ന്യൂഡൽഹി / 2026 / ഒക്ടോബർ 6
ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026ന്റെ അവസാന ഒരുക്കങ്ങൾ കേന്ദ്ര വാർത്താവിനിമയ, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി ജ്യോതിരാദിത്യ എം. സിന്ധ്യ വിലയിരുത്തി. ഒക്ടോബർ അഞ്ചിന് ഡൽഹി ദ്വാരകയിലെ യശോഭൂമിയിലെത്തിയാണ് മന്ത്രി ഒരുക്കങ്ങൾ പരിശോധിച്ചത്. ഒക്ടോബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ടെലികോം, ഡിജിറ്റൽ രംഗങ്ങളിലെ മുന്നേറ്റവും ആഗോള സാങ്കേതിക രംഗത്ത് വളരുന്ന നേതൃത്വവും അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒന്നര ലക്ഷത്തിലധികം പങ്കാളികൾ, അഞ്ഞൂറിലധികം പ്രദർശകരും പങ്കാളി സ്ഥാപനങ്ങളും, അറുനൂറിലധികം സ്റ്റാർട്ടപ്പുകൾ, വിവിധ മേഖലകളിലെ തൊള്ളായിരത്തിലധികം വിദഗ്ധർ എന്നിവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ഒരുക്കങ്ങൾ നേരിട്ട് പരിശോധിച്ച് മന്ത്രി
പ്രദർശനമേഖല വിശദമായി സന്ദർശിച്ച സിന്ധ്യ, പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളുടെയും പ്രദർശകരുടെയും പ്രതിനിധികളുമായി സംസാരിച്ചു. ടെലികോം വകുപ്പിലെയും സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയിലെയും പങ്കാളി ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ അവലോകനയോഗങ്ങൾക്കും മന്ത്രി നേതൃത്വം നൽകി. പരിപാടിയുടെ വിപുലമായ സ്വഭാവം, ലക്ഷ്യങ്ങൾ, ആഗോള പ്രാധാന്യം എന്നിവ മാധ്യമങ്ങളോടും വിശദീകരിച്ചു. “ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ പത്താമത് പതിപ്പ് എത്തുകയാണ്. വലിയ ആവേശവും ഊർജവും ശേഷിയുമാണ് ഇവിടെ കാണുന്നത്. ഇന്ത്യൻ ടെലികോം കണക്റ്റിവിറ്റിയുടെ മാതൃക ഇതിനകം കഴിവ് തെളിയിച്ചിട്ടുണ്ട്. ഈ കണക്റ്റിവിറ്റിയിലൂടെയാണ് സാങ്കേതികവിദ്യയുടെ പുതിയ മേഖലകൾ തേടുന്നത്. ആയിരക്കണക്കിന് പ്രദർശകരും നൂറുകണക്കിന് കമ്പനികളും പുതിയ ഉൽപ്പന്നങ്ങളും അണിനിരക്കുന്ന ഈ അനുഭവത്തിന്റെ ഭാഗമാകൂ. സേവനങ്ങൾ നൽകുന്ന രാജ്യത്തുനിന്ന് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന രാജ്യമായി ഇന്ത്യ മുന്നേറുകയാണ്,” മന്ത്രി പറഞ്ഞു.

അതിരുകളില്ലാത്ത വളർച്ചയാണ് പ്രമേയം
‘അതിരുകളില്ലാത്ത വളർച്ച’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടി. ടെലികോം, ഡിജിറ്റൽ കണക്റ്റിവിറ്റി, സാങ്കേതിക നവീകരണം എന്നിവയിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റം ഇവിടെ അവതരിപ്പിക്കും. സഹകരണം, നിക്ഷേപം, അറിവുകളുടെ കൈമാറ്റം എന്നിവയ്ക്കുള്ള ആഗോള വേദിയായും പരിപാടി പ്രവർത്തിക്കും. സമീപവർഷങ്ങളിൽ ഇന്ത്യയുടെ ടെലികോം, ഡിജിറ്റൽ മേഖലകൾ വലിയ വളർച്ചയാണ് നേടിയത്. രാജ്യത്ത് ഇപ്പോൾ 101 കോടി ബ്രോഡ്ബാൻഡ് വരിക്കാരും നൂറുകോടിയിലധികം ഇന്റർനെറ്റ് വരിക്കാരുമുണ്ട്. രാജ്യത്തെ 99.9 ശതമാനം ജില്ലകളിലും ഫൈവ് ജി സേവനമുണ്ട്. ജനസംഖ്യയുടെ 85 ശതമാനത്തിലേക്കും ഈ സേവനം എത്തുന്നു. ഗ്രാമങ്ങളിൽ 98.7 ശതമാനത്തിനും ഫോർ ജി കണക്റ്റിവിറ്റിയുണ്ട്. സ്വന്തമായി തദ്ദേശീയ ഫോർ ജി സാങ്കേതിക സംവിധാനങ്ങളുടെ സമുച്ചയം വികസിപ്പിച്ച ലോകത്തെ അഞ്ചാമത്തെ രാജ്യമായും ഇന്ത്യ മാറി. സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള യാത്രയിലെ പ്രധാന നേട്ടമാണിത്. നൂതന ടെലികോം സാങ്കേതികവിദ്യകൾ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും പ്രവർത്തനക്ഷമമാക്കാനുമുള്ള രാജ്യത്തിന്റെ ശേഷിയും ഇതിലൂടെ ശക്തിപ്പെടുന്നു.
സിക്സ് ജി മുതൽ ഉപഗ്രഹ ആശയവിനിമയം വരെ
മൂന്നാമത് അന്താരാഷ്ട്ര സിക്സ് ജി സിംപോസിയം, ചീഫ് ടെക്നോളജി ഓഫീസർമാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും വട്ടമേശ ചർച്ചകൾ എന്നിവ പ്രധാന പരിപാടികളാണ്. സെമികണ്ടക്ടറുകളുടെയും പ്രധാന ഘടകങ്ങളുടെയും വിതരണശൃംഖല, നിർമിതബുദ്ധിയുടെ കാലത്തെ ടെലികോം സാങ്കേതിക സംവിധാനങ്ങൾ, ടെലികോം ഉൽപ്പന്ന നിർമാണം, ഉപഗ്രഹ ആശയവിനിമയം എന്നിവയും ചർച്ചയാകും. ഫൈവ് ജി സേവനങ്ങളിൽനിന്ന് വരുമാനം കണ്ടെത്തൽ, ടെലികോം–ക്വാണ്ടം സാങ്കേതികവിദ്യകളുടെ സംയോജനം, ഫൈവ് ജി ഇന്നൊവേഷൻ ഹാക്കത്തോൺ, സ്റ്റാർട്ടപ്പ് വേൾഡ് കപ്പ്, സൈബർ സുരക്ഷാ ഉച്ചകോടി എന്നിവയും നടക്കും. എല്ലാവരെയും ഉൾക്കൊള്ളൽ, നൈപുണ്യവികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്കും പ്രത്യേക പരിപാടികളുണ്ട്. മുഖ്യപ്രഭാഷണങ്ങൾ, വട്ടമേശ ചർച്ചകൾ, പാനൽ ചർച്ചകൾ, ശിൽപ്പശാലകൾ, ഹാക്കത്തോണുകൾ, പ്രവർത്തന മാതൃകകളുടെ അവതരണം, പ്രദർശനങ്ങൾ, ഉഭയകക്ഷി യോഗങ്ങൾ, പൊതുസമ്മേളനങ്ങൾ എന്നിവയും സംഘടിപ്പിക്കും. സർക്കാരുകൾ, വ്യവസായരംഗം, വിദ്യാഭ്യാസ–ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, സാങ്കേതികവിദ്യയിലെ പുതുമകൾ വികസിപ്പിക്കുന്നവർ എന്നിവർക്ക് സഹകരിക്കാനുള്ള വേദിയാകും ഇത്.
സ്റ്റാർട്ടപ്പുകൾക്ക് ആഗോള നിക്ഷേപത്തിലേക്ക് അവസരം
‘അടുത്ത നൂറുകോടി ഡിജിറ്റൽ കണക്ഷനുകളിൽ നിക്ഷേപം’ എന്ന വിഷയത്തിൽ മന്ത്രിതല പരിപാടിയും ‘പരമാധികാരവുമായി ബന്ധപ്പെട്ട വഴിത്തിരിവും ടെലികോമിന്റെ ഭാവിയും’ എന്ന വിഷയത്തിൽ കമ്പനി മേധാവികളുടെ വട്ടമേശ ചർച്ചയും നടക്കും. പൊതുനന്മയ്ക്കായുള്ള നിർമിതബുദ്ധി, സൈബർ സുരക്ഷാ ഉച്ചകോടി, സിക്സ് ജി സിംപോസിയം, സ്റ്റാർട്ടപ്പ് വേൾഡ് കപ്പ് ഇന്ത്യ 2026 എന്നിവയും ഉൾപ്പെടും. ഫൈവ് ജി നെറ്റ്വർക്കുകൾക്കായുള്ള നിർമിതബുദ്ധി ഏജന്റുകളെ വികസിപ്പിക്കുന്ന അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയന്റെ ബിൽഡ്-എ-തോൺ, നിർമിതബുദ്ധി സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യ–ബ്രിട്ടൻ പാനൽ ചർച്ച, യുവാക്കൾക്കായുള്ള റോബോട്ടിക്സ് ചലഞ്ച്, മറ്റ് ആഗോള സാങ്കേതിക പരിപാടികൾ എന്നിവയും നടക്കും. രണ്ടായിരത്തിലധികം സാങ്കേതിക പ്രയോഗ മാതൃകകളും നൂറ്റിയിരുപതിലധികം ചർച്ചാസമ്മേളനങ്ങളും ഇത്തവണ ഉണ്ടാകും. വ്യവസായികൾ, നയരൂപകർത്താക്കൾ, ഗവേഷകർ, സാങ്കേതിക നവീകരണ രംഗത്തുള്ളവർ എന്നിവർക്ക് ആശയങ്ങൾ കൈമാറാനും പുതിയ പങ്കാളിത്തങ്ങൾ കണ്ടെത്താനും അവസരം ലഭിക്കും. നിക്ഷേപകർ, ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, വെഞ്ചർ ക്യാപിറ്റൽ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് മുന്നൂറിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എഴുനൂറിലധികം നിക്ഷേപക കൂടിക്കാഴ്ചകളും നടക്കും. ആഗോള മൂലധനം, മാർഗനിർദേശം, വിപണികൾ എന്നിവ ലഭ്യമാക്കാൻ സ്റ്റാർട്ടപ്പുകൾക്കും സാങ്കേതിക സംരംഭങ്ങൾക്കും ഇതിലൂടെ അവസരമൊരുങ്ങും.
