ന്യൂഡൽഹി / 2026 / ഒക്ടോബർ 20
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വിജയദശമി ദിനമായ ഇന്ന് പ്രാബല്യത്തിൽ വരുന്നു. എല്ലാ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ന്യൂസിലൻഡ് വിപണിയിൽ കസ്റ്റംസ് തീരുവയില്ലാതെ പ്രവേശിക്കാം. കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രി പീയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാര–നിക്ഷേപ മന്ത്രി ടോഡ് മക്ക്ലേയും ഒക്ടോബർ 19ന് ഓൺലൈനായി നടത്തിയ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. കയറ്റുമതി, തൊഴിൽ, നിക്ഷേപം, കാർഷിക സഹകരണം എന്നിവയിൽ പുതിയ അവസരങ്ങൾ തുറക്കുന്ന കരാറിലൂടെ ഇന്ത്യയിൽ 2,000 കോടി അമേരിക്കൻ ഡോളറിന്റെ നിക്ഷേപം സാധ്യമാക്കാനും ന്യൂസിലൻഡ് പ്രതിബദ്ധത അറിയിച്ചു.
ചെറുകിട സംരംഭങ്ങൾക്കും കർഷകർക്കും പുതിയ വിപണി
കളിക്കളത്തിലും പുറത്തും വിജയിക്കുന്ന പങ്കാളിത്തമാണ് ഇരുരാജ്യങ്ങളുടേതെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. കരാർ സൃഷ്ടിക്കുന്ന അവസരങ്ങളും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് അതിന്റെ വിജയം നിർണയിക്കുക. ന്യൂസിലൻഡ് വിപണിയിലെ നൂറുശതമാനം തീരുവരഹിത പ്രവേശനം ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ അവസരമാകും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും കരകൗശല തൊഴിലാളികൾക്കും കർഷകർക്കും വനിതാ സംരംഭകർക്കും പ്രത്യേകിച്ച് പ്രയോജനം ലഭിക്കും. കർഷകർക്ക് പുതിയ അവസരങ്ങൾക്കൊപ്പം ആവശ്യമായ സംരക്ഷണവും കരാർ ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആപ്പിൾ, കിവിപ്പഴം, തേൻ എന്നിവയ്ക്കുള്ള കർമപദ്ധതികളും മികവിന്റെ കേന്ദ്രങ്ങളും തോട്ടപരിപാലനം മെച്ചപ്പെടുത്താനും വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കാനും ഉൽപ്പാദനക്ഷമതയും കർഷകരുടെ വരുമാനവും ഉയർത്താനും സഹായിക്കും.
ഇരുരാജ്യങ്ങളുടെയും ബന്ധത്തിലെ നിർണായക വഴിത്തിരിവാണ് കരാറെന്ന് ടോഡ് മക്ക്ലേ പറഞ്ഞു. ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യയിലെ 140 കോടി ഉപഭോക്താക്കളിലേക്കാണ് ന്യൂസിലൻഡ് കയറ്റുമതിക്കാർക്ക് അവസരം തുറക്കുന്നത്. ഇന്ത്യയിലേക്കുള്ള ന്യൂസിലൻഡിന്റെ നിലവിലെ കയറ്റുമതിക്ക് തീരുവ ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. എല്ലാ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ന്യൂസിലൻഡിൽ തീരുവരഹിത പ്രവേശനം ലഭിക്കുന്നതോടെ, ആ രാജ്യവുമായി വ്യാപാര കരാറുള്ള മറ്റു പങ്കാളികൾക്കു തുല്യമായ മത്സരാവസരം ഇന്ത്യക്കും ലഭിക്കും. വ്യവസായങ്ങൾ ഈ അവസരങ്ങൾ എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നതും കരാറിന്റെ വിജയത്തിൽ നിർണായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ ജെസിബി കയറ്റുമതിക്ക് തുടക്കം; നിരവധി മേഖലകൾക്ക് നേട്ടം
ഇന്ത്യയിൽനിന്ന് ന്യൂസിലൻഡിലേക്കുള്ള ആദ്യ ജെസിബി യന്ത്രത്തിന്റെ കയറ്റുമതി പീയൂഷ് ഗോയൽ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. കരാർ പ്രാബല്യത്തിൽ വരുന്ന ദിവസം കാർഷിക ഉൽപ്പന്നങ്ങൾ, രത്നാഭരണങ്ങൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, കായികോപകരണങ്ങൾ, പാദരക്ഷകൾ, തുകൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കും തുടക്കം കുറിക്കാൻ പദ്ധതിയുണ്ട്. ഇന്ത്യൻ ഉൽപ്പാദകരുടെ ആത്മവിശ്വാസവും രാജ്യത്തുടനീളമുള്ള കയറ്റുമതിക്കാർക്ക് ലഭിക്കുന്ന അവസരങ്ങളുമാണ് ഈ നടപടികൾ പ്രതിഫലിപ്പിക്കുന്നത്. ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. സേവനം, പാദരക്ഷ, എൻജിനീയറിങ്, കൃഷി തുടങ്ങിയ മേഖലകളിലെ സാധ്യതകൾ അവർ വിശദീകരിച്ചു. ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങളുടെ എല്ലാ തീരുവ വിഭാഗങ്ങളിലും ന്യൂസിലൻഡ് കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ പരമാവധി പത്തുശതമാനം വരെയുണ്ടായിരുന്ന തീരുവയാണ് നീങ്ങുന്നത്.
തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, രത്നാഭരണങ്ങൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ, വാഹനങ്ങൾ, വാഹനഘടകങ്ങൾ, രാസവസ്തുക്കൾ, ഔഷധങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. മരത്തടികൾ, കോക്കിങ് കൽക്കരി, ലോഹാവശിഷ്ടങ്ങൾ, ലോഹ സ്ക്രാപ്പ് എന്നിവയ്ക്കുള്ള തീരുവരഹിത പ്രവേശനം ഉൽപ്പാദന മേഖലയുടെയും ചെറുകിട സംരംഭങ്ങളുടെയും വിതരണശൃംഖല ശക്തിപ്പെടുത്തും. ഔഷധ–മെഡിക്കൽ ഉപകരണ വ്യവസായങ്ങൾക്ക് ലളിതമാക്കിയ നിയന്ത്രണ നടപടികളും ഗുണകരമാകും. പൂജ്യം തീരുവയും വേഗത്തിലുള്ള കസ്റ്റംസ് നടപടികളും ചരക്കുകൾ വിപണിയിലെത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കും. വനിതാ സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, കരകൗശല തൊഴിലാളികൾ, ആദ്യമായി സംരംഭം തുടങ്ങുന്നവർ എന്നിവർക്കും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താം. വ്യാപാരവിവരങ്ങളും ന്യൂസിലൻഡിലെ ചെറുകിട–ഇടത്തരം സംരംഭങ്ങളുമായുള്ള ബന്ധവും ലഭ്യമാക്കും. സ്ത്രീകളുടെയും യുവാക്കളുടെയും ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകും. ഇന്ത്യൻ ഭൗമസൂചികകളുടെ രജിസ്ട്രേഷൻ സുഗമമാക്കാനും ന്യൂസിലൻഡ് പ്രതിബദ്ധത അറിയിച്ചു. ഗ്രാമീണ കരകൗശല തൊഴിലാളികളുടെയും പരമ്പരാഗത വ്യവസായങ്ങളുടെയും ഉൽപ്പന്നങ്ങൾക്ക് സംരക്ഷണം നേടാൻ ഇത് വഴിയൊരുക്കും.
തൊഴിൽ വിസകളും പഠനശേഷം ജോലി ചെയ്യാനുള്ള അവസരവും
ഇതുവരെ ഒപ്പുവെച്ച വ്യാപാര കരാറുകളിൽ സേവനമേഖലയ്ക്കായി നൽകിയതിൽ ഏറ്റവും വിപുലമായ വാഗ്ദാനമാണ് ന്യൂസിലൻഡ് ഇന്ത്യക്ക് നൽകിയിരിക്കുന്നത്. ഏകദേശം 118 മേഖലകളിൽ വിപണി പ്രവേശനവും 139 ഉപമേഖലകളിൽ ഏറ്റവും അനുകൂല രാഷ്ട്ര പരിഗണനയ്ക്കുള്ള പ്രതിബദ്ധതയും ലഭിക്കും. ആരോഗ്യം, പരമ്പരാഗത ചികിത്സാ സേവനങ്ങൾ എന്നിവയ്ക്ക് ആദ്യമായി പ്രത്യേക പ്രവേശനവും അനുവദിച്ചിട്ടുണ്ട്. ആയുർവേദം, യോഗ, മറ്റ് ആയുഷ് ചികിത്സാ സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.
ഇന്ത്യൻ യുവാക്കൾക്കും പ്രൊഫഷണലുകൾക്കും പ്രതിവർഷം 5,000 താൽക്കാലിക തൊഴിൽ പ്രവേശന വിസകളും 1,000 വർക്കിങ് ഹോളിഡേ വിസകളും ലഭിക്കും. ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിന് പരിധിയുണ്ടാകില്ല. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം എന്നീ മേഖലകളിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കുന്നവർക്ക് പഠനശേഷം മൂന്നുവർഷം വരെ ജോലി ചെയ്യാം. ഡോക്ടറേറ്റ് ഗവേഷകർക്ക് നാലുവർഷം വരെ അവസരമുണ്ടാകും. യുവാക്കളെയും വനിതകളെയും ചെറുകിട സംരംഭങ്ങളെയും ശാക്തീകരിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന വികസിത രാജ്യങ്ങളുമായുള്ള പങ്കാളിത്തം ശക്തമാക്കാനുള്ള ഇന്ത്യയുടെ സമീപനത്തിന്റെ ഭാഗമാണ് കരാർ.
കൃഷിക്ക് സാങ്കേതിക സഹായം; സംരക്ഷണ വ്യവസ്ഥകളും
തീരുവയിളവുകൾക്കപ്പുറം ആഗോള സാങ്കേതികവിദ്യയും പരിശീലനവും മികച്ച കൃഷിരീതികളും ഇന്ത്യൻ കർഷകരിലേക്കെത്തിക്കുന്ന കാർഷിക ഉൽപ്പാദനക്ഷമതാ പങ്കാളിത്തമാണ് കരാറിലെ പ്രധാന ഘടകം. കിവിപ്പഴം, ആപ്പിൾ, തേൻ എന്നിവയ്ക്ക് പ്രത്യേക കർമപദ്ധതികളുണ്ട്. തോട്ടവിളകൾ, വനവൽക്കരണം, കന്നുകാലി വളർത്തൽ, മത്സ്യമേഖല എന്നിവയിലേക്കും സഹകരണം വ്യാപിക്കും. കിവിപ്പഴം, ആപ്പിൾ, തേൻ എന്നിവയ്ക്കുള്ള മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ന്യൂസിലൻഡ് സാങ്കേതിക സഹായം നൽകും. കിവിപ്പഴ കർമപദ്ധതിയുടെ ആദ്യഘട്ട കേന്ദ്രങ്ങൾക്കായി നാഗാലാൻഡിലെ ഫുത്സെറോയും ഉത്തരാഖണ്ഡിലെ മഗ്രയും കണ്ടെത്തിയിട്ടുണ്ട്. ആപ്പിളിനായി ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും രണ്ട് കേന്ദ്രങ്ങൾ നിർദേശിച്ചിട്ടുണ്ട്. തേനിനായുള്ള കേന്ദ്രങ്ങൾ ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും സ്ഥാപിക്കാനാണ് പദ്ധതി. സാങ്കേതികവിദ്യ കൈമാറിയും കൃഷിരീതികൾ മെച്ചപ്പെടുത്തിയും ഉൽപ്പാദനക്ഷമത ഉയർത്തുകയാണ് ലക്ഷ്യം. ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ പ്രതിനിധികളും ന്യൂസിലൻഡിലെ സഹകരണ സ്ഥാപനങ്ങളും പ്രാബല്യപ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
ആപ്പിൾ, കിവിപ്പഴം, മനൂക്ക തേൻ എന്നിവയുടെ തീരുവ നിരക്ക് ക്വാട്ടകൾ ബന്ധപ്പെട്ട കർമപദ്ധതികൾ നടപ്പാക്കുന്നതുമായി ഔദ്യോഗികമായി ബന്ധിപ്പിച്ചിട്ടുണ്ട്. സംയുക്ത കാർഷിക ഉൽപ്പാദനക്ഷമതാ കൗൺസിലിന്റെ മേൽനോട്ടത്തിലായിരിക്കും ഇത്. വിപണി പ്രവേശനത്തെ കർഷകക്ഷേമവുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. കർഷകർ, ക്ഷീരോൽപ്പാദകർ, മത്സ്യത്തൊഴിലാളികൾ, ഗ്രാമീണ സമൂഹങ്ങൾ എന്നിവരെ സംരക്ഷിക്കാൻ പാലുൽപ്പന്നങ്ങൾ, പഞ്ചസാര, ഭക്ഷ്യഎണ്ണകൾ, പ്രധാന കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ സംവേദനക്ഷമമായ ഇനങ്ങളെ ഇളവുകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ ഉത്ഭവം ഉറപ്പാക്കുന്ന കർശന ചട്ടങ്ങൾ, ഉഭയകക്ഷി സംരക്ഷണ സംവിധാനം, വ്യവസ്ഥകൾ മറികടക്കുന്നത് തടയുന്ന ശക്തമായ നടപടികൾ എന്നിവയിലൂടെ യഥാർഥ ഇന്ത്യൻ കയറ്റുമതിക്കാർക്കുതന്നെ ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കും.
നിക്ഷേപം മുതൽ 2030ലെ വ്യാപാരലക്ഷ്യം വരെ
ഇന്ത്യയിൽ 2,000 കോടി അമേരിക്കൻ ഡോളറിന്റെ നിക്ഷേപം സാധ്യമാക്കാനാണ് ന്യൂസിലൻഡിന്റെ പ്രതിബദ്ധത. കൃഷി, ഉൽപ്പാദനം, അടിസ്ഥാനസൗകര്യം, സ്റ്റാർട്ടപ്പുകൾ എന്നീ മേഖലകൾക്ക് ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. മേക്ക് ഇൻ ഇന്ത്യ കാഴ്ചപ്പാടിന് അനുസരിച്ച് പുതുമകൾക്കും സംരംഭകത്വത്തിനും തൊഴിലവസരങ്ങൾക്കും നിക്ഷേപം പിന്തുണ നൽകും. രാജ്യങ്ങൾക്കിടയിൽ ആഴത്തിലുള്ള സാമ്പത്തിക പങ്കാളിത്തം സൃഷ്ടിക്കുകയാണ് സ്വതന്ത്ര വ്യാപാര കരാറുകളുടെ ലക്ഷ്യമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. കരാറിന്റെ ഭാഗമായി ന്യൂസിലൻഡിൽനിന്ന് കൂടുതൽ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. പസഫിക് മേഖലയിലെ മറ്റു വലിയ സമ്പദ്വ്യവസ്ഥകൾക്ക് ന്യൂസിലൻഡുമായി കൂടുതൽ ആഴത്തിലുള്ള വ്യാപാരബന്ധമുണ്ട്. ഉഭയകക്ഷി വ്യാപാരത്തിൽ ഇന്ത്യക്കും വലിയ പങ്കുവഹിക്കാൻ കരാർ അവസരമൊരുക്കുന്നു. ഈ സാധ്യതകൾ ജനങ്ങൾക്ക് യഥാർഥ നേട്ടമാക്കി മാറ്റുകയാണ് അടുത്ത ദൗത്യം. സന്ദേശം രാജ്യത്തെ ഓരോ ജില്ലയിലുമെത്തിക്കാൻ വ്യവസായങ്ങളുമായും സംഘടനകളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇരുരാജ്യങ്ങളും സഹകരണം കൂടുതൽ ആഴത്തിലാക്കുകയും വിപുലീകരിക്കുകയും ചെയ്തുവരികയാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ മത്സരശേഷി, പുതുമ, ഉൽപ്പാദനശേഷി, എല്ലാവരെയും ഉൾക്കൊള്ളുന്ന സമൃദ്ധി എന്നിവയിൽ അധിഷ്ഠിതമായ വികസിത ഇന്ത്യയെന്ന 2047ലെ ലക്ഷ്യവുമായി കരാർ ചേർന്നുനിൽക്കുന്നതായി പീയൂഷ് ഗോയൽ പറഞ്ഞു. കർഷകർ, ചെറുകിട സംരംഭങ്ങൾ, വനിതാ സംരംഭങ്ങൾ, സംരംഭകർ, കരകൗശല തൊഴിലാളികൾ, യുവാക്കൾ, പ്രൊഫഷണലുകൾ എന്നിവരെ ശാക്തീകരിക്കുന്ന ജനകേന്ദ്രിത പങ്കാളിത്തമാണ് വിഭാവനം ചെയ്യുന്നത്. കരാർ ചർച്ചകൾ 2025 മാർച്ച് 16ന് ആരംഭിച്ച് ഒമ്പതുമാസത്തിനുള്ളിൽ ഡിസംബർ 22ന് പൂർത്തിയായി. 2026 ഏപ്രിൽ 27നാണ് കരാർ ഒപ്പുവെച്ചത്. ഇന്ത്യ–ന്യൂസിലൻഡ് തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ 2030 വരെയുള്ള പ്രവർത്തനരേഖയ്ക്കും ഇത് പിന്തുണ നൽകും. ചരക്കുകളുടെയും സേവനങ്ങളുടെയും ഉഭയകക്ഷി വ്യാപാരം 2030ഓടെ ഇരട്ടിയാക്കി 700 കോടി ന്യൂസിലൻഡ് ഡോളർ, ഏകദേശം 35,000 കോടി രൂപ, ആക്കുകയാണ് ലക്ഷ്യം.