ന്യൂഡൽഹി / 2026 / ഒക്ടോബർ 19
കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ ‘സ്വച്ഛതാ ഹി സേവാ 2026’ പ്രചാരണപരിപാടി പൂർത്തിയായി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടന്ന പരിപാടിയിൽ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും അനുബന്ധ ഓഫീസുകളും പങ്കെടുത്തു. ശുചീകരണം ആവശ്യമായ 9,845 കേന്ദ്രങ്ങൾ വൃത്തിയാക്കി മെച്ചപ്പെടുത്തി. പൊതുസ്ഥലങ്ങളും ജലാശയങ്ങളും വൃത്തിയാക്കുന്നതിനൊപ്പം ശുചീകരണത്തൊഴിലാളികൾക്കായി ആരോഗ്യപരിശോധനകളും നടത്തി. ശുചിത്വം, പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
9,845 കേന്ദ്രങ്ങൾക്ക് മാറ്റം; പൊതുസ്ഥലങ്ങളിലും ശുചീകരണം
സെപ്റ്റംബർ 17ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ മൂന്നിൽ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തിൽ ശുചിത്വ പ്രതിജ്ഞയെടുത്താണ് പരിപാടി തുടങ്ങിയത്. പ്രവർത്തനങ്ങളുടെ പുരോഗതി സെക്രട്ടറി പതിവായി വിലയിരുത്തി. കൂടുതൽ പേരെ പങ്കെടുപ്പിക്കാനും പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നൽകി.
പരിപാടിയുടെ ആദ്യ ഘടകമായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ശുചീകരണവും അവയുടെ സ്ഥിതി മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങളും നടത്തി. ചന്തകൾ, ജനവാസമേഖലകൾ, ശൗചാലയങ്ങൾ, ഓഫീസുകൾ, ജലാശയങ്ങൾ എന്നിവയും പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി. 99,548 പേരുടെ പങ്കാളിത്തത്തോടെയാണ് 9,845 കേന്ദ്രങ്ങൾ വൃത്തിയാക്കി മെച്ചപ്പെടുത്തിയത്. ഇതിനുപുറമെ, 45,526 പേർ ചേർന്ന് 937 പൊതുസ്ഥലങ്ങൾ വൃത്തിയാക്കി. ജലസ്രോതസ്സുകളുടെ ശുചിത്വവും സംരക്ഷണവും ലക്ഷ്യമിട്ട് 1,264 പേർ പങ്കെടുത്ത 143 ജലാശയ ശുചീകരണയജ്ഞങ്ങളും നടത്തി. ജനവാസമേഖലകളിൽ 543 ശുചീകരണയജ്ഞങ്ങളും സംഘടിപ്പിച്ചു.
ശുചിത്വ സന്ദേശവുമായി 18,700 സ്കൂൾക്കുട്ടികൾ
‘സ്വച്ഛ പാഠശാല: യുവ ഫോർ സ്വച്ഛത’ എന്ന ഘടകത്തിലൂടെ വിദ്യാർഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സമൂഹത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങളെയും പരിപാടിയുടെ ഭാഗമാക്കി. യുവാക്കളിൽ ശുചിത്വത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും അവബോധം വളർത്താനായിരുന്നു പ്രവർത്തനങ്ങൾ.
റിപ്പോർട്ട് ചെയ്ത പ്രവർത്തനങ്ങളിൽ ആകെ 18,700 സ്കൂൾക്കുട്ടികൾ പങ്കെടുത്തു. ബോധവത്കരണം, പ്രവർത്തനങ്ങൾ നേരിട്ട് കാണിച്ചുകൊടുക്കൽ, ബന്ധപ്പെട്ട വിഭാഗങ്ങളെ പങ്കെടുപ്പിക്കൽ, സ്കൂൾതല ശുചീകരണം, ജലസംരക്ഷണ സംവാദമായ ‘ജൽ സഞ്ചയ് സംവാദ്’, ‘ജ്ഞാൻ യാത്ര’ എന്നിവ സംഘടിപ്പിച്ചു. ജ്ഞാൻ യാത്രാ പ്രവർത്തനങ്ങളിൽ 3,109 വിദ്യാർഥികളുടെ പങ്കാളിത്തവും രേഖപ്പെടുത്തി.
ശുചീകരണത്തൊഴിലാളികൾക്ക് ആരോഗ്യവും സുരക്ഷയും
ശുചീകരണത്തൊഴിലാളികളുടെ പ്രധാന സംഭാവന കണക്കിലെടുത്ത് മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ 234 ‘സഫായി മിത്ര സുരക്ഷാ ഏവം സമ്മാൻ ശിവിർ’ ക്യാമ്പുകൾ നടത്തി. സുരക്ഷയും ആദരവും ഉറപ്പാക്കുന്നതിനുള്ള ഈ ക്യാമ്പുകളിൽ 7,098 ശുചീകരണത്തൊഴിലാളികൾ പങ്കെടുത്തു.
രോഗങ്ങൾ നേരത്തേ കണ്ടെത്താനും പ്രതിരോധിക്കാനുമായി 276 ആരോഗ്യപരിശോധനാ പരിപാടികൾ സംഘടിപ്പിച്ചു. 4,365 പേർ ഇവയിൽ പങ്കെടുത്തു. വ്യക്തിഗത സുരക്ഷയ്ക്കുള്ള 3,518 പി.പി.ഇ. കിറ്റുകളും വിതരണം ചെയ്തു. തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യം, അന്തസ്സ്, ക്ഷേമാനുകൂല്യങ്ങൾ ലഭ്യമാക്കൽ എന്നിവയ്ക്കാണ് ഈ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകിയത്.


കമ്പോസ്റ്റും കായികപരിപാടികളും; പ്ലാസ്റ്റിക് കുറയ്ക്കാനും ആഹ്വാനം
‘ജൻ ഭാഗീദാരി ഫോർ സ്വച്ഛത’ എന്ന ഘടകത്തിലൂടെ ശുചിത്വ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം പ്രോത്സാഹിപ്പിച്ചു. ബോധവത്കരണ പരിപാടികൾ, കമ്പോസ്റ്റ് നിർമാണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങൾ, സമൂഹപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.
കമ്പോസ്റ്റിങ്ങിനെക്കുറിച്ച് 450 ബോധവത്കരണയജ്ഞങ്ങൾ നടത്തി. ശുചിത്വ സന്ദേശവുമായി സംഘടിപ്പിച്ച 154 കായിക പ്രവർത്തനങ്ങളിൽ 3,530 പേർ പങ്കെടുത്തു. പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളിൽ 2,662 പേരും പങ്കാളികളായി. സുസ്ഥിര മാലിന്യസംസ്കരണവും ശുചിത്വ പ്രവർത്തനങ്ങളിലെ സാമൂഹിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ പരിപാടികൾ.
പാഴ്വസ്തുക്കളിൽനിന്ന് ഉപയോഗവസ്തുക്കളും കലാസൃഷ്ടികളും
അഞ്ചാമത്തെ ഘടകമായ ‘സ്വച്ഛതാ സേ സമൃദ്ധി’യിൽ മാലിന്യത്തിൽനിന്ന് മൂല്യമുള്ള ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിനും വസ്തുക്കൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരുന്ന സമ്പദ്വ്യവസ്ഥയ്ക്കുമാണ് പ്രാധാന്യം നൽകിയത്. പാഴ്വസ്തുക്കളിൽനിന്ന് ഉപയോഗവസ്തുക്കൾ നിർമിക്കുന്ന ‘കബാഡ് സേ ജുഗാഡ്’, കലാസൃഷ്ടികൾ ഒരുക്കുന്ന ‘കബാഡ് സേ കലാ’ എന്നിവ ഇതിൽ ഉൾപ്പെട്ടു. 191 കലാ കോളേജുകളെയും സ്ഥാപനങ്ങളെയും പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചു. പ്ലാസ്റ്റിക് പുനഃചംക്രമണത്തിനായി 175 മേളകൾ നടത്തി. 135 പ്ലാസ്റ്റിക് മാലിന്യസംസ്കരണ യൂണിറ്റുകളുടെ പ്രവർത്തനം വിലയിരുത്തി. ‘കബാഡ് സേ ജുഗാഡി’ൽ 687 എൻട്രികളും ‘കബാഡ് സേ കലാ’യിൽ 607 എൻട്രികളും ലഭിച്ചു. മാലിന്യത്തിന്റെ സൃഷ്ടിപരമായ പുനരുപയോഗം, ഉപയോഗയോഗ്യമായ വസ്തുക്കൾ വീണ്ടെടുക്കൽ, സുസ്ഥിര മാലിന്യസംസ്കരണം എന്നിവയെക്കുറിച്ചുള്ള അവബോധവും ഈ പ്രവർത്തനങ്ങൾ വളർത്തി.


മന്ത്രാലയം, പൊതുമേഖലാ സ്ഥാപനങ്ങൾ, അനുബന്ധ സംഘടനകൾ, ജീവനക്കാർ, വിദ്യാർഥികൾ, ശുചീകരണത്തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടങ്ങൾക്ക് പിന്നിൽ. ശുചീകരണയജ്ഞങ്ങൾ, ബോധവത്കരണ പരിപാടികൾ, ക്ഷേമക്യാമ്പുകൾ, മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ജനപങ്കാളിത്തം ശക്തിപ്പെടുത്താനും ശുചിത്വം തുടർച്ചയായ ശീലമാക്കാനുമാണ് ശ്രമിച്ചത്. ശുചിത്വവും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്വവും സാമൂഹിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ശുചിത്വമുള്ള വികസിത ഇന്ത്യയെന്ന വിശാലമായ ലക്ഷ്യത്തിന് സംഭാവന നൽകുന്നതാണ് ഈ പ്രവർത്തനങ്ങൾ.
