ന്യൂഡൽഹി, 2026 നവംബർ 07 .
രാജ്യത്ത് അരിയുടെ ലഭ്യത ഉറപ്പാക്കാനും വില പിടിച്ചുനിർത്താനും കേന്ദ്ര സർക്കാർ പുതിയ നടപടികൾ പ്രഖ്യാപിച്ചു. അരിയുടെയും നെല്ലിന്റെയും സംഭരണവിവരങ്ങൾ എല്ലാ വെള്ളിയാഴ്ചയും വെളിപ്പെടുത്തണം. ആവശ്യമുള്ളിടത്ത് സംഭരണപരിധി ഏർപ്പെടുത്താൻ കേരളം ഉൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനുമതിയും നൽകി. ഭാരത് അരിയുടെ വിതരണം വിപുലപ്പെടുത്തുന്നതിനൊപ്പം പൊതുവിപണി വിൽപ്പനപദ്ധതിയിലൂടെ നടപ്പുസാമ്പത്തികവർഷം വിൽക്കുന്ന അരിയുടെ ലക്ഷ്യം 25 ലക്ഷം ടണ്ണിൽനിന്ന് 50 ലക്ഷം ടണ്ണാക്കി ഉയർത്തി.
ഭക്ഷ്യധാന്യങ്ങളുടെ, പ്രത്യേകിച്ച് അരിയുടെ വില കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് ധാന്യം ഉറപ്പാക്കുക, വില സ്ഥിരത നിലനിർത്തുക, പൂഴ്ത്തിവെപ്പ് തടയുക, ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുക എന്നിവയാണ് നടപടികളുടെ ലക്ഷ്യം.
ആറ് വിഭാഗങ്ങളിലെ സംഭരണവിവരങ്ങൾ നൽകണം
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമുള്ള വ്യാപാരികൾ, മൊത്തവ്യാപാരികൾ, ചില്ലറവ്യാപാരികൾ, വലിയ ശൃംഖലകളായി പ്രവർത്തിക്കുന്ന ചില്ലറവ്യാപാര സ്ഥാപനങ്ങൾ, സംസ്കരണശാലകൾ, അരിമില്ലുകൾ എന്നിവ സംഭരണവിവരങ്ങൾ വെളിപ്പെടുത്തണം. നവംബർ ആറിന് പുറത്തിറക്കിയ ഉത്തരവിലാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്. ബസുമതി അരി, ബസുമതി ഇതര പ്രീമിയം അരി, ബസുമതി ഇതര അരി, പുഴുക്കലരി, നുറുക്കരി, നെല്ല് എന്നിങ്ങനെ ആറ് വിഭാഗങ്ങളായി വിവരങ്ങൾ നൽകണം.
അരിയും നെല്ലും സംഭരിക്കുന്ന എല്ലാ സ്ഥാപനങ്ങളും എല്ലാ വെള്ളിയാഴ്ചയും ഫുഡ് സ്റ്റോക്ക് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണം. നൽകുന്ന വിവരങ്ങൾ കൃത്യമാണെന്നും പതിവായി പുതുക്കുന്നുണ്ടെന്നും ഉറപ്പാക്കണം. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർക്കും നിശ്ചയിച്ച സംഭരണപരിധി ലംഘിക്കുന്നവർക്കുമെതിരെ 1955ലെ അവശ്യവസ്തു നിയമത്തിലെ ആറ്, ഏഴ് വകുപ്പുകൾ പ്രകാരം ശിക്ഷാനടപടിയുണ്ടാകും.
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് സംഭരണപരിധി ഏർപ്പെടുത്താം
ആന്ധ്രപ്രദേശ്, കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് ആവശ്യമായിടത്ത് അരിക്കും നെല്ലിനും സംഭരണപരിധി ഏർപ്പെടുത്താൻ കേന്ദ്രം അനുമതി നൽകിയത്. നവംബർ ആറിലെ അറിയിപ്പിലൂടെയാണ് സംസ്ഥാന സർക്കാരുകളെ ഇക്കാര്യം അറിയിച്ചത്. അനുയോജ്യമായ നിയന്ത്രണ ഉത്തരവുകളിലൂടെ സംസ്ഥാനങ്ങൾക്ക് നടപടി സ്വീകരിക്കാം. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ അരി ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഈ സംഭരണപരിധികൾ 2027 ജനുവരി 31 വരെ പ്രാബല്യത്തിലുണ്ടാകും. വിപണിയിൽ ആവശ്യത്തിന് അരി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാനും നടപടികളുടെ നടപ്പാക്കൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും സൂക്ഷ്മമായി നിരീക്ഷിക്കും.
ഭാരത് അരി കൂടുതൽ ഇടങ്ങളിലെത്തിക്കും
ഭാരത് അരിയുടെ വിൽപ്പനയും ലഭ്യതയും രാജ്യത്തുടനീളം, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, ഗണ്യമായി വർധിപ്പിക്കാൻ കേന്ദ്രം അധിക വിഹിതം അനുവദിക്കുന്നു. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നീ മൂന്ന് ഏജൻസികൾക്കാണ് അധിക അരി നൽകുന്നത്.
കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും അവർക്ക് എളുപ്പത്തിൽ ഭാരത് അരി വാങ്ങാനാകാനും സാധ്യമായ എല്ലാ വിതരണമാർഗങ്ങളും പരിശോധിക്കാൻ ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ വിപണിയിലെ അരിയുടെ ലഭ്യത കൂടുമെന്നും താങ്ങാവുന്ന വിലയിൽ ഉപഭോക്താക്കൾക്ക് അരി ലഭിക്കുമെന്നും ചില്ലറവില നിയന്ത്രിക്കാൻ സഹായിക്കുമെന്നുമാണ് പ്രതീക്ഷ.
ഇ ലേലത്തിലൂടെ ഇതിനകം വിറ്റത് 25 ലക്ഷം ടൺ അരി
ആഭ്യന്തര പൊതുവിപണി വിൽപ്പനപദ്ധതിയായ ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം ഡൊമസ്റ്റിക് പ്രകാരം 2026–27 സാമ്പത്തികവർഷം ഇ ലേലത്തിലൂടെ വിൽക്കാനുള്ള അരിയുടെ ലക്ഷ്യം കേന്ദ്രം ഇരട്ടിയാക്കി. നേരത്തേയുണ്ടായിരുന്ന 25 ലക്ഷം ടൺ എന്ന ലക്ഷ്യം 50 ലക്ഷം ടണ്ണായാണ് ഉയർത്തിയത്.
നടപ്പുസാമ്പത്തികവർഷം ഒക്ടോബർ 31 വരെ ഈ പദ്ധതിയിലെ ഇ ലേലങ്ങളിലൂടെ സ്വകാര്യ കക്ഷികൾക്ക് 25 ലക്ഷം ടൺ അരി വിറ്റുകഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ കാലയളവിൽ 11 ലക്ഷം ടണ്ണായിരുന്നു വിൽപ്പന. സർക്കാർ ഇടപെടലിലൂടെ വിപണിയിലെത്തുന്ന അരിയുടെ അളവിൽ ഗണ്യമായ വർധനയുണ്ടായെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. അവശ്യഭക്ഷ്യവസ്തുക്കളുടെ മതിയായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കി രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള പ്രതിബദ്ധതയാണ് നടപടികൾ വ്യക്തമാക്കുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
.
.