ന്യൂഡൽഹി, 2026 ഒക്ടോബർ 12 –
ഡൽഹി മെട്രോയിൽ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്ത സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മർദനമേറ്റ 48കാരൻ മരിച്ചു. സ്വകാര്യ സ്ഥാപനത്തിൽ ക്ലർക്കായി ജോലി ചെയ്തിരുന്ന പവൻ ശർമയാണ് മരിച്ചത്. ഒക്ടോബർ എട്ടിനാണ് സംഭവം നടന്നത്. അമ്മയ്ക്കൊപ്പം മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെയാണ് പവൻ ശർമയ്ക്ക് മർദനമേറ്റത്. സംഭവത്തിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് പ്രതാപ് സിങ്ങിനെയും മകൻ സിദ്ധാർഥ് സിങ്ങിനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
പവൻ ശർമയും 65 വയസ്സുള്ള അമ്മ ദുർഗാദേവിയും ഗുരുഗ്രാമിൽ താമസിക്കുന്ന പവന്റെ ഇളയ സഹോദരനെ സന്ദർശിച്ച് യമുന വിഹാറിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രയ്ക്കിടെ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്ത സീറ്റിലാണ് ഇരുവരും ഇരുന്നത്. ഇതിനിടെ മെട്രോയിൽ കയറിയ സഞ്ജയ് പ്രതാപ് സിങ്ങും മകൻ സിദ്ധാർഥ് സിങ്ങും സീറ്റ് ഒഴിയാൻ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. സീറ്റ് ഒഴിഞ്ഞുനൽകാമെന്നും എന്നാൽ മാന്യമായി സംസാരിക്കണമെന്നും പവൻ ശർമ പറഞ്ഞു. പിന്നാലെ തർക്കം രൂക്ഷമാവുകയും മർദനത്തിൽ കലാശിക്കുകയുമായിരുന്നു.
സീറ്റ് ഒഴിയുന്നതിനെച്ചൊല്ലിയുള്ള തർക്കം മർദനത്തിൽ കലാശിച്ചു
പൊലീസിന് നൽകിയ പരാതിയിൽ അമ്മ ദുർഗാദേവിയാണ് സംഭവത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. സീറ്റ് ഒഴിഞ്ഞുകൊടുത്തതിന് പിന്നാലെ പവൻ ശർമ നടത്തിയ പരിഹാസ പരാമർശമാണ് തർക്കം രൂക്ഷമാക്കിയതെന്നാണ് പരാതിയിൽ പറയുന്നത്.
ഇരുവരോടും ഇനി സീറ്റിൽ കിടക്കാമെന്ന് പവൻ പരിഹസിച്ചു. ഇതോടെ സഞ്ജയ് പ്രതാപ് സിങ് പവന്റെ മുഖത്തടിച്ചെന്നും മകൻ സിദ്ധാർഥ് സിങ് നെഞ്ചിൽ പലതവണ ഇടിച്ചെന്നുമാണ് അമ്മയുടെ ആരോപണം.
മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ സഞ്ജയ് പ്രതാപ് സിങ് തന്റെ കൈയിൽ പിടിച്ചുവച്ചെന്നും ദുർഗാദേവി പരാതിയിൽ പറയുന്നു.
മെട്രോ സ്റ്റേഷനിൽ കുഴഞ്ഞുവീണു; ആശുപത്രിയിൽ മരണം
സുപ്രീംകോടതി മെട്രോ സ്റ്റേഷനിൽ ഇറങ്ങിയതിന് പിന്നാലെ പവൻ ശർമ കുഴഞ്ഞുവീണു. വൈകിട്ട് 5.47നാണ് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഒരാൾ ബോധരഹിതനായി വീണെന്ന വിവരം പൊലീസിന് ലഭിച്ചത്.
മെട്രോ ജീവനക്കാർ പവൻ ശർമയെ അമ്മയ്ക്കൊപ്പം ലോക് നായക് ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മകനും അറസ്റ്റിൽ
സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗൗതം ബുദ്ധ നഗറിൽ താമസിക്കുന്ന സഞ്ജയ് പ്രതാപ് സിങ്ങിനെയും മകൻ സിദ്ധാർഥ് സിങ്ങിനെയും പൊലീസ് തിരിച്ചറിഞ്ഞു.
അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ അമ്മ ദുർഗാദേവിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്ത സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഒരാളുടെ മരണത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.