ചെന്നൈ, 2026 സെപ്റ്റംബർ 02 –
തമിഴ്നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളിൽ സ്മാർട്ട്ഫോൺ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനും സർക്കാർ വിലക്ക് ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതൽ പുതിയ നിയന്ത്രണം നിലവിൽ വന്നു. സ്മാർട്ട്ഫോണുമായി എത്തുന്ന ഭക്തർ ക്ഷേത്ര പ്രവേശന കവാടത്തിലെ പ്രത്യേക കൗണ്ടറിൽ ഫോൺ ഏൽപ്പിക്കണം. ഒരു ഫോണിന് അഞ്ച് രൂപയാണ് ഈടാക്കുക. എന്നാൽ ക്യാമറയില്ലാത്ത മൊബൈൽ ഫോണുകൾ ക്ഷേത്രത്തിനുള്ളിൽ കൊണ്ടുപോകാം.
ഹിന്ദു മത-ചാരിറ്റബിൾ എൻഡോവ്മെന്റ് മന്ത്രി രമേഷാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. ക്ഷേത്രത്തിനുള്ളിൽ പ്രത്യേകിച്ച് യുവാക്കൾ ചിത്രങ്ങൾ എടുക്കുന്നതും വീഡിയോകളും റീലുകളും ചിത്രീകരിക്കുന്നതും സംബന്ധിച്ച പരാതികളാണ് നടപടിക്ക് പിന്നിൽ. മദ്രാസ് ഹൈക്കോടതിയുടെ നേരത്തെയുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ഭക്തർക്ക് സമാധാനപരമായ അന്തരീക്ഷത്തിൽ ആരാധന നടത്താൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് വകുപ്പ് അറിയിച്ചു.
സ്മാർട്ട്ഫോൺ സ്വീകരിക്കാൻ ക്ഷേത്രങ്ങളിൽ പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ഫോൺ ഏൽപ്പിക്കുമ്പോൾ രസീതോ പ്ലാസ്റ്റിക് ടോക്കണോ നൽകും. തിരികെ വാങ്ങുമ്പോൾ ഇത് ഹാജരാക്കണം. തിരക്കേറിയ ക്ഷേത്രങ്ങളിൽ നീണ്ട ക്യൂ ഒഴിവാക്കാൻ ആവശ്യമെങ്കിൽ കൂടുതൽ കൗണ്ടറുകൾ തുറക്കാനും നിർദേശിച്ചിട്ടുണ്ട്.
കാഞ്ചീപുരത്ത് രാവിലെ ആറുമുതൽ സംവിധാനം
കാഞ്ചീപുരത്തെ പ്രശസ്തമായ ദേവരാജസ്വാമി-അത്തി വരദർ ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ ആറുമുതൽ പുതിയ സംവിധാനം ആരംഭിച്ചു. ഫോണുകൾ സ്വീകരിക്കാൻ രണ്ട് കമ്പ്യൂട്ടർ ഓപ്പറേറ്റർമാരെയും രണ്ട് സഹായികളെയും നിയോഗിച്ചു. ഭക്തന്റെ ചിത്രം, മൊബൈൽ ഫോൺ മോഡൽ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തും. ടോക്കൺ ഹാജരാക്കി വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ഫോൺ തിരികെ നൽകുന്നത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടി
2022 ഡിസംബർ രണ്ടിലെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിർദേശമെന്ന് വകുപ്പ് അറിയിച്ചു. തിരുച്ചെന്തൂരിലെ അരുള്മിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്മാർട്ട്ഫോൺ ഉപയോഗം നിരോധിക്കണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജിയിലായിരുന്നു കോടതി ഉത്തരവ്. ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിയന്ത്രിക്കാനും സുരക്ഷിതമായി സൂക്ഷിക്കാൻ സംവിധാനം ഒരുക്കാനും നേരത്തെയും സർക്കുലറുകൾ നൽകിയിരുന്നു.
ദേവതകളുടെ ചിത്രങ്ങളും ചടങ്ങുകളുടെ വീഡിയോകളും പാടില്ല
ക്ഷേത്രത്തിനുള്ളിൽ ദേവതകളുടെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിനും ആചാരങ്ങളും ചടങ്ങുകളും റെക്കോർഡ് ചെയ്യുന്നതിനും വിലക്കുണ്ട്. പ്രമുഖ വ്യക്തികൾ, പൊതുപ്രവർത്തകർ, സിനിമാതാരങ്ങൾ തുടങ്ങിയവർ ഉൾപ്പെടുന്ന ചിത്രീകരണത്തിനും അനുമതി നൽകരുതെന്നാണ് നിർദേശം. മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്കുണ്ടെന്ന് പ്രവേശന കവാടങ്ങളിലും ക്ഷേത്രപരിസരത്തും ബോർഡുകൾ സ്ഥാപിക്കണം. ഉച്ചഭാഷിണിയിലൂടെയും നിയന്ത്രണം അറിയിക്കണം.
അഞ്ച് രൂപ വരുമാനമുണ്ടാക്കാനല്ലെന്ന് സർക്കാർ
ഫോൺ സൂക്ഷിക്കാൻ ഈടാക്കുന്ന അഞ്ച് രൂപ വരുമാനം നേടാനുള്ളതല്ലെന്ന് മന്ത്രി രമേഷ് വ്യക്തമാക്കി. 52 ക്ഷേത്രങ്ങളിലും പ്രത്യേക ജീവനക്കാരെ നിയമിക്കൽ, സുരക്ഷാ ലോക്കറുകൾ ഒരുക്കൽ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ ചെലവിനാണ് തുക ഉപയോഗിക്കുക. അതേസമയം വിലകൂടിയ സ്മാർട്ട്ഫോണുകളുടെ സുരക്ഷയും കൗണ്ടറുകളിൽ നീണ്ട ക്യൂ ഉണ്ടാകാനുള്ള സാധ്യതയും സംബന്ധിച്ച് ചില ഭക്തരും ക്ഷേത്ര ജീവനക്കാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.