ന്യൂഡൽഹി / 2026 / ഒക്ടോബർ 20
സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരായ എല്ലാവരിലേക്കും എത്തിക്കാൻ കേന്ദ്ര ധനകാര്യ സേവന വകുപ്പ് രാജ്യവ്യാപക ക്യാമ്പയിൻ നടത്തും. ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെയാണ് പരിപാടി. രാജ്യത്തെ 2.70 ലക്ഷം ഗ്രാമപഞ്ചായത്തുകളെയും നഗര തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തും. ബാങ്കുകൾ നടത്തുന്ന ക്യാമ്പുകളിലൂടെ ഇൻഷുറൻസ്, പെൻഷൻ പദ്ധതികളിൽ ചേരാനും അക്കൗണ്ട് വിവരങ്ങൾ പുതുക്കാനും അവസരമൊരുക്കും.
ഇൻഷുറൻസിലും പെൻഷൻ പദ്ധതിയിലും ചേരാം
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടൽ പെൻഷൻ യോജന എന്നിവയിൽ ക്യാമ്പുകളിലൂടെ ചേരാം. ജീവൻ ജ്യോതി ബീമാ യോജനയിലും സുരക്ഷാ ബീമാ യോജനയിലും ആധാർ ബന്ധിപ്പിക്കുന്നതിനും സൗകര്യമുണ്ടാകും. പ്രധാനമന്ത്രി ജൻധൻ യോജനയുടെ ഭാഗമായി പുതിയ അക്കൗണ്ടുകളും തുറക്കാം.
അക്കൗണ്ട് വിവരങ്ങളും നാമനിർദേശങ്ങളും പുതുക്കാം
നിലവിലുള്ള ജൻധൻ അക്കൗണ്ടുകളുടെയും മറ്റ് സേവിങ്സ് അക്കൗണ്ടുകളുടെയും ഉപഭോക്തൃ തിരിച്ചറിയൽ വിവരങ്ങൾ വീണ്ടും പരിശോധിച്ച് പുതുക്കാം. കേന്ദ്രീകൃത ഉപഭോക്തൃ തിരിച്ചറിയൽ നമ്പരായ സി കെവൈസി ഐഡി ലഭിക്കാനുള്ളവർക്ക് അതും സൃഷ്ടിച്ചു നൽകും. സേവിങ്സ് അക്കൗണ്ടുകൾ, ലോക്കറുകൾ തുടങ്ങിയ സൗകര്യങ്ങളിൽ നാമനിർദേശ വിവരങ്ങൾ പുതുക്കാൻ ബാക്കിയുള്ളവർക്ക് അതിനും അവസരമുണ്ടാകും.
ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണം
സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികളെക്കുറിച്ചും ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ചും ബോധവത്കരണ പരിപാടികൾ നടത്തും. അവകാശികളെത്താതെ കിടക്കുന്ന സാമ്പത്തിക ആസ്തികളെക്കുറിച്ചുള്ള ‘ആപ്കി പൂംജി, ആപ്കാ അധികാർ’ അഥവാ ‘നിങ്ങളുടെ സമ്പത്ത്, നിങ്ങളുടെ അവകാശം’ പരിപാടിയെക്കുറിച്ചും വിശദീകരിക്കും. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെയും ഔപചാരിക ധനകാര്യ സംവിധാനത്തിലേക്ക് കൊണ്ടുവന്ന് ശാക്തീകരിക്കാനും കൂടുതൽ പേരെ ഉൾക്കൊള്ളുന്ന സമൂഹം കെട്ടിപ്പടുക്കാനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ക്യാമ്പയിൻ.
കർഷകർക്കും സേവനങ്ങൾ; പുരോഗതി നിരീക്ഷിക്കും
അർഹരായ എല്ലാ പിഎം കിസാൻ ഗുണഭോക്താക്കളിലേക്കും കിസാൻ ക്രെഡിറ്റ് കാർഡ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ അപേക്ഷകൾ സ്വീകരിക്കും. വരാനിരിക്കുന്ന റാബി കൃഷിക്കാലത്തേക്ക് കിസാൻ ക്രെഡിറ്റ് കാർഡ് അക്കൗണ്ടുള്ള അർഹരായ എല്ലാവരെയും പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിൽ ഉൾപ്പെടുത്താനുള്ള രജിസ്ട്രേഷനും നടത്തും.
ക്യാമ്പയിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഒക്ടോബർ 19ന് യോഗം ചേർന്നു. ധനകാര്യ സേവന വകുപ്പിലെ സാമ്പത്തിക ഉൾപ്പെടുത്തൽ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബാങ്കുകളുടെയും സംസ്ഥാനതല ബാങ്കേഴ്സ് സമിതികളുടെയും മുതിർന്ന പ്രതിനിധികൾ പങ്കെടുത്തു. സംസ്ഥാന ഭരണകൂടങ്ങൾ, ബാങ്കുകൾ, ധനകാര്യ സേവന വകുപ്പ് എന്നിവയുൾപ്പെടെയുള്ള പ്രധാന പങ്കാളികൾ ക്യാമ്പയിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കും.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.