കുണ്ഡ്ലി / 2026 / ഒക്ടോബർ 14
പയർവർഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ വികസനം, മൂല്യവർധന, തന്ത്രപരമായ പങ്കാളിത്തം എന്നിവയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയിലെയും കാനഡയിലെയും സർക്കാർ പ്രതിനിധികളും ഗവേഷകരും വ്യവസായ സംഘടനകളും ഒത്തുചേർന്നു. കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കുണ്ഡ്ലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റാണ് ഒക്ടോബർ 13ന് വട്ടമേശ സമ്മേളനം സംഘടിപ്പിച്ചത്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. പയർവർഗ പ്രോട്ടീനിലെ പുതിയ കണ്ടെത്തലുകൾ, ഭക്ഷ്യസംസ്കരണം, ഗവേഷണം, സുസ്ഥിര പോഷണം എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലമാക്കുകയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. നിഫ്ടെം കുണ്ഡ്ലിയും കാനഡയിലെ സസ്കാച്ചെവൻ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ചർച്ചകൾ നടന്നത്.
സർക്കാർ, സർവകലാശാല, വ്യവസായ പ്രതിനിധികൾ ഒരുമിച്ചു
കാനഡയിലെ സസ്കാച്ചെവൻ സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെൻ ഷെവൽഡയോഫ് സമ്മേളനത്തിൽ പങ്കെടുത്തു. സസ്കാച്ചെവൻ സർക്കാരിന്റെ മാനേജിങ് ഡയറക്ടർ ഡേവിഡ് ആൻഡേഴ്സൺ, സസ്കാച്ചെവൻ ഇന്ത്യ ഓഫീസിലെ സീനിയർ ട്രേഡ് ഓഫീസർ ഹരീഷ് വൈദ്യനാഥൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സസ്കാച്ചെവൻ സർവകലാശാലയെ പ്രതിനിധീകരിച്ച് ഗവേഷണ വിഭാഗം വൈസ് പ്രസിഡന്റ് ഡോ. ബൽജിത് സിങ്, ഗവേഷണത്തിന്റെയും ബിരുദാനന്തര പഠനത്തിന്റെയും അസോസിയേറ്റ് ഡീൻ ഡോ. ട്രെവർ ക്രോ, പ്രൊഫസർമാരായ ഡോ. അജയ് ദലായ്, ഡോ. സുപ്രതിം ഘോഷ് എന്നിവർ എത്തി. പൾസ് കാനഡ പ്രസിഡന്റ് ഗ്രെഗ് ചെറെവിക്, വിപണിയിലെ നവീകരണ ചുമതലയുള്ള വൈസ് പ്രസിഡന്റ് ജൂലിയൻ കറൻ, സസ്കാച്ചെവൻ പൾസ് ഗ്രോവേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ പോട്ട്സ്, ആൽബർട്ട പൾസ് ഗ്രോവേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ ലിയാൻ ഫിഷ്ബുക്ക്, എൻവിറോവേ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബോബ് ബെഹാരി, ശാസ്ത്രി ഇൻഡോ കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രാചി കൗൾ എന്നിവരും പങ്കെടുത്തു. ന്യൂട്രിഷൻ ഇന്റർനാഷണൽ, ന്യൂട്രിസർക്കിൾ, ഇന്ത്യ പൾസസ് ആൻഡ് ഗ്രെയിൻസ് അസോസിയേഷൻ, കാൺപുരിലെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ച്, അർധശുഷ്ക ഉഷ്ണമേഖലാ പ്രദേശങ്ങളിലെ വിളകളെക്കുറിച്ച് ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര സ്ഥാപനമായ ഇക്രിസാറ്റ്, ഡയറ്റ് ഫുഡ്സ്, ഗുഡ് ഫുഡ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ, ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയുടെ പ്രതിനിധികളും ചർച്ചകളിൽ പങ്കാളികളായി.
ധാരണാപത്രത്തിൽ നിന്ന് സമയബന്ധിത പ്രവർത്തനത്തിലേക്ക്
ഇന്ത്യയും സസ്കാച്ചെവനും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം മന്ത്രി കെൻ ഷെവൽഡയോഫ് ചൂണ്ടിക്കാട്ടി. ഇന്ത്യ–കാനഡ ബന്ധം ശക്തമാക്കുന്നതിൽ വ്യക്തിപരമായ ബന്ധങ്ങൾക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, പുതിയ കണ്ടെത്തലുകൾ, അക്കാദമിക കൈമാറ്റം എന്നിവയിൽ കൂടുതൽ അടുത്ത സഹകരണത്തിന് അവസരങ്ങളുണ്ട്. പൊതുവായ മുൻഗണനകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യവസായ മേഖലയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിഫ്ടെം കുണ്ഡ്ലിയും സസ്കാച്ചെവൻ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രത്തിലെ കാര്യങ്ങൾ വ്യക്തമായ ഫലങ്ങളായി മാറ്റണമെന്ന് നിഫ്ടെം ഡയറക്ടർ ഡോ. ഹരീന്ദർ സിങ് ഒബ്റോയ് പറഞ്ഞു. കരാറിനപ്പുറം, ഇരുരാജ്യങ്ങൾക്കും പ്രയോജനം ലഭിക്കുന്ന വ്യക്തവും സമയബന്ധിതവുമായ പ്രവർത്തനപരിപാടി വേണം. ധാരണാപത്രം ഒപ്പിട്ട് ഏകദേശം ഏഴ് മാസത്തിനുള്ളിൽ ഉണ്ടായ ഗണ്യമായ പുരോഗതിയിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. പങ്കാളികളായ എല്ലാവർക്കും നന്ദിയും അറിയിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ നിഫ്ടെം കുണ്ഡ്ലിയിൽ സംയുക്ത മികവിന്റെ കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രായോഗിക പ്രവർത്തനരേഖയും വ്യക്തമായ ഘട്ടലക്ഷ്യങ്ങളും സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനവും വേണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്കരണത്തിലെ വെല്ലുവിളികൾക്ക് ഗവേഷണത്തിലൂടെ പരിഹാരം
പയർവർഗ സംസ്കരണത്തിലും പ്രോട്ടീൻ ചേരുവകളുടെ വികസനത്തിലും നേരിടുന്ന പ്രധാന വെല്ലുവിളികൾ സമ്മേളനം ചർച്ച ചെയ്തു. അസംസ്കൃത വസ്തുക്കളുടെയും ചേരുവകളുടെയും ഗുണനിലവാരത്തിൽ സ്ഥിരത ഉറപ്പാക്കണം. സംസ്കരണത്തിന് ആവശ്യമായ ഊർജവും അതിന്റെ ഉപയോഗവും കാര്യക്ഷമമായി കൈകാര്യം ചെയ്യണം. സംസ്കരണ സാഹചര്യങ്ങൾ ഏറ്റവും അനുയോജ്യമാക്കുന്നതിനൊപ്പം പയർവർഗ പ്രോട്ടീനുകളുടെ പ്രവർത്തനഗുണങ്ങൾ നിലനിർത്തുകയോ മെച്ചപ്പെടുത്തുകയോ വേണം. ഭക്ഷണത്തിന്റെ ഘടനയും വായിൽ അനുഭവപ്പെടുന്ന സ്വഭാവവും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. മൂല്യവർധനയ്ക്കും പുതിയ ഭക്ഷ്യോൽപ്പന്നങ്ങൾക്കും സഹായിക്കുന്ന, അതത് ഉപയോഗത്തിന് അനുയോജ്യമായ പയർവർഗ ചേരുവകൾ വികസിപ്പിക്കണം. ആദ്യ രണ്ട് വർഷത്തേക്കുള്ള മുൻഗണനാ ഗവേഷണ മേഖലകൾ കണ്ടെത്തി നടപ്പാക്കാവുന്ന പദ്ധതിയിൽ പങ്കാളികൾ ധാരണയിലെത്തണമെന്ന് ഡോ. ഒബ്റോയ് ആവശ്യപ്പെട്ടു. പയർവർഗങ്ങളിൽ നിന്ന് പ്രോട്ടീൻ വേർതിരിച്ചെടുക്കലും സംസ്കരണവും, മൂല്യവർധന, പുതുമയുള്ള പോഷകസമൃദ്ധമായ ഭക്ഷ്യോൽപ്പന്നങ്ങൾ, സംയുക്ത ഗവേഷണ പദ്ധതികളും പ്രസിദ്ധീകരണങ്ങളും, സംയുക്ത പി.എച്ച്.ഡി. ബിരുദപരിപാടി, വിദ്യാർഥി–അധ്യാപക കൈമാറ്റം, പരിശീലന പരിപാടികൾ, ഗവേഷണത്തിനുള്ള സംയുക്ത ധനസഹായം എന്നിവയാണ് സഹകരണത്തിനായി പരിഗണിക്കുന്ന മേഖലകൾ. ഗവേഷണഫലങ്ങളെ വലിയ തോതിൽ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകളായും വാണിജ്യ ഉൽപ്പന്നങ്ങളായും മാറ്റാനും കൂടുതൽ വിപണി അവസരങ്ങൾ കണ്ടെത്താനും വ്യവസായ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥി ഗവേഷണവും പോഷകപദ്ധതിയും അടുത്ത ഘട്ടത്തിലേക്ക്
ഇരുസ്ഥാപനങ്ങളും കൈവരിച്ച പുരോഗതിയിൽ ഡോ. ബൽജിത് സിങ് സംതൃപ്തി പ്രകടിപ്പിച്ചു. ഗവേഷണത്തിന്റെ ഒരു ഭാഗം നിഫ്ടെം കുണ്ഡ്ലിയിൽ നടത്താനുള്ള പി.എച്ച്.ഡി. വിദ്യാർഥികളെ സസ്കാച്ചെവൻ സർവകലാശാല കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എല്ലാ രൂപത്തിലുള്ള പോഷകക്കുറവും അവസാനിപ്പിക്കുകയെന്ന സുസ്ഥിര വികസന ലക്ഷ്യം രണ്ടിലെ രണ്ടാം ഉപലക്ഷ്യവുമായി ബന്ധപ്പെട്ട്, പരിപ്പിന്റെ പോഷകസമ്പുഷ്ടീകരണത്തിലൂടെ സുസ്ഥിര ആരോഗ്യ നവീകരണം ലക്ഷ്യമിടുന്ന സംയുക്ത പദ്ധതിയും സമർപ്പിച്ചിട്ടുണ്ട്. നിഫ്ടെം കുണ്ഡ്ലിയും മറ്റ് അന്താരാഷ്ട്ര പങ്കാളികളും ചേർന്ന് തയ്യാറാക്കിയ പദ്ധതി കാനഡ സർക്കാരിന്റെ ധനസഹായത്തിനായാണ് സസ്കാച്ചെവൻ സർവകലാശാല സമർപ്പിച്ചത്. ഡോ. ബൽജിത് സിങ് ഏകോപിപ്പിച്ച വട്ടമേശ സമ്മേളനം ഗവേഷണ സഹകരണം, ശേഷിവികസനം, സാങ്കേതികവിദ്യാ വികസനം, വാണിജ്യവൽക്കരണം എന്നിവ ചർച്ച ചെയ്യാനുള്ള വേദിയായി. മൂല്യവർധിത പയർവർഗ ഭക്ഷണങ്ങൾ വികസിപ്പിക്കാനും ഗവേഷകരും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും സുസ്ഥിരവും സസ്യാധിഷ്ഠിതവുമായ പോഷണത്തിലെ പുതിയ ആവശ്യങ്ങൾ നേരിടാനുമുള്ള അവസരങ്ങൾ പ്രതിനിധികൾ പരിശോധിച്ചു. ഇന്ത്യയിലെയും കാനഡയിലെയും ഗവേഷണ മുൻഗണനകൾ, വൈദഗ്ധ്യം, സൗകര്യങ്ങൾ എന്നിവ പരസ്പരം പ്രയോജനപ്പെടുന്ന ഏകോപിത സംവിധാനം രൂപപ്പെടുത്തുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. സമ്മേളനത്തിന്റെ പശ്ചാത്തലരേഖയിൽ പറയുന്നതനുസരിച്ച്, നിഫ്ടെം കുണ്ഡ്ലിയും സസ്കാച്ചെവൻ സർവകലാശാലയും സംയുക്ത അധ്യക്ഷരായുള്ള മികവിന്റെ കേന്ദ്രം മുന്നോട്ടുകൊണ്ടുപോകാനുള്ള വിശാല ശ്രമത്തിന്റെ ഭാഗമാണിത്. അക്കാദമിക വൈദഗ്ധ്യം, സർക്കാർ പിന്തുണ, വ്യവസായ പങ്കാളിത്തം എന്നിവ ഒരുമിപ്പിച്ച് പയർവർഗ പ്രോട്ടീൻ വികസനവും ഇരുരാജ്യങ്ങളുടെയും ഗവേഷണ–വിദ്യാഭ്യാസ ബന്ധവും ശക്തമാക്കാനാണ് നിർദിഷ്ട സഹകരണം ലക്ഷ്യമിടുന്നത്. ചർച്ചകളെ വ്യക്തമായ മുൻഗണനകളും ഉത്തരവാദിത്വങ്ങളും സമയപരിധികളും ഉള്ള പ്രവർത്തനങ്ങളാക്കി മാറ്റണമെന്ന നിർദേശത്തോടെയാണ് സമ്മേളനം അവസാനിച്ചത്. നിർദിഷ്ട പ്രവർത്തനരേഖയും രണ്ട് വർഷത്തെ ഗവേഷണ മുൻഗണനകളും തുടർച്ചയായ സ്ഥാപന സഹകരണത്തിന് അടിത്തറയാകുമെന്നാണ് പ്രതീക്ഷ. പയർവർഗ പ്രോട്ടീൻ ഗവേഷണം, മൂല്യവർധന, നവീകരണം എന്നിവയിൽ അളക്കാവുന്ന പുരോഗതി കൈവരിക്കാനും ഇന്ത്യ–കാനഡ അക്കാദമിക, ശാസ്ത്രീയ, വ്യവസായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
.