ന്യൂഡൽഹി / 2026 / ഒക്ടോബർ 14
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഒക്ടോബർ 27 മുതൽ 29 വരെ നടക്കുന്ന എമർജിങ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവിൽ സെമികണ്ടക്ടറുകളെയും പുതുതലമുറ ചിപ്പുകളെയും കുറിച്ചുള്ള പ്രത്യേക സെഷന് പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡി.ആർ.ഡി.ഒ. നേതൃത്വം നൽകും. കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവിന്റെ മാർഗനിർദേശത്തിൽ 12 മന്ത്രാലയങ്ങളും വകുപ്പുകളും ചേർന്നാണ് സംഗമം സംഘടിപ്പിക്കുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നിവയിലൂടെ 2047-ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനും സ്വയംപര്യാപ്തത ശക്തമാക്കാനുമുള്ള പ്രധാന ദേശീയ സംരംഭമാണിത്.
ചിപ്പ് നിർമാണത്തിലെ പുതിയ സാധ്യതകൾ ചർച്ചയാകും
വ്യവസായം, വിദ്യാഭ്യാസ–ഗവേഷണ മേഖല, തദ്ദേശീയ ചിപ്പ് വികസനം, പ്രതിരോധ ഇലക്ട്രോണിക്സ് എന്നീ രംഗങ്ങളിലെ പ്രമുഖർ ഡി.ആർ.ഡി.ഒ. സെഷനിൽ പങ്കെടുക്കും. മൈക്രോൺ ഇന്ത്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറും മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഭാരത് സെമിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നേത്രസെമിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ എന്നിവർ സംസാരിക്കും. സെമികണ്ടക്ടർ സാങ്കേതികവിദ്യയിലെ പ്രധാന മുന്നേറ്റങ്ങൾ, പ്രത്യേക ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്യുന്ന നിർമിതബുദ്ധി സിസ്റ്റം ഓൺ ചിപ്പുകൾ, സിലിക്കൺ എഡ്ജിലെ ബുദ്ധിശേഷി, മാറിവരുന്ന മൈക്രോപ്രോസസർ രംഗം എന്നിവ ചർച്ചയാകും. സെമികണ്ടക്ടർ നിർമാണം, ചിപ്പ് രൂപകൽപ്പന, നിർമിതബുദ്ധി കംപ്യൂട്ടിങ്, തദ്ദേശീയ സെമികണ്ടക്ടർ സംവിധാനങ്ങൾ, ഗവേഷണ–വികസനം, തന്ത്രപ്രധാന–പ്രതിരോധ ഉപയോഗങ്ങൾ എന്നിവയിലും വിശദമായ സംവാദം നടക്കും. വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഭാഷകരുടെ പങ്കാളിത്തം ഈ ചർച്ചയ്ക്ക് കരുത്തേകും. വ്യവസായം, വിദ്യാഭ്യാസ–ഗവേഷണ മേഖല, തന്ത്രപ്രധാന മേഖലകളിലെ പങ്കാളികൾ എന്നിവർക്കിടയിൽ സഹകരണം ശക്തമാക്കാനും പുതിയ സാങ്കേതിക സാധ്യതകൾ കണ്ടെത്താനും സെഷൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. നിർണായക ആവശ്യങ്ങൾക്കും പുതുതലമുറ ഉപയോഗങ്ങൾക്കും വേണ്ട തദ്ദേശീയ ശേഷിക്ക് ഊന്നൽ നൽകി ശക്തമായ ആഭ്യന്തര സെമികണ്ടക്ടർ സംവിധാനം വളർത്തുകയാണ് ലക്ഷ്യം.
ക്വാണ്ടം സാങ്കേതികവിദ്യ മുതൽ സ്ക്രാംജെറ്റ് എൻജിൻ വരെ
സംഗമത്തിലെ പ്രദർശന സ്റ്റാളിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രധാന സംരംഭങ്ങൾ, നേട്ടങ്ങൾ, ഗവേഷണ പരിപാടികൾ, ശാസ്ത്ര–സാങ്കേതിക–നവീകരണ രംഗങ്ങളിലെ സംഭാവനകൾ എന്നിവ അവതരിപ്പിക്കും. ഡി.ആർ.ഡി.ഒ. ലബോറട്ടറികൾ വികസിപ്പിച്ച നൂതന ആശയവിനിമയ സംവിധാനങ്ങൾ, ക്വാണ്ടം സാങ്കേതികവിദ്യയുടെ മാതൃകകൾ, അതിശൈത്യത്തിൽ ധരിക്കാനുള്ള വസ്ത്രങ്ങൾ, സ്ത്രീകളുടെ ശരീരം മുഴുവൻ സംരക്ഷിക്കുന്ന ‘പ്രബല’ കവചം എന്നിവ പ്രദർശനത്തിലുണ്ടാകും. ബാഹ്യ ഊർജസഹായമില്ലാതെ പ്രവർത്തിക്കുന്നതും ഊർജസഹായത്തോടെ പ്രവർത്തിക്കുന്നതുമായ ശരീരസഹായ ചട്ടക്കൂടുകൾ, കൊണ്ടുനടക്കാവുന്ന സംയുക്ത ഊർജ മാനേജ്മെന്റ് സംവിധാനങ്ങൾ, ഉയർന്ന ശക്തിയുള്ള പൾസ് ലേസർ ഡയോഡുകൾ, സ്ക്രാംജെറ്റ് എൻജിൻ സാങ്കേതികവിദ്യ എന്നിവയും അവതരിപ്പിക്കും. തദ്ദേശീയ ഗവേഷണ–വികസനം ശക്തമാക്കാനും സാങ്കേതിക വികസനവും സ്വയംപര്യാപ്തതയും പ്രോത്സാഹിപ്പിക്കാനും നടക്കുന്ന പ്രവർത്തനങ്ങൾ പ്രദർശനം വ്യക്തമാക്കും. പ്രതിരോധം ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെ നിർണായക ആവശ്യങ്ങൾ നിറവേറ്റാനുള്ള ശ്രമങ്ങളും അവതരിപ്പിക്കും. വിദ്യാഭ്യാസ മേഖല, വ്യവസായം, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തിനും സ്റ്റാൾ അവസരമൊരുക്കും. ഇന്ത്യയുടെ ശാസ്ത്ര–സാങ്കേതിക ശേഷി വളർത്തുന്നതിൽ മന്ത്രാലയത്തിന്റെ പങ്കിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കാനും ഇത് സഹായിക്കും.
ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക കരുത്തിനും ചിപ്പുകൾ നിർണായകം
ഒക്ടോബർ 13-ന് കർണാടകയിലെ ബെംഗളൂരുവിൽ ഡി.ആർ.ഡി.ഒ. സംഘടിപ്പിച്ച മുന്നൊരുക്ക പരിപാടിയിൽ വിശിഷ്ട ശാസ്ത്രജ്ഞനും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റംസ് ഡയറക്ടർ ജനറലുമായ ഡോ. ബി. കെ. ദാസ് അധ്യക്ഷത വഹിച്ചു. സാമ്പത്തിക മത്സരശേഷി, ഡിജിറ്റൽ പരമാധികാരം, ദേശീയ സുരക്ഷ എന്നിവയ്ക്ക് സെമികണ്ടക്ടറുകളും പുതുതലമുറ ചിപ്പുകളും നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. വികസിത ഭാരതത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ ടെലികമ്യൂണിക്കേഷൻ, വാഹന സംവിധാനങ്ങൾ, വ്യവസായ ഓട്ടോമേഷൻ, നിർമിതബുദ്ധി ഹാർഡ്വെയർ, തന്ത്രപ്രധാന പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്ക് കരുത്തേകാൻ എല്ലാ ഘട്ടങ്ങളും ഉൾക്കൊള്ളുന്ന, പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ള മൈക്രോഇലക്ട്രോണിക്സ് സംവിധാനം വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ഭൗമരാഷ്ട്രീയ അസ്ഥിരത, അന്താരാഷ്ട്ര സാങ്കേതികവിദ്യാ കയറ്റുമതി നിയന്ത്രണങ്ങൾ എന്നിവയിൽനിന്ന് ദേശീയ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാൻ ആഭ്യന്തര ശേഷി ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള സെമികണ്ടക്ടർ രംഗത്തെ പ്രധാന ശക്തിയായി ഉയരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മൈക്രോഇലക്ട്രോണിക്സ് മൂല്യശൃംഖലയിലുടനീളം തന്ത്രപരമായ സ്വയംഭരണവും ഉയർന്ന മൂല്യമുള്ള കയറ്റുമതിയും മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.
2035-ഓടെ 20,000 കോടി ഡോളറിന്റെ വ്യാപാരസാധ്യത
ആധുനിക യുദ്ധത്തിൽ സെമികണ്ടക്ടറുകൾക്ക് നിർണായക പങ്കുണ്ടെന്ന് വിശിഷ്ട ശാസ്ത്രജ്ഞനും ടെക്നോളജി മാനേജ്മെന്റ് ഡയറക്ടർ ജനറലുമായ ഡോ. അനുപം ശർമ പറഞ്ഞു. സൈനിക പ്രവർത്തനങ്ങളുടെ ഏതാണ്ട് എല്ലാ മേഖലകളിലും ഈ സാങ്കേതികവിദ്യകൾ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. സെമികണ്ടക്ടറുമായി ബന്ധപ്പെട്ട മേഖലയിലെ വ്യാപാരം 2035-ഓടെ 20,000 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എക്സ്ട്രാമ്യൂറൽ റിസർച്ച് ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ഡയറക്ടറേറ്റ് ഡയറക്ടർ, സോളിഡ് സ്റ്റേറ്റ് ഫിസിക്സ് ലബോറട്ടറി ഡയറക്ടർ, ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ, കോംബാറ്റ് എയർക്രാഫ്റ്റ് സിസ്റ്റംസ് ഡെവലപ്മെന്റ് ആൻഡ് ഇന്റഗ്രേഷൻ സെന്റർ മേധാവി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
.