്നായാണ് പലപ്പോഴും പുസ്തകം ചിത്രീകരിക്കുന്നതെന്നും ചില വിവരങ്ങൾ മാത്രം എടുത്തുകാട്ടി ഇസ്ലാമിനെ രണ്ടിനും അക്രമഭീഷണിയായി അവതരിപ്പിക്കുന്നുവെന്നും വിമർശനമുണ്ട്.
മിഷിഗണിലെ യാഥാസ്ഥിതിക ക്രൈസ്തവ സ്ഥാപനമായ ഹിൽസ്ഡേൽ കോളജുമായി ചേർന്ന് തയ്യാറാക്കിയ പാഠപദ്ധതികളും പുസ്തകത്തിലുണ്ട്. പ്രാഥമിക ക്ലാസുകൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകൾക്കായി സ്വാധീനമുള്ള പഠനസാമഗ്രികൾ കോളജ് വികസിപ്പിച്ചിട്ടുണ്ട്. പെന്റഗണിൽനിന്ന് പുതിയ കരാർ നേടിയ ഇരു കമ്പനികളുടെ മേധാവികൾക്കും കോളജുമായി ബന്ധമുണ്ട്. ഹിൽസ്ഡേലിൽനിന്ന് ബിരുദം നേടിയ ആഡംസ് അവിടെ സ്കൂൾ പാഠ്യപദ്ധതി വികസനത്തിൽ പ്രവർത്തിച്ചു. ട്രംപിന്റെ നിലപാടുകളോട് ചേർന്നുനിൽക്കുന്ന സൗജന്യ സ്കൂൾ പാഠ്യപദ്ധതിയായ ‘1776 പ്രോജക്ടിലും’ അദ്ദേഹം പ്രവർത്തിച്ചു. ചരിത്രത്തെ ആയുധമാക്കുന്നുവെന്ന് കോളജ് വിശേഷിപ്പിച്ച പ്രവണതയ്ക്കുള്ള മറുപടിയായാണ് പദ്ധതി തയ്യാറാക്കിയത്. അടിമത്തത്തിന്റെ ഗൗരവം കുറച്ചുകാണിച്ചെന്നും ജെയിംസ്ടൗൺ കോളനിയെ പരാജയപ്പെട്ട കമ്യൂണിസ്റ്റ് പദ്ധതിയായി ചിത്രീകരിച്ചെന്നും ഇതിനെതിരെ വിമർശനമുണ്ട്. വേലൻ നേരത്തേ കോളജ് പ്രസിഡന്റിന്റെ ഓഫിസിൽ ജോലി ചെയ്തിരുന്നു.
സൈനിക സ്കൂൾ സംവിധാനത്തിന്റെ നേതൃത്വത്തിലും മാറ്റമുണ്ടായി. അമേരിക്കാസ് മേഖലാ ഡയറക്ടറായിരുന്ന മാത്യു കിർബിയെ സ്കൂൾ സംവിധാനത്തിന്റെ മേധാവിയായി സ്ഥാനക്കയറ്റം നൽകി നിയമിച്ചു. അറ്റ്ലാന്റ ആസ്ഥാനമായുള്ള ചാർട്ടർ സ്കൂൾ ശൃംഖല ലിബർട്ടി ക്ലാസിക്കൽ സ്കൂൾസിന്റെ സ്ഥാപകനും മുൻ മേധാവിയുമാണ് അദ്ദേഹം. ട്രംപിന്റെ രണ്ടാം ഭരണകാലത്തിന്റെ തുടക്കത്തിൽ വംശം, ലിംഗഭേദം, ജനാധിപത്യം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളും പ്രതിരോധ വകുപ്പിന്റെ സ്കൂൾ ലൈബ്രറികളിൽനിന്ന് നീക്കിയിരുന്നു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ കോടതിയെ സമീപിച്ചതോടെ ഏതാനും സ്കൂളുകളിൽ വിലക്ക് ഭാഗികമായി നീങ്ങി.