ന്യൂഡൽഹി / 2026 / സെപ്റ്റംബർ 06
ഡൽഹിയിലെ നഗരറോഡുകളുടെ പാതയൊരുക്കലും ഹരിതവൽക്കരണവും ഏകീകൃത നിലവാരത്തിലാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർക്ക് സി.എസ്.ഐ.ആർ-സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രത്യേക പരിശീലനം നൽകി. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ കൺവെൻഷൻ സെന്ററിലായിരുന്നു ഏകദിന പരിശീലനം. കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് തയ്യാറാക്കിയ നഗരറോഡുകളുടെ പാതയൊരുക്കലും ഹരിതവൽക്കരണവും സംബന്ധിച്ച സ്റ്റാൻഡേർഡ് ഫ്രെയിംവർക്ക് ഡൽഹി ദേശീയ തലസ്ഥാന പ്രദേശത്ത് നടപ്പാക്കുന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. റോഡ് പൊടി കുറയ്ക്കുക, റോഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുക, ഡൽഹിയിലെ വായു ഗുണനിലവാരം ഉയർത്തുക എന്നിവയ്ക്കായി ശാസ്ത്രീയ റോഡ് രൂപകൽപ്പനയും പരിസ്ഥിതി സംരക്ഷണ നടപടികളും ഏകീകൃത പാതനിർമാണ രീതികളും പ്രയോഗിക്കണമെന്ന് പരിശീലനത്തിൽ വ്യക്തമാക്കി.
ശാസ്ത്രീയ റോഡ് രൂപകൽപ്പനയ്ക്ക് ഊന്നൽ
പരമ്പരാഗത ദീപം തെളിയിച്ചാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. തുടർന്ന് അതിഥികളെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. സി.ആർ.ആർ.ഐ ഡയറക്ടർ ഡോ. സി.എച്ച്. രവി ശേഖർ ഉദ്ഘാടന പ്രസംഗം നടത്തി. പൊതുമരാമത്ത് വകുപ്പ് എൻജിനീയർ ഇൻ ചീഫ് നവീൻ ബൻസാൽ, സ്പെഷ്യൽ സെക്രട്ടറി-2 രവി ഝാ എന്നിവരും സംസാരിച്ചു. ശാസ്ത്രീയമായ റോഡ് രൂപകൽപ്പന, പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികൾ, ഒരേ നിലവാരത്തിലുള്ള പാതനിർമാണ സാങ്കേതികവിദ്യ എന്നിവ റോഡ് പൊടി നിയന്ത്രിക്കുന്നതിനും ഡൽഹിയുടെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നിർണായകമാണെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി.
റോഡ് ആസൂത്രണത്തിൽ സമഗ്ര പരിശീലനം
ഒരു ദിവസം നീണ്ട പരിശീലനത്തിൽ സാങ്കേതിക വിഷയങ്ങളും സ്ഥലതല ആസൂത്രണവും ഉൾപ്പെടുത്തി. സി.ആർ.ആർ.ഐയിലെ വിദഗ്ധരും ശാസ്ത്രജ്ഞരുമാണ് വിവിധ സെഷനുകൾ നയിച്ചത്. ഡോ. സി.എച്ച്. രവി ശേഖർ, ഡോ. സമ്പത്ത് കുമാർ, ഡോ. കെ. രവീന്ദർ, ഡോ. ഇ. മധു, ഡോ. മുക്തി അദ്വാനി, ഡോ. മിനാൽ ചന്ദ്ര, ഡോ. ചിന്താമണി ബാരി, ഡോ. നിശ്ചൽ ഗുപ്ത എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ദേശീയ തലസ്ഥാന മേഖലയിലെ പാതയൊരുക്കലും ഹരിതവൽക്കരണവും സംബന്ധിച്ച മാർഗനിർദേശങ്ങളുടെ പശ്ചാത്തലം, നഗരമേഖലാ നിലവാരങ്ങളുടെ അടിസ്ഥാന തത്വങ്ങൾ, പരിസ്ഥിതിയും സുരക്ഷയും മെച്ചപ്പെടുത്തുന്ന രീതിയിൽ ഇന്ത്യൻ റോഡ്സ് കോൺഗ്രസ് മാർഗനിർദേശങ്ങളോട് ഒത്തുചേർന്ന റോഡ് ശൃംഖലാ ആസൂത്രണം എന്നിവ വിശദീകരിച്ചു.
വിവിധ റോഡുകൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങൾ
നഗരത്തിലെ വിവിധ വിഭാഗം റോഡുകൾക്ക് ആവശ്യമായ കാരിയേജ്വേ രൂപകൽപ്പനാ നിലവാരങ്ങളെക്കുറിച്ചും വിശദമായ മാർഗനിർദേശം നൽകി. റോഡുകളുടെ അവസ്ഥയും ഉപയോഗവും രേഖപ്പെടുത്തുന്നതിനുള്ള ഏകീകൃത വിവരശേഖരണ മാതൃകകളും അവതരിപ്പിച്ചു. പൊതുഗതാഗത സൗകര്യങ്ങളുടെ രൂപകൽപ്പനയ്ക്കുള്ള എൻജിനീയറിങ് മാനദണ്ഡങ്ങൾ, കാൽനടപ്പാതകൾ, മോട്ടോർ വാഹനങ്ങളില്ലാത്ത ഗതാഗത സൗകര്യങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക നിലവാരങ്ങളും പരിശീലനത്തിൽ ഉൾപ്പെടുത്തി.
സുരക്ഷയും നഗരസൗകര്യങ്ങളും ഒരുമിപ്പിക്കും
റോഡ് അടയാളങ്ങൾ, റോഡ് മാർക്കിങ് എന്നിവ സംബന്ധിച്ച സാങ്കേതിക സെഷനുകളും സംഘടിപ്പിച്ചു. ഡ്രെയിനേജ് സംവിധാനം, വൈദ്യുതി സൗകര്യങ്ങൾ, ടെലികോം ശൃംഖലകൾ, ബസ് സ്റ്റോപ്പുകൾ, വാതക ഇന്ധന സ്റ്റേഷനുകൾ തുടങ്ങിയ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ റോഡ് രൂപകൽപ്പനയുമായി തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന രീതികളും വിശദീകരിച്ചു. റോഡ് നിർമാണവും മറ്റ് നഗരസൗകര്യങ്ങളും തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കുന്നതിലാണ് പരിശീലനം ഊന്നൽ നൽകിയത്.
സ്ഥലതല നടപ്പാക്കലിന് പ്രവർത്തനരേഖ
പരിശീലനത്തിന്റെ അവസാനത്തിൽ സി.ആർ.ആർ.ഐ ശാസ്ത്രജ്ഞരും പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാരും തമ്മിൽ സംവാദം നടന്നു. പരിശീലനത്തിൽ പരിചയപ്പെടുത്തിയ മാർഗനിർദേശങ്ങൾ ഡൽഹിയിലെ റോഡ് ശൃംഖലയിൽ സ്ഥലതലത്തിൽ എങ്ങനെ നടപ്പാക്കാമെന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. തുടർനടപടികൾക്കും പ്രവർത്തനരേഖയ്ക്കും ആവശ്യമായ നിർദേശങ്ങളും ഇതിലൂടെ രൂപപ്പെടുത്തി.