കൊച്ചി /2026 / ഓഗസ്റ്റ് 21
ഇന്ത്യയുടെ സമുദ്രാതിർത്തിക്കുള്ളിലെ ആഴക്കടൽ, വിദൂരജല മത്സ്യസമ്പത്തുകളെക്കുറിച്ചുള്ള സമഗ്ര ദേശീയ റിപ്പോർട്ട് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പുറത്തിറക്കി. സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് റിപ്പോർട്ട് പുറത്തിറക്കിയത്. മുൻ ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ഡോ. എം. രവിച്ചന്ദ്രനാണ് കൊച്ചിയിൽ റിപ്പോർട്ട് പ്രകാശനം ചെയ്തത്. ഇന്ത്യയുടെ 23.7 ലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന പ്രത്യേക സാമ്പത്തിക മേഖലയിലെ ഏകദേശം നാല് പതിറ്റാണ്ടത്തെ സമുദ്രശാസ്ത്ര ഗവേഷണവും മൂന്ന് പതിറ്റാണ്ടത്തെ ക്രമബദ്ധമായ സർവേകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമുദ്രവിഭവങ്ങളുടെ കണക്കെടുപ്പിനൊപ്പം ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കി നീല സമ്പദ്വ്യവസ്ഥ വികസിപ്പിക്കാനുള്ള മാർഗരേഖയായാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
നാല് പതിറ്റാണ്ടിന്റെ സമുദ്ര ഗവേഷണം
മറൈൻ ലിവിങ് റിസോഴ്സസ് പ്രോഗ്രാമിന്റെ ഭാഗമായി 1990-കളുടെ തുടക്കം മുതൽ നടത്തിയ 400-ലധികം സമുദ്രശാസ്ത്ര യാത്രകളിലെ വിവരങ്ങളാണ് റിപ്പോർട്ടിന്റെ പ്രധാന അടിത്തറ. ഇന്ത്യയുടെ പ്രധാന മത്സ്യ-സമുദ്രശാസ്ത്ര ഗവേഷണക്കപ്പലായ സാഗർ സമ്പദയാണ് ഈ പഠനങ്ങളിൽ നിർണായക പങ്കുവഹിച്ചത്. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ലക്ഷദ്വീപ് കടൽമേഖല, ആൻഡമാൻ കടൽ, അന്റാർട്ടിക്ക ഉൾപ്പെടുന്ന ദക്ഷിണ സമുദ്രം എന്നിവിടങ്ങളിൽ ശാസ്ത്രജ്ഞർ ആഴ്ചകളോളം നീണ്ട പഠനയാത്രകൾ നടത്തി. മത്സ്യവർഗങ്ങളുടെ വ്യാപനം, മത്സ്യസമ്പത്തിന്റെ അളവ്, പ്രധാന പരിസ്ഥിതി വിവരങ്ങൾ എന്നിവയാണ് ശേഖരിച്ചത്.
200 മുതൽ 1,000 മീറ്റർ വരെ പുതിയ സാധ്യതകൾ
200 മുതൽ 1,000 മീറ്റർ വരെ ആഴത്തിലുള്ള മെസോപെലാജിക് മേഖലയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. ലാന്റേൺ മത്സ്യങ്ങൾ, ആഴക്കടൽ ചെമ്മീൻ, സെഫലോപോഡുകൾ എന്നിവ ഇവിടെ വലിയ തോതിൽ കാണപ്പെടുന്നു. ഇവ രാത്രിയിൽ നടത്തുന്ന ലംബ സഞ്ചാരം സമുദ്രത്തിന്റെ ജൈവ കാർബൺ പമ്പിന് സഹായിക്കുന്നതായും ഉപരിതലത്തിൽ നിന്ന് ആഴക്കടലിലേക്ക് കാർബൺ എത്തിച്ച് ആഗോള കാലാവസ്ഥ നിയന്ത്രണത്തിൽ പങ്കുവഹിക്കുന്നതായും റിപ്പോർട്ട് പറയുന്നു. 200 മീറ്ററിന് താഴെയുള്ള ഭൂഖണ്ഡ ചരിവുകളിൽ ആഴക്കടൽ ചെമ്മീൻ, പെർച്ച്, സ്കോംബ്രോയിഡ്, ഫ്ലാറ്റ്ഫിഷ്, ഈൽ എന്നിവയുടെ ഇപ്പോഴും പൂർണമായി ഉപയോഗിക്കാത്ത വലിയ ശേഖരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ട്യൂണ മുതൽ അന്റാർട്ടിക് ക്രിൽ വരെ
വിദൂരജല മത്സ്യബന്ധന മേഖലയിലെ വിലമതിപ്പുള്ള ജീവിവർഗങ്ങളായ ട്യൂണ, ബിൽഫിഷ്, സ്രാവ്, സമുദ്ര കണവ, അന്റാർട്ടിക് ക്രിൽ എന്നിവയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുർബലമായ സമുദ്ര ആവാസവ്യവസ്ഥകളുടെ പ്രജനന-ആവാസ കേന്ദ്രങ്ങളായ പ്രധാന ജൈവവൈവിധ്യ മേഖലകളും രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം ബാങ്ക്, ആംഗ്രിയ ബാങ്ക്, മംഗളൂരുവിന് പുറത്തുള്ള ആഴക്കടൽ ചരിവ്, തിരുവനന്തപുരത്തിന് സമീപമുള്ള ടെറസ് മേഖല, ലക്ഷദ്വീപ്, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ എന്നിവയാണ് പ്രധാനമായി ചൂണ്ടിക്കാട്ടിയ പ്രദേശങ്ങൾ.
സാങ്കേതികവിദ്യയിലൂടെ 2047 ലക്ഷ്യം
പഴയ സമുദ്ര നിരീക്ഷണ വിവരങ്ങളെ ഫിഷറീസ് അക്കൂസ്റ്റിക്സ്, പരിസ്ഥിതി ഡി.എൻ.എ, സ്വയം പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ, ഉപഗ്രഹ നിരീക്ഷണം, നിർമിതബുദ്ധി, പുരോഗമിച്ച പരിസ്ഥിതി മാതൃകകൾ എന്നിവയുമായി കൂട്ടിച്ചേർത്ത് സമുദ്ര മേഖലാ ആസൂത്രണത്തിനുള്ള ആധുനിക സംവിധാനം ഇന്ത്യ ഒരുക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. ഇത് നീല സമ്പദ്വ്യവസ്ഥയെ ദേശീയ വളർച്ചയുടെ പ്രധാന തൂണായി കാണുന്ന ഇന്ത്യയുടെ 2047 ദർശനത്തിന് കരുത്തേകും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം 14, സമുദ്രശാസ്ത്രത്തിനായുള്ള ഐക്യരാഷ്ട്ര ദശാബ്ദം എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ഇത് ശക്തമാക്കുന്നു. പുതിയ സമുദ്രവിഭവങ്ങൾ കണ്ടെത്തുന്നത് മാത്രം പോരെന്നും അവയെ മനസ്സിലാക്കി ആവാസവ്യവസ്ഥയെ മാനിച്ച് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്യണമെന്നും ഡോ. എം. രവിച്ചന്ദ്രൻ പറഞ്ഞു.
റിപ്പോർട്ടിന് പിന്നിലെ സംഘം
മുൻ സി.എം.എൽ.ആർ.ഇ ഡയറക്ടർമാരായ ഡോ. പി. മാധേശ്വരൻ, ഡോ. എം. സുധാകർ, ഡീപ് ഓഷ്യൻ മിഷൻ ഡയറക്ടർ ഡോ. എം. വി. രമണ മൂർത്തി, സി.എം.എൽ.ആർ.ഇ മേധാവി ഡോ. ആർ. എസ്. മഹേഷ്കുമാർ, സമുദ്രശാസ്ത്ര മേഖലയിലെ മുതിർന്ന അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. മുൻ സി.എം.എൽ.ആർ.ഇ ഡയറക്ടർ ഡോ. വി. എൻ. സഞ്ജീവനും ഗോവയിലെ ദേശീയ സമുദ്രശാസ്ത്ര സ്ഥാപനത്തിലെ വിരമിച്ച ശാസ്ത്രജ്ഞൻ ഡോ. ബാബൻ ഇംഗോളെയുമാണ് റിപ്പോർട്ട് എഡിറ്റ് ചെയ്തത്. ഡോ. ആർ. എസ്. മഹേഷ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രസിദ്ധീകരണം. ഡോ. ഹാഷിം മഞ്ചെബ്രയക്കത്ത്, ഡോ. സ്മിത ബി. ആർ., ഡോ. രാജീഷ് കുമാർ എം. പി., ഡോ. മീര കെ. എം., ഡോ. പൂർബലി സാഹ, ഡോ. സഹീന അക്തർ, ഡോ. ചിന്മയ് കാർ, ഡോ. ദാവൂദ് നിഹാൽ എന്നിവരാണ് പ്രധാന രചയിതാക്കളുടെ സംഘത്തിലുള്ളത്.