ന്യൂഡൽഹി / 2026 / നവംബർ 07
തെലങ്കാനയിലെ ഗ്രാമങ്ങളിൽ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും ബ്രോഡ്ബാൻഡ് കണക്ഷനും ശക്തമാക്കാൻ പരിഷ്കരിച്ച ഭാരത്നെറ്റ് പദ്ധതി നടപ്പാക്കുന്നതിനുള്ള കരാർ ഒപ്പിട്ടു. നവംബർ ആറിന് ന്യൂഡൽഹിയിലെ സഞ്ചാർ ഭവനിലാണ് കരാർ ഒപ്പിട്ടത്. സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്രസർക്കാർ 3,189 കോടി രൂപയുടെ സാമ്പത്തികസഹായം അനുവദിച്ചു. ആകെ 12,769 ഗ്രാമപഞ്ചായത്തുകളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഗ്രാമീണ ടെലികോം അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും നിലവിലുള്ളവ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം.
കേന്ദ്രവും സംസ്ഥാനവും ടെലികോം സ്ഥാപനങ്ങളും കൈകോർക്കുന്നു
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന് കീഴിലുള്ള ഡിജിറ്റൽ ഭാരത് നിധി, തെലങ്കാന സർക്കാർ, തെലങ്കാന റൂറൽ ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്, തെലങ്കാന ഫൈബർ ഗ്രിഡ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയാണ് കരാറിലെ കക്ഷികൾ. ഡിജിറ്റൽ ഭാരത് നിധി അഡ്മിനിസ്ട്രേറ്റർ ശ്യാമൽ മിശ്രയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
തെലങ്കാന സർക്കാരിന്റെ വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി അനുദീപ് ദുരിഷെട്ടി, ബി.എസ്.എൻ.എൽ. എന്റർപ്രൈസ് ബിസിനസ് ഡയറക്ടർ പാപ്പ സുധാകര റാവു, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിൽ പരിഷ്കരിച്ച ഭാരത്നെറ്റ് പദ്ധതി നടപ്പാക്കൽ ഒന്നാം വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ദിനേഷ് കുമാർ ഗാർഗ് എന്നിവർ പങ്കെടുത്തു. തെലങ്കാന ഫൈബർ ഗ്രിഡ് കോർപ്പറേഷനിലെ പ്രതിനിധിയും തെലങ്കാന റൂറൽ ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വേണു പ്രസാദ് പന്നീരു, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്, ഡിജിറ്റൽ ഭാരത് നിധി, ബി.എസ്.എൻ.എൽ. എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു.

നിലവിലെ ശൃംഖല വികസിപ്പിക്കും; കണക്ഷൻ കൂടുതൽ ഉറപ്പാക്കും
ഗ്രാമീണ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ ശക്തമാക്കാനും അവസാന ഉപഭോക്താവിലേക്കുവരെ കണക്ഷൻ എത്തിക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ വളർച്ച ഉറപ്പാക്കാനുമുള്ള കേന്ദ്രത്തിന്റെയും തെലങ്കാന സർക്കാരിന്റെയും സംയുക്ത പ്രതിബദ്ധതയാണ് കരാർ വ്യക്തമാക്കുന്നത്. പദ്ധതി വേഗത്തിൽ നടപ്പാക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണിത്. നിലവിലുള്ള ഭാരത്നെറ്റ് ശൃംഖല മെച്ചപ്പെടുത്താനും ഏകീകരിക്കാനും വിപുലീകരിക്കാനും ലക്ഷ്യമിട്ട് 2023 ഓഗസ്റ്റ് നാലിനാണ് കേന്ദ്രമന്ത്രിസഭ പരിഷ്കരിച്ച ഭാരത്നെറ്റ് പദ്ധതിക്ക് അംഗീകാരം നൽകിയത്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആവശ്യപ്പെടുന്ന മുറയ്ക്ക് ഗ്രാമങ്ങളിലും ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഉറപ്പുള്ള ബ്രോഡ്ബാൻഡ് കണക്ഷൻ ഒരുക്കുകയാണ് ലക്ഷ്യം.
തെലങ്കാന റൂറൽ ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ വഴിയാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുക. ഒന്നാംഘട്ടത്തിലെ 1,946 ഗ്രാമപഞ്ചായത്തുകളിലെ ശൃംഖല, ഒരേ പാതയിൽ ബന്ധിപ്പിക്കുന്ന രീതിയിൽനിന്ന് വലയരൂപത്തിലുള്ള ബന്ധിപ്പിക്കലിലേക്ക് മാറ്റും. തടസ്സങ്ങളുണ്ടായാലും ശൃംഖലയുടെ പ്രവർത്തനം നിലനിർത്താനുള്ള ശേഷി കൂട്ടാനാണിത്. രണ്ടാംഘട്ടത്തിലെ 10,787 ഗ്രാമപഞ്ചായത്തുകളും പുതുതായി രൂപവത്കരിച്ച 36 ഗ്രാമപഞ്ചായത്തുകളും പദ്ധതിയിൽ ഉൾപ്പെടും.
മൂന്ന് ലക്ഷം ഗ്രാമീണ വീടുകളിൽ ഫൈബർ കണക്ഷന് വഴിയൊരുങ്ങും
കേന്ദ്രസർക്കാരിന്റെ സബ്സിഡി സഹായത്തോടെ ഏകദേശം മൂന്ന് ലക്ഷം ഗ്രാമീണ വീടുകളിൽ ഫൈബർ കണക്ഷൻ ലഭ്യമാക്കാൻ പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ ഗ്രാമീണ, വിദൂര മേഖലകളിൽ ഇ-ഗവേണൻസ്, ഓൺലൈൻ വിദ്യാഭ്യാസം, ടെലിമെഡിസിൻ, ഡിജിറ്റൽ പണമിടപാടുകൾ, ജനകേന്ദ്രീകൃത സേവനങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ എത്തിക്കാനും ഇത് സഹായിക്കും. കരാർ ഒപ്പിട്ടതോടെ തെലങ്കാനയിൽ പദ്ധതി നടപ്പാക്കുന്നത് വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ഡിജിറ്റൽ ശാക്തീകരണമുള്ള സമൂഹവും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയും സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിനും ഇത് കരുത്തേകും.
സേവനങ്ങൾ കുറവുള്ള മേഖലകൾക്ക് ഡിജിറ്റൽ ഭാരത് നിധിയുടെ പിന്തുണ
മുമ്പ് യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് എന്നറിയപ്പെട്ടിരുന്ന സംവിധാനമാണ് ഡിജിറ്റൽ ഭാരത് നിധി. 2003ലെ ഇന്ത്യൻ ടെലിഗ്രാഫ് ഭേദഗതി നിയമപ്രകാരം, 2002 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തോടെയാണ് ഇത് സ്ഥാപിച്ചത്. 2023ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമപ്രകാരമാണ് യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് ഡിജിറ്റൽ ഭാരത് നിധിയായി മാറിയത്. വാർത്താവിനിമയ മന്ത്രാലയത്തിലെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ അനുബന്ധ ഓഫീസാണിത്. ടെലികോം സേവനങ്ങൾ വേണ്ടത്ര ലഭിക്കാത്ത ഗ്രാമീണ, വിദൂര, നഗര മേഖലകളിൽ സേവനലഭ്യതയും വിതരണവും പ്രോത്സാഹിപ്പിച്ച് എല്ലാവർക്കും സേവനം ഉറപ്പാക്കുകയാണ് ചുമതല.
ഈ ലക്ഷ്യത്തിനായി ഭാരത്നെറ്റ്, എല്ലാ പ്രദേശങ്ങളിലും ഫോർജി സേവനം എത്തിക്കുന്ന പദ്ധതി, വികസനത്തിന് പ്രത്യേക പരിഗണന നൽകുന്ന ജില്ലകളിലെ സേവനമില്ലാത്ത പ്രദേശങ്ങളിൽ മൊബൈൽ സൗകര്യം ഒരുക്കൽ തുടങ്ങിയ പദ്ധതികൾ ഡിജിറ്റൽ ഭാരത് നിധിയിൽ ഉൾപ്പെടുന്നു. ഇടതുപക്ഷ തീവ്രവാദബാധിത മേഖലകൾ, ഹിമാലയൻ പ്രദേശങ്ങൾ, അതിർത്തി മേഖലകൾ, ദ്വീപുകൾ, വടക്കുകിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മൊബൈൽ സേവനം ലഭ്യമാക്കുന്ന പദ്ധതികളും ഇതിന്റെ ഭാഗമാണ്.
.