ന്യൂഡൽഹി, 2026 ഒക്ടോബർ 15 –
ഇന്ത്യയിൽ സാമ്പത്തിക സാക്ഷരത വർധിപ്പിക്കാൻ 200 കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ച് എച്ച്എസ്ബിസി ബാങ്ക്. ബാങ്കിങ് സേവനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനും ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനും ജനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യം. 2026 മുതൽ 2030 വരെയുള്ള നാലുവർഷക്കാലത്താണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ബാങ്കിങ് സേവനങ്ങൾ ആദ്യമായി ഉപയോഗിക്കുന്നവർക്കും പ്രത്യേക പരിഗണന നൽകും.
എച്ച്എസ്ബിസി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ പാം കൗർ, ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ബാങ്കിങ് വിഭാഗം മേധാവി ജോ മിയാക്കെ, ഗ്രൂപ്പ് ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ ജൂലിയൻ വെന്റ്സെൽ, എച്ച്എസ്ബിസി ഇന്ത്യ സിഇഒ ഹിതേന്ദ്ര ദേവ്, സസ്റ്റൈനബിലിറ്റി വിഭാഗം മേധാവി അലോക മജുംദാർ എന്നിവർ ചേർന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സന്നദ്ധസംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുക. സ്ത്രീകൾ, യുവാക്കൾ, കുടിയേറ്റ തൊഴിലാളികൾ, ഭിന്നശേഷിക്കാർ, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ എന്നിവർക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
പണം സുരക്ഷിതമായി കൈകാര്യം ചെയ്യാൻ പരിശീലനം
ബാങ്ക് അക്കൗണ്ട് തുറക്കുന്നതിൽ മാത്രം സാമ്പത്തിക സാക്ഷരത ഒതുങ്ങരുതെന്നാണ് എച്ച്എസ്ബിസിയുടെ നിലപാട്. ബാങ്കിങ് സേവനങ്ങൾ എങ്ങനെ ഉപയോഗിക്കണം, ഡിജിറ്റൽ ഇടപാടുകൾ എങ്ങനെ സുരക്ഷിതമാക്കാം, സാമ്പത്തിക തീരുമാനങ്ങൾ എങ്ങനെ എടുക്കാം തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്ക് പരിശീലനം നൽകും.
ഡിജിറ്റൽ ബാങ്കിങ് ഉപയോഗിക്കുമ്പോൾ നേരിടുന്ന തട്ടിപ്പുകളെ തിരിച്ചറിയാനും തടയാനും പ്രത്യേക ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അറിവില്ലാത്തവർക്ക് ആത്മവിശ്വാസത്തോടെ സാമ്പത്തിക ഇടപാടുകൾ നടത്താൻ സഹായിക്കുകയാണ് ലക്ഷ്യം.
മൂന്ന് മേഖലകൾക്ക് പ്രത്യേക പ്രാധാന്യം
മൂന്ന് പ്രധാന മേഖലകളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയും നിർമിതബുദ്ധിയും ഉപയോഗിച്ച് സാമ്പത്തിക സേവനങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയാണ് ആദ്യത്തേത്. ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമായി നടത്താനുള്ള കഴിവ് വളർത്തുകയാണ് രണ്ടാമത്തേത്.
വരുമാനമാർഗങ്ങൾ മെച്ചപ്പെടുത്തുകയും ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് മൂന്നാമത്തെ മേഖല. സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം ജനങ്ങളിലേക്ക് എത്തിക്കാനും കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിരത വർധിപ്പിക്കാനും പദ്ധതി സഹായിക്കും.
സൈബർ തട്ടിപ്പുകൾ തടയാനും നടപടി
ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ ആദ്യമായി ഉപയോഗിക്കുന്നവർ ഫിഷിങ്, വ്യക്തിവിവര മോഷണം തുടങ്ങിയ തട്ടിപ്പുകൾക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് എച്ച്എസ്ബിസി ഇന്ത്യയുടെ സസ്റ്റൈനബിലിറ്റി വിഭാഗം മേധാവി അലോക മജുംദാർ ചൂണ്ടിക്കാട്ടി.
തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിൽ മാത്രം പദ്ധതി ഒതുങ്ങില്ല. തട്ടിപ്പുകൾ തിരിച്ചറിയാനും സുരക്ഷിതമായ സാമ്പത്തിക ശീലങ്ങൾ വളർത്താനും ജനങ്ങളെ പ്രാപ്തരാക്കും. ബാങ്കിങ് സംവിധാനങ്ങളിലുള്ള വിശ്വാസം വർധിപ്പിക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
രാജ്യത്ത് 60 കോടി ജൻധൻ അക്കൗണ്ടുകൾ
ഇന്ത്യയിൽ പ്രധാനമന്ത്രി ജൻധൻ യോജന പ്രകാരം ഏകദേശം 60 കോടി ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. ഇതിൽ 33 കോടിയോളം അക്കൗണ്ടുകൾ സ്ത്രീകളുടേതാണ്. റിസർവ് ബാങ്കിന്റെ സാമ്പത്തിക ഉൾപ്പെടുത്തൽ സൂചിക 2025 മാർച്ചിലെ 67ൽനിന്ന് 2026 മാർച്ചിൽ 70 ആയി ഉയർന്നു.
എന്നാൽ ബാങ്ക് അക്കൗണ്ട് ഉണ്ടായതുകൊണ്ടുമാത്രം സാമ്പത്തിക സുരക്ഷ ഉറപ്പാകില്ലെന്ന് എച്ച്എസ്ബിസി ഇന്ത്യ സിഇഒ ഹിതേന്ദ്ര ദേവ് പറഞ്ഞു. ബാങ്കിങ് സേവനങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അറിവും കഴിവും ജനങ്ങൾക്ക് ആവശ്യമാണ്. ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക സാക്ഷരതയും തട്ടിപ്പുകളിൽനിന്നുള്ള സംരക്ഷണവും കൂടുതൽ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദഗ്ധരുടെ മേൽനോട്ടത്തിൽ പദ്ധതി
പദ്ധതിയുടെ നടത്തിപ്പിന് മാർഗനിർദേശം നൽകാൻ വിവിധ മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന ഉപദേശക സമിതിയും രൂപീകരിക്കും. പ്രവർത്തനങ്ങൾ ഫലപ്രദമാണെന്ന് ഉറപ്പാക്കുകയും രാജ്യവ്യാപകമായി നടപ്പാക്കാൻ കഴിയുന്ന പരിശീലനരീതികൾ വികസിപ്പിക്കുകയും ചെയ്യുകയാണ് സമിതിയുടെ ചുമതല.
സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം അവ ശരിയായ രീതിയിൽ ഉപയോഗിക്കാനുള്ള കഴിവും ജനങ്ങൾക്ക് നൽകാനാണ് എച്ച്എസ്ബിസിയുടെ ശ്രമം. പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷയും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിന് പദ്ധതി പ്രാധാന്യം നൽകുന്നു.