ന്യൂഡൽഹി / 2026 / ഒക്ടോബർ 22
തുടർച്ചയായി രണ്ട് സാമ്പത്തിക പാദങ്ങളിൽ വരുമാനം 4,000 കോടി രൂപ കടത്തി ഇന്ത്യ പോസ്റ്റ് ചരിത്രനേട്ടം സ്വന്തമാക്കി. തപാൽ വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഈ നേട്ടം. 2026–27 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യ ആറുമാസം 8,212.7 കോടി രൂപയാണ് വരുമാനം. മുൻവർഷം ഇതേ കാലയളവിലെ 6,636 കോടി രൂപയേക്കാൾ 24 ശതമാനം വർധനയാണിത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ മാത്രം 4,201.5 കോടി രൂപ ലഭിച്ചു. മുൻവർഷത്തെ രണ്ടാം പാദത്തേക്കാൾ 25 ശതമാനവും നടപ്പുവർഷത്തെ ആദ്യ പാദത്തേക്കാൾ അഞ്ച് ശതമാനവും കൂടുതലാണിത്. ന്യൂഡൽഹിയിൽ ഇന്ന് നടന്ന രണ്ടാം പാദ അവലോകനയോഗത്തിൽ കേന്ദ്ര വാർത്താവിനിമയ, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ അധ്യക്ഷത വഹിച്ചു. കേന്ദ്ര വാർത്താവിനിമയ, ഗ്രാമവികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി, തപാൽ സെക്രട്ടറി സുബ്രത് ദാസ്, പോസ്റ്റൽ സർവീസസ് ബോർഡ് അംഗങ്ങൾ, എല്ലാ തപാൽ സർക്കിളുകളിലെയും ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽമാർ, ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. യോഗത്തിന്റെ ചിത്രത്തിൽ ഡയറക്ടർ ജനറൽ ഓഫ് പോസ്റ്റൽ സർവീസസ് മനീഷ സിൻഹയും മന്ത്രിമാർക്കും തപാൽ സെക്രട്ടറിക്കുമൊപ്പം ഉണ്ടായിരുന്നു.
പാഴ്സൽ വരുമാനത്തിൽ 71 ശതമാനം വളർച്ച
വകുപ്പിന്റെ ആറ് ബിസിനസ് വിഭാഗങ്ങളിലും മുൻവർഷത്തേക്കാൾ വളർച്ചയുണ്ടായി. തപാൽ ജീവൻ ഇൻഷുറൻസ്, ഗ്രാമീണ തപാൽ ജീവൻ ഇൻഷുറൻസ് വിഭാഗത്തിൽ 44 ശതമാനവും കത്തുകളുടെയും മറ്റ് തപാൽ ഉരുപ്പടികളുടെയും വിഭാഗത്തിൽ 36 ശതമാനവും വളർച്ച രേഖപ്പെടുത്തി. പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്കിൽ 18 ശതമാനവും അന്താരാഷ്ട്ര ബന്ധങ്ങളും ആഗോള ബിസിനസും കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ 38 ശതമാനവും പാഴ്സൽ വിഭാഗത്തിൽ 71 ശതമാനവുമാണ് വളർച്ച. രണ്ടാം പാദത്തിൽ പാഴ്സൽ വിഭാഗം 318.9 കോടി രൂപ നേടി. കേരളം, വടക്കുകിഴക്കൻ മേഖല, ഉത്തർപ്രദേശ്, ബിഹാർ സർക്കിളുകൾ പാദവർഷ ലക്ഷ്യം മറികടന്നു. ആദ്യ പാദത്തേക്കാൾ തപാൽ ഉരുപ്പടികളിൽനിന്നുള്ള വരുമാനം 26 ശതമാനം വർധിച്ചു. ഈ വിഭാഗത്തിൽ 12 തപാൽ സർക്കിളുകൾ രണ്ടാം പാദത്തിലെ ലക്ഷ്യം കൈവരിക്കുകയോ മറികടക്കുകയോ ചെയ്തു. പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്കിൽനിന്ന് 1,987 കോടി രൂപ ലഭിച്ചു. തപാൽ ജീവൻ ഇൻഷുറൻസ്, ഗ്രാമീണ തപാൽ ജീവൻ ഇൻഷുറൻസ് വിഭാഗങ്ങൾ പാദവർഷ ലക്ഷ്യത്തിന്റെ 92 ശതമാനം കൈവരിച്ചു.
ബിഹാറും ആന്ധ്രപ്രദേശും പുരസ്കാരനേട്ടത്തിൽ
രണ്ടാം പാദത്തിലേക്ക് ആനുപാതികമായി നിശ്ചയിച്ച ലക്ഷ്യത്തിന്റെ 90 ശതമാനമോ അതിലധികമോ ഏഴ് തപാൽ സർക്കിളുകൾ കൈവരിച്ചു. 97.15 ശതമാനവുമായി ബിഹാർ മുന്നിലെത്തി. പശ്ചിമ ബംഗാൾ 97.07 ശതമാനവും വടക്കുകിഴക്കൻ മേഖല 94.79 ശതമാനവും നേടി. ആദ്യ ആറുമാസത്തെ കണക്കിൽ 95.72 ശതമാനവുമായി പശ്ചിമ ബംഗാളാണ് മുന്നിൽ. ബിഹാർ 95.12 ശതമാനവും ആന്ധ്രപ്രദേശ് 94.63 ശതമാനവും കൈവരിച്ചു. ആകെയുള്ള 23 സർക്കിളുകളിൽ 18 എണ്ണം ആദ്യ പാദത്തേക്കാൾ ലക്ഷ്യനേട്ടം മെച്ചപ്പെടുത്തി. പെൻഷൻ ചെലവ് ഉൾപ്പെടുത്തിയ ചെലവ് അനുപാതം 42 ശതമാനവും പെൻഷൻ ചെലവ് ഒഴിവാക്കിയുള്ളത് 62 ശതമാനവുമായി. 22 സർക്കിളുകൾ ആദ്യ പാദത്തേക്കാൾ ഈ അനുപാതം മെച്ചപ്പെടുത്തി. ആനുപാതിക ബിസിനസ് ലക്ഷ്യങ്ങൾ കൈവരിച്ചതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ–ജൂൺ കാലത്തെ പ്രകടനത്തിന് ആന്ധ്രപ്രദേശ് സർക്കിളിനും ജൂലൈ–സെപ്റ്റംബർ കാലത്തെ പ്രകടനത്തിന് ബിഹാർ സർക്കിളിനും പുരസ്കാരം നൽകി. കേന്ദ്രീകൃത ബിസിനസ് പ്രവർത്തനങ്ങളും വകുപ്പിന്റെ വരുമാനലക്ഷ്യത്തിലേക്കുള്ള മുന്നേറ്റവുമാണ് ഈ പ്രകടനം കാണിക്കുന്നത്. സ്ഥിരതയുള്ള പ്രകടനം, ഫലപ്രദമായ ബിസിനസ് ആസൂത്രണം, വരുമാനം വർധിപ്പിക്കാനുള്ള തുടർശ്രമങ്ങൾ എന്നിവയുടെ പ്രാധാന്യവും അംഗീകാരം അടിവരയിടുന്നു.
ഉപഭോക്താക്കളെ നേടാനും നിലനിർത്താനും
സിന്ധ്യയുടെ നിർദേശം
നേട്ടത്തിൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ജ്യോതിരാദിത്യ എം. സിന്ധ്യ അഭിനന്ദിച്ചു. പുതിയ ഉപഭോക്താക്കളെ നേടിയും മികച്ച സേവനം നൽകിയും നിലവിലുള്ള ഉപഭോക്താക്കളെ നിലനിർത്തിയും വളർച്ച തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണം. നേതൃത്വം ശക്തമാക്കുകയും പുതിയ ആശയങ്ങൾ നടപ്പാക്കുകയും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും വേണം. ബാധകമായ നയങ്ങൾക്കും അനുമതികൾക്കും വിധേയമായി വലിയ തോതിൽ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് നിരക്കിൽ ഇളവും വഴക്കവും നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ഉപഭോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്താനും പ്രവർത്തനക്ഷമത ഉയർത്താനും മത്സരശേഷി ശക്തമാക്കാനും ഇന്ത്യ പോസ്റ്റിന്റെ സേവനങ്ങൾ വേഗത്തിൽ ഡിജിറ്റലാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പാഴ്സൽ വൈകുന്നത് തടയണം; പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്തണം
ഇന്ത്യ പോസ്റ്റിന് വലിയ വളർച്ചാസാധ്യതയുണ്ടെന്ന് സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി പറഞ്ഞു. ജീവനക്കാരെ ശാക്തീകരിക്കണം. ഉത്തരവാദിത്തം ഉറപ്പാക്കുകയും സേവനവിതരണം മെച്ചപ്പെടുത്തുകയും വേണം. പാഴ്സൽ വിതരണം വൈകുന്നത് പരിഹരിക്കാനും ഉപഭോക്തൃസംതൃപ്തി വർധിപ്പിക്കാനും ഏകീകൃത നടപടിക്രമങ്ങളും തത്സമയ നിരീക്ഷണവും വേണമെന്ന് അദ്ദേഹം നിർദേശിച്ചു. ഉത്സവകാലത്തും പാഴ്സലുകൾ കൂടുതലായി എത്തുന്ന തിരക്കേറിയ സമയത്തും വളർച്ചയുടെ വേഗം നിലനിർത്തണമെന്ന് മന്ത്രിമാർ സർക്കിളുകളോട് ആവശ്യപ്പെട്ടു. പാഴ്സൽ വിഭാഗവും അന്താരാഷ്ട്ര ബന്ധങ്ങളും ആഗോള ബിസിനസും കൈകാര്യം ചെയ്യുന്ന വിഭാഗവും ശക്തമാക്കണം. സംസ്ഥാന സർക്കാരുകളുമായി ചേർന്ന് കൂടുതൽ ജനകേന്ദ്രിത സേവനങ്ങൾ ലഭ്യമാക്കുന്ന നടപടികൾ വേഗത്തിലാക്കണം. ചെലവിൽ അച്ചടക്കം പാലിക്കണമെന്നും നിർദേശിച്ചു. കാർഷിക ഉൽപ്പന്നങ്ങളുടെ ചരക്കുനീക്കവും അന്താരാഷ്ട്ര ബിസിനസും ഒരു കൂട്ടമായും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതി, വിനോദസഞ്ചാരം എന്നിവ മറ്റൊരു കൂട്ടമായും പരിഗണിച്ചുള്ള പ്രവർത്തനത്തിന് യോഗം ഊന്നൽ നൽകി. ജനകേന്ദ്രിത സേവനങ്ങൾ, സാമ്പത്തിക ഉൾപ്പെടുത്തൽ, ഇൻഷുറൻസ്, ഗ്രാമീണ ചരക്കുനീക്കം എന്നിവയും കൂട്ടമായി കേന്ദ്രീകരിക്കും. ജനസേവനത്തിന്റെ ആശയത്തോടെ വിപുലമായ ശൃംഖലയും ജീവനക്കാരുടെ ശേഷിയും ഉപയോഗിച്ച് പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്താനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്താനും സാമ്പത്തിക സുസ്ഥിരതയിലേക്ക് മുന്നേറാനുമാണ് വകുപ്പിന്റെ ലക്ഷ്യം.

