ന്യൂഡൽഹി / 2026 / ഒക്ടോബർ 18
അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡൽഹി, ഗോവ കേന്ദ്രങ്ങളിലെ കൗമാരഭൃത്യ വിഭാഗങ്ങൾക്ക് രാഷ്ട്രീയ ആയുർവേദ വിദ്യാപീഠത്തിന്റെ മികവിന്റെ കേന്ദ്രമെന്ന അംഗീകാരം. ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന കൗമാരകോൺ 2026ൽ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള രാഷ്ട്രീയ ആയുർവേദ വിദ്യാപീഠവുമായി ഒപ്പിട്ട ധാരണാപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുട്ടികളുടെ ആയുർവേദ ചികിത്സയിൽ പ്രവർത്തനരീതികൾ ഏകീകരിക്കാനും ഗവേഷണവും പരിശീലനവും ശക്തമാക്കാനുമാണ് സഹകരണം. അമേരിക്കയിൽ ആയുർവേദ അക്കാദമിക് ചെയർ സ്ഥാപിക്കാൻ മറ്റൊരു അന്താരാഷ്ട്ര ധാരണാപത്രവും ഒപ്പിട്ടു.
കുട്ടികളുടെ ചികിത്സയിൽ ഏകീകൃത പ്രവർത്തനരീതി
കുട്ടികളുടെ ആയുർവേദ ചികിത്സാശാഖയായ കൗമാരഭൃത്യത്തിൽ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനരീതികൾ തയ്യാറാക്കുന്നതും പരിശീലനം നൽകുന്നതും മികവിന്റെ കേന്ദ്രമെന്ന അംഗീകാരത്തിന്റെ ഭാഗമാണ്. ബൗദ്ധിക സ്വത്തവകാശം, നയഗവേഷണത്തിലെ ശേഷിവികസനം എന്നിവയും ഇതിൽ ഉൾപ്പെടും. സ്വർണപ്രാശനത്തിലും കുട്ടികളുടെ രോഗചികിത്സയുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും ഗവേഷണവും പരിശീലനവും നടത്താനും ധാരണയുണ്ട്.
സ്വർണപ്രാശന സംസ്കാരത്തിന് ഏകീകൃത പ്രവർത്തനരീതി തയ്യാറാക്കുകയാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിനായി ഗോവയിലെയും ന്യൂഡൽഹിയിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിൽ വിദഗ്ധരുടെ സംയുക്ത ചർച്ചകൾ നടത്തും. ഔഷധക്കൂട്ടിന്റെ മാനദണ്ഡങ്ങൾ, തയ്യാറാക്കുന്ന വിധം, നൽകുന്ന രീതി, കുട്ടിയുടെ പ്രായത്തിനും ശരീരബലത്തിനും അനുയോജ്യമായ അളവ് എന്നിവ ഇതിലൂടെ നിശ്ചയിക്കും.
സുരക്ഷയും ഗുണനിലവാരവും പരിശോധിക്കും
ഗുണനിലവാര നിയന്ത്രണം, സുരക്ഷ, വിവരങ്ങൾ രേഖപ്പെടുത്തൽ, നിരീക്ഷണം എന്നിവയ്ക്ക് പ്രവർത്തനരീതിയിൽ ശ്രദ്ധ നൽകും. മാതാപിതാക്കൾക്കും കുട്ടികളെ പരിചരിക്കുന്നവർക്കും അവബോധം നൽകുന്നതും ഇതിന്റെ ഭാഗമാണ്.
സ്വർണപ്രാശനത്തിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ലബോറട്ടറി, ക്ലിനിക്കൽ ഗവേഷണങ്ങൾ നടത്താനും സഹകരണം വ്യവസ്ഥ ചെയ്യുന്നു. പ്രായോഗിക സാധ്യതയും ആവശ്യമായ അനുമതികളും പരിഗണിച്ചായിരിക്കും ഗവേഷണം. സംയുക്ത പ്രസിദ്ധീകരണങ്ങളും ശേഷിവികസന പരിപാടികളും നടത്തും. സാങ്കേതിക ചർച്ചകൾക്കും പ്രവർത്തനരീതി ബന്ധപ്പെട്ട ദേശീയ, അന്താരാഷ്ട്ര തലങ്ങളിലെ പങ്കാളികളിലേക്ക് എത്തിക്കുന്നതിനും രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം പിന്തുണ നൽകും.
കുട്ടികളുടെ നാഡീവികാസ പരിചരണത്തിന് ‘പ്രയാസ്’
ഗോവയിലെ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ കുട്ടികൾക്കായി ‘പ്രയാസ്’ എന്ന സംയോജിത നാഡീപുനരധിവാസ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. വിവിധ ചികിത്സാവിഭാഗങ്ങൾ ഒന്നിച്ചുള്ള പരിചരണമാണ് ഇവിടത്തെ പ്രത്യേകത. പ്രത്യേക ശിശു പഞ്ചകർമ വിഭാഗത്തിനൊപ്പം ആയുർവേദ ശിശുരോഗ വിദഗ്ധർ, ആധുനിക വൈദ്യശാസ്ത്രത്തിലെ ശിശുരോഗ വിദഗ്ധൻ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, യോഗ വിദഗ്ധർ, സ്വസ്ഥവൃത്ത വിഭാഗത്തിലെ ആയുർവേദ ഭക്ഷണവിദഗ്ധൻ എന്നിവരുടെ സേവനവും ലഭിക്കും. തുടർപരിശീലനത്തിനും ശേഷിവികസനത്തിനുമായി ഈ സംവിധാനം രാഷ്ട്രീയ ആയുർവേദ വിദ്യാപീഠവുമായി സഹകരിക്കും.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, സെറിബ്രൽ പാൾസി, ശ്രദ്ധക്കുറവും അമിതചലനവും പ്രകടമാകുന്ന അവസ്ഥ, മറ്റു നാഡീവികാസ പ്രശ്നങ്ങൾ എന്നിവയുള്ള കുട്ടികൾക്കായി ഈ വിദഗ്ധർ ഒരുമിച്ച് പ്രവർത്തിക്കുന്നു. ഓരോ കുട്ടിയുടെയും ആവശ്യത്തിന് അനുയോജ്യമായ ഏകോപിത പരിചരണമാണ് നൽകുന്നത്. ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള കഴിവും വിവിധ പ്രവർത്തനങ്ങളിലെ പങ്കാളിത്തവും ജീവിതനിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
അമേരിക്കയിൽ ആയുർവേദ അക്കാദമിക് ചെയർ
ഗോവയിലെ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടും അമേരിക്കയിലെ അയോവ സംസ്ഥാനത്തെ ഫെയർഫീൽഡിലുള്ള മഹർഷി ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയും തമ്മിലാണ് അന്താരാഷ്ട്ര ധാരണാപത്രം ഒപ്പിട്ടത്. സർവകലാശാലയുടെ ശരീരക്രിയാശാസ്ത്ര, ആരോഗ്യ വിഭാഗത്തിൽ ആയുർവേദ അക്കാദമിക് ചെയർ സ്ഥാപിക്കാനാണ് കരാർ. അക്കാദമിക്, ഗവേഷണ പ്രവർത്തനങ്ങൾ, പാഠ്യപദ്ധതി വികസനം, ഹ്രസ്വകാല, ഇടക്കാല കോഴ്സുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ആയുർവേദവുമായി ബന്ധപ്പെട്ട ശിൽപ്പശാലകളും സെമിനാറുകളും സമ്മേളനങ്ങളും നടത്താനും വ്യവസ്ഥയുണ്ട്.
സംയുക്ത ഗവേഷണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനൊപ്പം ഗവേഷണഫലങ്ങൾ പ്രചരിപ്പിക്കാനും ചെയർ പ്രവർത്തിക്കും. അമേരിക്കയിൽ ആയുർവേദത്തിന്റെ സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമാണ്. സഹകരണത്തിലൂടെ രൂപപ്പെടുന്ന ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും ധാരണാപത്രത്തിലുണ്ട്.
.