ന്യൂഡൽഹി/ 2026 / ഓഗസ്റ്റ് 19
ഇന്ത്യയിലെ ഏറ്റവും വലിയ സെമികണ്ടക്ടർ സമ്മേളനവും പ്രദർശനവുമായ സെമികോൺ ഇന്ത്യ 2026 സെപ്റ്റംബർ 17 മുതൽ 19 വരെ ന്യൂഡൽഹിയിലെ ദ്വാരക യശോഭൂമി ഇന്ത്യ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെന്ററിൽ നടക്കും. അഞ്ചാം പതിപ്പായ സമ്മേളനം സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യ സെമികണ്ടക്ടർ മിഷൻ, കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം, ആഗോള വ്യവസായ സംഘടനയായ സെമി എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാർ-വ്യവസായ നേതാക്കൾ, വിദഗ്ധർ, അക്കാദമിക് രംഗത്തുള്ളവർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങി ആഗോള സെമികണ്ടക്ടർ മേഖലയിലെ പ്രധാന പങ്കാളികൾ പങ്കെടുക്കും.
സെമികോൺ 2.0ലൂടെ അടുത്ത കുതിപ്പ്
‘സിലിക്കൺ ടു സിസ്റ്റംസ്: ബിൽഡിങ് ദി ഇക്കോസിസ്റ്റം’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ കീഴിലുള്ള സെമികോൺ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തിന്റെ സെമികണ്ടക്ടർ മുന്നേറ്റത്തിന് വേഗം കൂടിയിട്ടുണ്ട്. സെമികോൺ 1.0 പ്രകാരം ശക്തവും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ സെമികണ്ടക്ടർ സംവിധാനം കെട്ടിപ്പടുക്കാൻ 12 പദ്ധതികൾക്ക് അംഗീകാരം നൽകി. ഇതിൽ മൂന്ന് പദ്ധതികൾ വാണിജ്യ ഉൽപാദനം ആരംഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായ സെമികോൺ 2.0നും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ആറ് പ്രധാന തൂണുകളുള്ള ഈ ഘട്ടം രാജ്യത്തെ സെമികണ്ടക്ടർ സംവിധാനത്തിന്റെ വളർച്ചയ്ക്ക് കൂടുതൽ വേഗം നൽകുകയാണ് ലക്ഷ്യം.
സെമികണ്ടക്ടറിനെ അടിസ്ഥാന വ്യവസായമായി കണക്കാക്കി ഗവേഷണം, നൂതനാശയങ്ങൾ, രൂപകൽപന എന്നിവയ്ക്കും സർക്കാർ പിന്തുണ നൽകുന്നുണ്ട്. 332ലേറെ അക്കാദമിക് സ്ഥാപനങ്ങൾക്കും 105 സ്റ്റാർട്ടപ്പുകൾക്കും അത്യാധുനിക രൂപകൽപനാ ഉപകരണങ്ങൾ ലഭ്യമാക്കുന്നു. ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയിൽ 24 സ്റ്റാർട്ടപ്പുകൾക്കും അംഗീകാരം നൽകി. നിർണായക ഉപയോഗങ്ങൾക്കായി ഇന്ത്യൻ നൂതനാശയ പ്രവർത്തകർക്ക് സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഇതിലൂടെ അവസരം ലഭിക്കുന്നു. ആത്മനിർഭർ ഭാരത് കാഴ്ചപ്പാടിന് അനുസരിച്ച് സമഗ്രമായ സെമികണ്ടക്ടർ സംവിധാനം വളർത്തുകയാണ് ഈ നടപടികളുടെ ലക്ഷ്യം.
മൂന്ന് ദിവസങ്ങളിൽ ആഗോള സാങ്കേതിക ചർച്ചകൾ
മൂന്ന് ദിവസത്തെ പരിപാടിയിൽ മുഖ്യപ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, പ്രത്യേക സംവാദങ്ങൾ, രാജ്യാന്തര വട്ടമേശ ചർച്ചകൾ എന്നിവ നടക്കും. സെമികണ്ടക്ടർ നവീകരണത്തിന്റെയും വളർച്ചയുടെയും വേഗം കൂട്ടാൻ ആശയവിനിമയത്തിനും സഹകരണത്തിനുമുള്ള വേദിയാകും സമ്മേളനം. ഉൽപാദനവും സാങ്കേതികവിദ്യയും, നിർമിതബുദ്ധിയും ഡിജിറ്റൽ പരിവർത്തനവും, വിതരണശൃംഖല, രാസവസ്തുക്കൾ-വാതകങ്ങൾ-അസംസ്കൃത വസ്തുക്കൾ, സർക്കാർ നയങ്ങളും പദ്ധതികളും, സുസ്ഥിരത, ഉൽപന്ന നിർമാണവും രൂപകൽപനയും, സ്റ്റാർട്ടപ്പുകളും നൂതനാശയങ്ങളും, പ്രതിഭയും നൈപുണ്യവും, ഇന്ത്യൻ ബ്രാൻഡുകളും വിപണി വികസനവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ചർച്ചകളുണ്ടാകും.
നേതൃത്വ-തന്ത്രപരമായ വേദികൾ, ആറ് രാജ്യാന്തര വട്ടമേശ ചർച്ചകൾ, വനിതാ ശാക്തീകരണവും നേതൃത്വവും സംബന്ധിച്ച പ്രത്യേക സെഷൻ, തൊഴിൽശേഷി വികസന സെഷൻ എന്നിവയും നടക്കും. ‘സ്ട്രോങ്ങർ ടുഗെദർ: ഇൻഡസ്ട്രി അസോസിയേഷൻസ് കൊളാബറേറ്റിങ് ഫോർ ഇന്ത്യാസ് ഇഎസ്ഡിഎം ഗ്രോത്ത്’ എന്ന വിഷയത്തിലും പ്രത്യേക സെഷനുണ്ടാകും.
500ലേറെ പ്രദർശകർ, 40ലേറെ രാജ്യങ്ങളിൽനിന്ന് പ്രതിനിധികൾ
സെമികോൺ ഇന്ത്യ പ്രദർശനത്തിൽ ആഗോള സെമികണ്ടക്ടർ-ഇലക്ട്രോണിക്സ് മേഖലകളെ പ്രതിനിധീകരിച്ച് 500ലേറെ പ്രദർശകർ പങ്കെടുക്കും. 240ലേറെ രാജ്യാന്തര കമ്പനികളും ലോകപ്രശസ്തരായ 150ലേറെ പ്രഭാഷകരും എത്തും. 40ലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധിസംഘങ്ങളും പങ്കെടുക്കും. 15,000 ചതുരശ്ര മീറ്ററിലേറെയാണ് പ്രദർശനത്തിനായി ഒരുക്കുന്നത്. ആറ് രാജ്യ പവിലിയനുകളും പത്ത് സംസ്ഥാന സർക്കാർ പവിലിയനുകളും ഉണ്ടാകും. സ്റ്റാർട്ടപ്പ് പവിലിയൻ, നൂതനാശയ പ്രദർശനം, സ്റ്റാർട്ടപ്പ് പിച്ച് മത്സരം, വിദ്യാർഥി ഹാക്കത്തോൺ, തൊഴിൽശേഷി വികസന പവിലിയൻ എന്നിവയും പരിപാടിയുടെ ഭാഗമാണ്.
കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണൻ പറയുന്നതനുസരിച്ച്, പുരോഗമനപരമായ നയങ്ങളിലൂടെയും വിപുലമായ പിന്തുണയിലൂടെയും സെമികണ്ടക്ടർ മേഖലയ്ക്കുള്ള പ്രാധാന്യം കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സെമികോൺ ഇന്ത്യയിലെ പങ്കാളിത്തം ഓരോ വർഷവും വലിയ തോതിൽ ഉയരുകയാണ്. സെമികോൺ 1.0 പ്രകാരം അംഗീകരിച്ച 12 പദ്ധതികളിൽ മൂന്നെണ്ണം വാണിജ്യ ഉൽപാദനം തുടങ്ങിയ സാഹചര്യവും ആറ് പ്രധാന തൂണുകളുള്ള സെമികോൺ 2.0 പ്രഖ്യാപിച്ചതുമാണ് ഇത്തവണത്തെ പരിപാടിയെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ ആഗോള വിതരണശൃംഖലയുടെ അവിഭാജ്യ ഭാഗമാകണം
അഞ്ച് പതിറ്റാണ്ടിലേറെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമികണ്ടക്ടർ കേന്ദ്രങ്ങളുടെ വളർച്ചയ്ക്ക് സെമി പിന്തുണ നൽകിയിട്ടുണ്ടെന്ന് സെമി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അജിത് മനോച്ച പറഞ്ഞു. വേഗം, ലക്ഷ്യബോധം, പ്രതിഭ, ദീർഘകാല കാഴ്ചപ്പാട് എന്നിവയുടെ കരുത്തിൽ ഇന്ത്യയ്ക്ക് വലിയ വളർച്ചാസാധ്യതയുണ്ട്. ആഗോള വിതരണശൃംഖലയിൽ ചേരുക മാത്രമല്ല, അതിന്റെ അവിഭാജ്യ ഘടകമായി മാറുകയാണ് ഇന്ത്യയുടെ അവസരമെന്നും അതിന് വേഗം നൽകുകയാണ് സെമികോൺ ഇന്ത്യ 2026ന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെയും കമ്പനികളിലെയും പ്രതിനിധികളെയും ഇന്ത്യയിൽ ഉൽപാദന യൂണിറ്റുകൾ സ്ഥാപിക്കാൻ അംഗീകാരം ലഭിച്ച ഇന്ത്യൻ കമ്പനികളെയും രാജ്യത്തെ അവസരങ്ങൾ പരിശോധിക്കുന്ന സ്ഥാപനങ്ങളെയും ഒരുമിപ്പിക്കുന്ന വേദിയാണ് സെമികോൺ ഇന്ത്യ 2026 എന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും ഇന്ത്യ സെമികണ്ടക്ടർ മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അമിതേഷ് കുമാർ സിൻഹ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാർ നേതാക്കളും നയരൂപീകരണ വിദഗ്ധരും സെമികണ്ടക്ടർ രൂപകൽപനയ്ക്കും ഉൽപാദനത്തിനും പിന്തുണ നൽകുന്ന വിതരണശൃംഖല പങ്കാളികളും ഇതിൽ പങ്കെടുക്കും. ആഗോള സെമികണ്ടക്ടർ ആവശ്യകത ഏകദേശം ഒരു ലക്ഷം കോടി ഡോളറിൽനിന്ന് രണ്ട് ലക്ഷം കോടി ഡോളറിലേക്കും ഇന്ത്യയുടെ ആവശ്യം ഏകദേശം 10,000 കോടി ഡോളറിൽനിന്ന് 20,000 കോടി ഡോളറിലേക്കും ഉയരുമെന്നാണ് പ്രതീക്ഷ. വനിതാ ശാക്തീകരണവും നേതൃത്വവും സംബന്ധിച്ച പ്രത്യേക സെഷനും സമ്മേളനത്തിലുണ്ടാകും.
‘മണലിൽനിന്ന് സിലിക്കണിലൂടെ സിസ്റ്റത്തിലേക്ക്’
‘സിലിക്കൺ ടു സിസ്റ്റംസ് – ബിൽഡിങ് ദി ഇക്കോസിസ്റ്റം’ എന്ന പ്രമേയം സമഗ്രവും ആഗോളതലത്തിൽ മത്സരക്ഷമവുമായ സെമികണ്ടക്ടർ മൂല്യശൃംഖല സൃഷ്ടിക്കുന്നതിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സെമി ഇന്ത്യ, ഐഇഎസ്എ പ്രസിഡന്റ് അശോക് ചന്ദക് പറഞ്ഞു. ഇത്തവണ ലഭിച്ച വലിയ ആഗോള-ഇന്ത്യൻ കോർപ്പറേറ്റ് താൽപര്യം ഇന്ത്യയുടെ സെമികണ്ടക്ടർ യാത്രയിൽ വ്യവസായ നേതാക്കൾക്കുള്ള വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ നേതാക്കൾ, നയരൂപീകരണ വിദഗ്ധർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ എന്നിവർ ഒരുമിക്കുന്ന വാർഷിക കേന്ദ്രമായി സെമികോൺ ഇന്ത്യ മാറിയിട്ടുണ്ട്. സഹകരണങ്ങളും പങ്കാളിത്തങ്ങളും ഇവിടെ രൂപപ്പെടുന്നു. ഇത്തവണ അവതരിപ്പിക്കുന്ന ‘സാൻഡ് ടു സിലിക്കൺ ടു സിസ്റ്റംസ്’ മൂല്യശൃംഖല അനുഭവം, വിശ്വാസ്യത സൃഷ്ടിക്കുന്ന ഘട്ടത്തിൽനിന്ന് ശേഷി തെളിയിക്കുന്ന ഘട്ടത്തിലേക്ക് ഇന്ത്യ മുന്നേറുന്നതിനെ അവതരിപ്പിക്കും.
ആശയങ്ങളും സഹകരണവും നൂതനാശയങ്ങളും ഒരുമിക്കുന്ന വേദിയായാണ് പരിപാടി പ്രവർത്തിക്കുക. ഭാവിയിലെ സങ്കീർണ വെല്ലുവിളികൾ നേരിടുന്നതിനൊപ്പം സെമികണ്ടക്ടർ മേഖലയിലുടനീളം കൂടുതൽ സഹകരണം വളർത്താനും ഇത് അവസരമൊരുക്കും. എഎസ്എംഎൽ, അപ്ലൈഡ് മെറ്റീരിയൽസ്, ടെറഡൈൻ, ഇൻഫിനിയോൺ, എബാര, ജാബിൽ, ഐബിഎം റിസർച്ച്, എൻഎക്സ്പി, ടാറ്റ ഇലക്ട്രോണിക്സ്, മൈക്രോൺ, മെർക്ക് കെജിഎഎ, റാപ്പിഡസ്, ലാം റിസർച്ച്, സിജി പവർ, യൂനോ മിൻഡ, അഡ്വാൻടെസ്റ്റ്, ഇനോക്സ് എയർ പ്രൊഡക്ട്സ്, സെമി, ഹൊറിബ സ്റ്റെക്, സ്ക്രീൻ, എവർസ്പിൻ ടെക്നോളജീസ്, ബ്രൂവർ സയൻസ്, പോളാർ സെമികണ്ടക്ടർ, ടോക്യോ ഇലക്ട്രോൺ, എമർജൻസ് എഐ തുടങ്ങിയ പ്രമുഖ കമ്പനികളുടെ വ്യവസായ നേതാക്കളും പങ്കെടുക്കും.
സെമികോൺ ഇന്ത്യ 2026ലേക്കുള്ള സന്ദർശക രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ സെമികണ്ടക്ടർ മിഷൻ, കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയം, സെമി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യത്തെ പ്രധാന സെമികണ്ടക്ടർ സമ്മേളനവും പ്രദർശനവുമാണ് സെമികോൺ ഇന്ത്യ. ആഗോള സെമികണ്ടക്ടർ-ഇലക്ട്രോണിക്സ് മേഖലയെ ഒരുമിപ്പിച്ച് സഹകരണം, നവീകരണം, ഉൽപാദനം, നിക്ഷേപം, പ്രതിഭാ വികസനം എന്നിവ മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യം. സെമികണ്ടക്ടർ-ഇലക്ട്രോണിക്സ് രൂപകൽപന, ഉൽപാദന വിതരണശൃംഖലകളിലായി ലോകമെമ്പാടുമുള്ള 4,000ലേറെ കമ്പനികളെയും 15 ലക്ഷം പ്രൊഫഷണലുകളെയും ബന്ധിപ്പിക്കുന്ന ആഗോള വ്യവസായ സംഘടനയാണ് സെമി. വ്യവസായ വെല്ലുവിളികൾ നേരിടാൻ അംഗങ്ങൾ തമ്മിലുള്ള സഹകരണം, തൊഴിൽശേഷി വികസനം, സുസ്ഥിരത, വിതരണശൃംഖല പരിപാലനം തുടങ്ങിയ മേഖലകളിൽ സംഘടന പ്രവർത്തിക്കുന്നു. സെമികോൺ പ്രദർശനങ്ങൾ, സാങ്കേതിക സമൂഹങ്ങൾ, മാനദണ്ഡങ്ങൾ, വിപണി വിവരങ്ങൾ എന്നിവയിലൂടെ രൂപകൽപന, ഉപകരണങ്ങൾ, സാമഗ്രികൾ, സേവനങ്ങൾ, സോഫ്റ്റ്വെയർ തുടങ്ങിയ മേഖലകളിലെ വളർച്ചയ്ക്കും നവീകരണത്തിനും സെമി പിന്തുണ നൽകുന്നു.
ഇന്ത്യയെ ഇലക്ട്രോണിക്സ് ഉൽപാദനത്തിന്റെയും രൂപകൽപനയുടെയും ആഗോള കേന്ദ്രമാക്കാൻ ശക്തമായ സെമികണ്ടക്ടർ-ഡിസ്പ്ലേ സംവിധാനം കെട്ടിപ്പടുക്കുകയാണ് ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ ലക്ഷ്യം. സെമികണ്ടക്ടർ, ഡിസ്പ്ലേ പദ്ധതികൾ കാര്യക്ഷമമായും തടസ്സമില്ലാതെയും നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസിയായും മിഷൻ പ്രവർത്തിക്കുന്നു. ആഗോള വിദഗ്ധരുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഏജൻസികൾ, വ്യവസായം, അക്കാദമിക് മേഖല എന്നിവയുമായി കൂടിയാലോചിച്ച് സെമികണ്ടക്ടർ-ഡിസ്പ്ലേ സംവിധാനം വികസിപ്പിക്കുന്നതിനുള്ള പദ്ധതി സമഗ്രമായും കാര്യക്ഷമമായും നടപ്പാക്കുന്നതിനുള്ള കേന്ദ്ര സംവിധാനമായാണ് മിഷൻ പ്രവർത്തിക്കുന്നത്.