ന്യൂഡൽഹി / 2026 / ഒക്ടോബർ 29
വികസിത് ഭാരത് ബിൽഡത്തോൺ 2025ൽ ദേശീയതലത്തിൽ വിജയിച്ച പത്ത് ടീമുകളെയും നൂതന ആശയങ്ങൾ അവതരിപ്പിച്ചവരെയും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ന്യൂഡൽഹിയിൽ ആദരിച്ചു. 2,87,967 പദ്ധതികൾ സമർപ്പിക്കപ്പെട്ട ബിൽഡത്തോൺ, ഏറ്റവും വലിയ നൂതന പരിഹാര മത്സരമെന്ന ഗിന്നസ് ലോക റെക്കോർഡും സ്വന്തമാക്കി. ഇതിനുള്ള സർട്ടിഫിക്കറ്റ് ചടങ്ങിൽ കൈമാറി. ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസത്തിനും പ്രാദേശികതലത്തിലെ പുതുമയാർന്ന ആശയങ്ങൾക്കും ഇത് ചരിത്രനേട്ടമായി. ഉല്ലാസ് നവഭാരത് സാക്ഷരതാ കാര്യക്രമത്തിന്റെ ഭാഗമായി അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള മാർഗനിർദേശങ്ങളും മന്ത്രി പുറത്തിറക്കി. ഇലക്ട്രോണിക് മാലിന്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.

പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും കുട്ടികൾക്ക് അവസരം
കുട്ടികളെ ഭാവിയിലെ നേതാക്കളാക്കി വളർത്താൻ ആത്മവിശ്വാസവും സർഗാത്മകതയും പുതുമകൾ കണ്ടെത്താനുള്ള കഴിവും സ്വതന്ത്രചിന്തയും പ്രോത്സാഹിപ്പിക്കണമെന്ന് ജയന്ത് ചൗധരി പറഞ്ഞു. ബിൽഡത്തോണിൽ പ്രശ്നങ്ങളോ പരിഹാരങ്ങളോ മുൻകൂട്ടി നൽകിയിരുന്നില്ല. പ്രശ്നങ്ങൾ സ്വയം കണ്ടെത്താനും അവയ്ക്ക് പരിഹാരങ്ങൾ വികസിപ്പിക്കാനുമാണ് വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചത്. രാജ്യത്തുടനീളം ലക്ഷക്കണക്കിന് വിദ്യാർഥികൾ പങ്കെടുത്തതിനെ മന്ത്രി അഭിനന്ദിച്ചു. അവർക്ക് വഴികാട്ടുകയും പിന്തുണ നൽകുകയും ചെയ്ത അധ്യാപകരുടെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. ഇലക്ട്രോണിക് മാലിന്യങ്ങൾ വർധിക്കുന്നതിൽ ആശങ്ക അറിയിച്ച മന്ത്രി, ഈ പ്രശ്നം പരിഹരിക്കാൻ സ്കൂൾ കുട്ടികളെയും പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ടു. മാലിന്യങ്ങൾ ചിട്ടയായി കൈകാര്യം ചെയ്യാൻ ഇത് വഴിയൊരുക്കും. സ്ഥാപനങ്ങൾക്കും സമൂഹങ്ങൾക്കും പൗരന്മാർക്കും ഇക്കാര്യത്തിൽ കൂട്ടുത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിർന്നവരുടെ സാക്ഷരത മെച്ചപ്പെടുത്തുന്നതിലും പഠിതാക്കളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും വീണ്ടെടുക്കുന്നതിലും ഉല്ലാസ് വഹിക്കുന്ന പങ്കും മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ മാർഗനിർദേശങ്ങൾ അധ്യാപക വിദ്യാർഥികൾക്ക് രാജ്യത്തെ ശാക്തീകരിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണപരിഷ്കാര–പൊതുപരാതി വകുപ്പിന്റെ സെക്രട്ടറി നിവേദിത ശുക്ല വർമ്മ, സ്കൂൾ വിദ്യാഭ്യാസ–സാക്ഷരതാ വകുപ്പ് സെക്രട്ടറി ടി. കെ. അനിൽ കുമാർ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാഭ്യാസ വകുപ്പുകൾ, പങ്കാളി സ്ഥാപനങ്ങൾ എന്നിവയുടെ പ്രതിനിധികളും മേധാവികളും ചടങ്ങിനെത്തി.
ആശയങ്ങൾക്കും പ്രവർത്തിക്കുന്ന മാതൃകകൾക്കും സമ്മാനം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ–സാക്ഷരതാ വകുപ്പാണ് നീതി ആയോഗിന്റെ അടൽ ഇന്നൊവേഷൻ മിഷൻ, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ എന്നിവയുമായി ചേർന്ന് ബിൽഡത്തോൺ സംഘടിപ്പിച്ചത്. സ്കൂൾ വിദ്യാർഥികളിൽ സർഗാത്മകമായി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്, സംരംഭകത്വം, ശാസ്ത്രകൗതുകം എന്നിവ വളർത്തുകയായിരുന്നു ലക്ഷ്യം. ആത്മനിർഭർ ഭാരത്, സ്വദേശി, വോക്കൽ ഫോർ ലോക്കൽ, സമൃദ്ധ് ഭാരത് എന്നീ നാല് അടിസ്ഥാന ആശയങ്ങളിലായിരുന്നു പരിപാടി കേന്ദ്രീകരിച്ചത്. താഴെത്തട്ടിൽനിന്ന് അഭൂതപൂർവമായ പങ്കാളിത്തമാണ് ലഭിച്ചത്. ആശയവിഭാഗത്തിലും പ്രോട്ടോടൈപ്പ് വിഭാഗത്തിലുമായി 2,87,967 പദ്ധതികൾ സമർപ്പിക്കപ്പെട്ടു. വിവിധ മേഖലകളിലെ വിദഗ്ധസമിതികൾ ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ കർശനമായ മൂന്നു ഘട്ട വിലയിരുത്തൽ നടത്തി. ഇതിലൂടെ ദേശീയതലത്തിൽ പത്ത് ജേതാക്കളെയും സംസ്ഥാനതലത്തിൽ നൂറ് ജേതാക്കളെയും ജില്ലാതലത്തിൽ ആയിരം ജേതാക്കളെയും തിരഞ്ഞെടുത്തു. മൂന്നു തലങ്ങളിലുമായി ഒരു കോടിയിലധികം രൂപയുടെ സമ്മാനത്തുകയാണ് ഏർപ്പെടുത്തിയത്. ദേശീയതലത്തിൽ വിജയിച്ച പത്ത് ടീമുകൾക്ക് ആകെ 17.50 ലക്ഷം രൂപ ലഭിച്ചു. പ്രവർത്തിക്കുന്ന മാതൃകകൾ അവതരിപ്പിച്ച പ്രോട്ടോടൈപ്പ് വിഭാഗത്തിലെ അഞ്ച് മികച്ച ടീമുകൾക്ക് 2,50,000 രൂപ വീതം നൽകി. ആശയവിഭാഗത്തിലെ അഞ്ച് വിജയി ടീമുകൾക്ക് ഒരു ലക്ഷം രൂപ വീതവും ലഭിച്ചു. അവരുടെ ആശയങ്ങൾ വളർത്തിയെടുക്കാനും വിപുലീകരിക്കാനുമാണ് ഈ പിന്തുണ. അസം, ഡൽഹി, ഗുജറാത്ത്, ഝാർഖണ്ഡ്, ജമ്മു കശ്മീർ, കേരളം, മധ്യപ്രദേശ്, ഒഡിഷ, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ആദരിക്കപ്പെട്ട ജേതാക്കൾ.
ഇലക്ട്രോണിക് മാലിന്യങ്ങൾ ശേഖരിച്ച് അംഗീകൃത സ്ഥാപനങ്ങൾക്ക് കൈമാറി
പ്രത്യേക പ്രചാരണപരിപാടി 6.0ന്റെ ഭാഗമായി സ്കൂൾ വിദ്യാഭ്യാസ–സാക്ഷരതാ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തിയ പ്രവർത്തനങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. ഇലക്ട്രോണിക് മാലിന്യങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും അവ ശേഖരിക്കാനുള്ള ശ്രമങ്ങളുമാണ് ഇതിൽ എടുത്തുകാട്ടിയത്. പ്രചാരണത്തിനിടെ ശേഖരിച്ച ഇലക്ട്രോണിക് മാലിന്യങ്ങൾ സ്കൂൾ വിദ്യാഭ്യാസ–സാക്ഷരതാ വകുപ്പ് സെക്രട്ടറി അനിൽ കുമാർ, പുനഃസംസ്കരണത്തിനോ പുതുക്കി ഉപയോഗിക്കാനോ അംഗീകാരമുള്ള സ്ഥാപനത്തിന് കൈമാറി. രാജ്യത്തെ സ്കൂളുകളിൽ ഉത്തരവാദിത്വത്തോടെ ഇലക്ട്രോണിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ വകുപ്പ് വിപുലമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഒക്ടോബർ 28ന് സ്കൂളുകളിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചു. ശേഖരിച്ച മാലിന്യങ്ങൾ അംഗീകൃത പുനഃസംസ്കരണ–പുനരുപയോഗ സ്ഥാപനങ്ങൾക്ക് കൈമാറൽ, ഇലക്ട്രോണിക് മാലിന്യങ്ങൾ വിഷയമാക്കിയ പ്രഭാത അസംബ്ലികൾ, ക്വിസ് മത്സരങ്ങൾ എന്നിവ ഇതിന്റെ ഭാഗമായിരുന്നു.
ഓരോ അധ്യാപക വിദ്യാർഥിയും അഞ്ചുമുതൽ എട്ടുവരെ പേരെ സാക്ഷരരാക്കണം
ഉല്ലാസ് നവഭാരത് സാക്ഷരതാ കാര്യക്രമത്തിനു കീഴിൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ, അധ്യാപക വിദ്യാർഥികളെ സന്നദ്ധ അധ്യാപകരായി പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിലിന്റെ അംഗീകാരമുള്ള ബി.എഡ്., ബി.പി.എഡ്., എം.എഡ്., എം.പി.എഡ്. തുടങ്ങിയ കോഴ്സുകളിലും മറ്റ് അംഗീകൃത അധ്യാപക വിദ്യാഭ്യാസ കോഴ്സുകളിലും പഠിക്കുന്നവർക്കാണ് ഇതിൽ പങ്കാളികളാകാനാകുക. ഓരോ അധ്യാപക വിദ്യാർഥിയും സാക്ഷരത നേടാത്ത അഞ്ചുമുതൽ എട്ടുവരെ പഠിതാക്കളെ പഠിപ്പിക്കുകയും അവർക്ക് സാക്ഷരതാ സർട്ടിഫിക്കറ്റ് ലഭിക്കാൻ സഹായിക്കുകയും വേണം. പഠിതാക്കൾ വിജയകരമായി സർട്ടിഫിക്കറ്റ് നേടുന്നതുമായി ബന്ധപ്പെടുത്തി അധ്യാപക വിദ്യാർഥികൾക്ക് അക്കാദമിക് ക്രെഡിറ്റുകൾ നൽകാനും വ്യവസ്ഥയുണ്ട്. ബന്ധപ്പെട്ട കക്ഷികളുമായി വിപുലമായ ചർച്ചകൾ നടത്തിയ ശേഷമാണ് സ്കൂൾ വിദ്യാഭ്യാസ–സാക്ഷരതാ വകുപ്പ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിൽ, ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി, ദേശീയ സാക്ഷരതാ കേന്ദ്രം, സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതികൾ, ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലകൾ ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റികൾ, ജില്ലാ അധികാരികൾ, അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപക വിദ്യാർഥികൾ എന്നിവരുടെ ഉത്തരവാദിത്വങ്ങളും നിർവചിച്ചിട്ടുണ്ട്.
.