കോഴിക്കോട്, 2026 നവംബർ 22:
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് തടയാൻ കർശന വ്യവസ്ഥകളുമായി സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. കേരള റാഗിങ് നിരോധന നിയമത്തിൽ ഭേദഗതി വരുത്തി പുതിയ നിയമം കൊണ്ടുവരുന്നതുവരെ ഈ മാർഗനിർദേശങ്ങൾ പ്രാബല്യത്തിലുണ്ടാകും. പുതിയ നിയമനിർമാണത്തിലെ കാലതാമസം കണക്കിലെടുത്ത് ഹൈക്കോടതി നിർദേശപ്രകാരമാണ് റാഗിങ് വിരുദ്ധ വിദ്യാർഥിക്ഷേമ മാർഗനിർദേശങ്ങൾ 2026 നടപ്പാക്കിയത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത്ശങ്കർ അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് നിർദേശങ്ങളാണ് ഇതിന് അടിസ്ഥാനം.
ക്യാമ്പസിന് പുറത്തും റാഗിങ് നിരോധനം
കോളേജ് ക്യാമ്പസുകളിൽ മാത്രമല്ല, ഹോസ്റ്റലുകൾ, സ്വകാര്യ താമസസ്ഥലങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും മാർഗനിർദേശങ്ങൾ ബാധകമാണ്. കുറ്റക്കാരായ വിദ്യാർഥികളെ സ്ഥാപനത്തിൽനിന്ന് പുറത്താക്കുന്നതിനും പൊലീസിന്റെ നിയമനടപടികൾക്ക് വിധേയരാക്കുന്നതിനും വ്യവസ്ഥയുണ്ട്.
ജാതി, മതം, ഭാഷ, വംശം, നിറം, ലിംഗഭേദം, ഭിന്നശേഷി എന്നിവയുടെ പേരിൽ മാനസികമോ ശാരീരികമോ ആയ പീഡനവും ഭീഷണിപ്പെടുത്തലും നടത്തുന്നതും റാഗിങ്ങിന്റെ പരിധിയിൽ വരും. ഇത്തരം പ്രവൃത്തികൾക്ക് ശ്രമിക്കുന്നതും കുറ്റമായി കണക്കാക്കും. അധ്യാപകരും അനധ്യാപക ജീവനക്കാരും മാനേജ്മെന്റ് പ്രതിനിധികളും ഇതിൽ ഉൾപ്പെടും.
മുതിർന്ന വിദ്യാർഥികൾക്ക് ഒരു മാസത്തെ നിയന്ത്രണം
പ്രവേശന സമയത്ത് വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം വാങ്ങണം. അധ്യയന വർഷത്തിന്റെ തുടക്കത്തിൽ മുതിർന്ന വിദ്യാർഥികൾക്ക് ഒരു മാസത്തെ നിരീക്ഷണ കാലയളവ് ഏർപ്പെടുത്തണം.
ഈ കാലയളവിൽ സ്ഥാപന മേധാവിയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ജൂനിയർ വിദ്യാർഥികളുടെ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ ശേഖരിക്കാൻ ശ്രമിക്കുന്നതും റാഗിങ്ങായി കണക്കാക്കും.
വ്യാജപരാതി നൽകിയാലും ശിക്ഷ
അപമാനിക്കാനോ പണം തട്ടാനോ ഉദ്ദേശിച്ച് വ്യാജപരാതി നൽകുകയോ തെറ്റായ വിവരങ്ങൾ കൈമാറുകയോ ചെയ്യുന്നവർക്കും ശിക്ഷ ലഭിക്കും. ആറുമാസം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാമെന്നാണ് മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നത്.
ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കോടതിക്ക് കേസെടുക്കാനാകില്ലെന്നും മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു.
എട്ടു വിഭാഗങ്ങൾ ഉൾപ്പെട്ട ആന്റി റാഗിങ് സമിതി
ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും അധ്യാപകർ, അനധ്യാപക ജീവനക്കാർ, മുതിർന്ന വിദ്യാർഥികൾ, നവാഗതർ, രക്ഷിതാക്കൾ, പൊലീസ്, പ്രാദേശിക മാധ്യമപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പ്രതിനിധികളടങ്ങിയ ആന്റി റാഗിങ് കമ്മിറ്റി രൂപീകരിക്കണം.
കൗൺസലിങ് കേന്ദ്രങ്ങളും നിരീക്ഷണ സംവിധാനവും
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യോഗ്യതയുള്ള മനഃശാസ്ത്ര വിദഗ്ധന്റെ നേതൃത്വത്തിൽ ക്ഷേമകേന്ദ്രമോ കൗൺസലിങ് സെല്ലോ സ്ഥാപിക്കണം. വിദ്യാർഥികളുടെ മാനസികക്ഷേമം ഉറപ്പാക്കുന്നതിനും അടിയന്തര സഹായം ലഭ്യമാക്കുന്നതിനും ഇത് സഹായിക്കും.
ഓരോ സർവകലാശാലയ്ക്കും കീഴിലുള്ള കോളേജുകളെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഏകോപിപ്പിക്കാൻ സർവകലാശാലാതലത്തിൽ ആന്റി റാഗിങ് നിരീക്ഷണ സെൽ രൂപീകരിക്കണമെന്നും നിർദേശമുണ്ട്.
വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കും നടപടിയുണ്ടാകും
റാഗിങ് തടയുന്നതിൽ വീഴ്ച വരുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രാന്റ്, ഫണ്ട്, സ്കോളർഷിപ്പ് എന്നിവ തടയുന്നതിനും അഫിലിയേഷൻ പിൻവലിക്കുന്നതിനും വ്യവസ്ഥയുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കെതിരെ സാമ്പത്തികവും ഭരണപരവുമായ നടപടികൾ സ്വീകരിക്കാനാകും.