ലഖ്നൗ / 2026 /ഓഗസ്റ്റ് 8
ലഖ്നൗവിലെ ബന്ത്രയിലുള്ള മഹർഷി പരാശർ ബയോറിസോഴ്സ് സെന്ററിൽ രാജ്യത്തെ ആദ്യത്തെ ഇക്കോ-എജ്യുക്കേഷണൽ ഹബ്ബായ ‘പ്രകൃതി ജ്ഞാൻ ധാം’ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് രാജ്യത്തിന് സമർപ്പിച്ചു. സി.എസ്.ഐ.ആർ–ദേശീയ സസ്യശാസ്ത്ര ഗവേഷണ സ്ഥാപനം വികസിപ്പിച്ച കേന്ദ്രം ശാസ്ത്രീയ ഗവേഷണം, പരിസ്ഥിതി വിദ്യാഭ്യാസം, ജൈവവൈവിധ്യ സംരക്ഷണം, സസ്യപൈതൃകം എന്നിവയെ ഒരിടത്ത് കൂട്ടിച്ചേർക്കുന്നതാണ്. ഓഗസ്റ്റ് എട്ടിനായിരുന്നു ഉദ്ഘാടനം.
ശാസ്ത്ര സ്ഥാപനങ്ങളുടെ പ്രവർത്തനം ലബോറട്ടറികളിലും ക്യാമ്പസുകളിലും ഒതുങ്ങരുതെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. കർഷകർ, സംരംഭകർ, വിദ്യാർഥികൾ, വ്യവസായ മേഖല എന്നിവർക്കായി പുതിയ സാങ്കേതികവിദ്യകളും വിജയകഥകളും ഡിജിറ്റൽ, സാമൂഹിക മാധ്യമങ്ങളിലൂടെ കൂടുതൽ എത്തിക്കണം. സമാന പദ്ധതികളുമായി വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ജി.എൻ. സിങ്, കേന്ദ്ര ഒഡിഷ സർവകലാശാല വൈസ് ചാൻസലർ ഡോ. അജിത് കുമാർ ശശാനി, സി.എസ്.ഐ.ആർ–എൻ.ബി.ആർ.ഐ ഡയറക്ടർ ഡോ. സബീർ അഹമ്മദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
ഇന്ത്യയുടെ സസ്യസമ്പത്തും ചരിത്രവും നേരിട്ട് അനുഭവിച്ചറിയാവുന്ന ജീവനുള്ള പഠനകേന്ദ്രമായാണ് പ്രകൃതി ജ്ഞാൻ ധാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും പ്രകൃതിസ്നേഹികൾക്കും പൊതുജനങ്ങൾക്കും സസ്യവൈവിധ്യവും സംരക്ഷണ പ്രവർത്തനങ്ങളും പരിചയപ്പെടാം. ഭാവിയിൽ അനുഭവപഠനത്തിന്റെയും പൊതുജന ശാസ്ത്രബോധവത്കരണത്തിന്റെയും ദേശീയ കേന്ദ്രമായി ഇത് വളർത്താനാണ് ലക്ഷ്യം.
ചരിത്രം പറയുന്ന മരങ്ങളിലൂടെ ഒരു യാത്ര
കേന്ദ്രത്തിലെ പ്രധാന ആകർഷണമാണ് പാവൻ പാത് എന്ന പൈതൃക സസ്യപാത. രാജ്യത്തിന്റെ വിവിധ പാരിസ്ഥിതിക മേഖലകളെ പ്രതിനിധീകരിക്കുന്ന സസ്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ഹെറിറ്റേജ് ഗാർഡനിൽ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ നിന്നുള്ള പൈതൃക മരങ്ങളുടെ പിൻതലമുറകളെയും സംരക്ഷിക്കുന്നു.
ഫത്തേപ്പൂരിലെ 52 സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗവുമായി ബന്ധപ്പെട്ട ബാവൻ ഇംലി പുളിമരം, ലഖ്നൗവിലെ മദർ ദഷേരി മാവ്, പ്രയാഗ്രാജിലെ പാതാൾപുരി ആൽമരം, ചമ്പാരനിലെ ഭിതിഹർവയിൽ മഹാത്മാഗാന്ധി നട്ട മാവ്, ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്രാ പാതയുമായി ബന്ധപ്പെട്ട മരങ്ങളുടെ പിൻതലമുറ എന്നിവ ഇവിടെ കാണാം. ഓരോ മരത്തിന്റെയും ചരിത്രം, സംസ്കാരം, സസ്യശാസ്ത്ര വിവരങ്ങൾ എന്നിവ സ്മാർട്ട്ഫോണിലൂടെ കേൾക്കാൻ ക്യു.ആർ അധിഷ്ഠിത ശബ്ദസംവിധാനവും ഒരുക്കിയിട്ടുണ്ട്.
വംശനാശഭീഷണിയിലുള്ള സസ്യങ്ങൾക്കും പ്രത്യേക ഇടം
അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങൾക്കായി വിഭവ എൻക്ലേവ് ഒരുക്കിയിട്ടുണ്ട്. ജൈവവൈവിധ്യ നഷ്ടം, ആവാസവ്യവസ്ഥാ നാശം, കാലാവസ്ഥാ വ്യതിയാനം, സസ്യജനിതക സമ്പത്തിന്റെ സംരക്ഷണം എന്നിവയെക്കുറിച്ച് ബോധവത്കരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഔദ്യോഗിക സംസ്ഥാന സസ്യങ്ങൾ ഒരുമിച്ചുള്ള ഭൈരവ് എൻക്ലേവും കേന്ദ്രത്തിന്റെ ഭാഗമാണ്.
43 ഇനം മുളകളുമായി ബാംബൂസ്റ്റിയം
ദേശീയവും വിദേശീയവുമായി 43 ഇനം മുളകളുള്ള ബാംബൂസ്റ്റിയം മറ്റൊരു പ്രധാന ആകർഷണമാണ്. പരിസ്ഥിതി പുനരുദ്ധാരണം, കാർബൺ സംഭരണം, മണ്ണുസംരക്ഷണം, സുസ്ഥിര ഉപജീവനം, പരമ്പരാഗത കരകൗശലം, ഹരിത അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിൽ മുളയുടെ സാധ്യതകൾ ഇവിടെ പരിചയപ്പെടുത്തുന്നു.
കുടുംബശ്രീക്ക് നാല് സസ്യാധിഷ്ഠിത സാങ്കേതികവിദ്യകൾ
പരിപാടിയിൽ ശാസ്ത്രീയ ഗവേഷണത്തെ നേരിട്ട് ഉപജീവനവുമായി ബന്ധിപ്പിക്കുന്ന പദ്ധതികളും പ്രഖ്യാപിച്ചു. ഹിമാലയയുമായി ചേർന്ന് വികസിപ്പിച്ച പുരുഷ പ്രത്യുത്പാദന ആരോഗ്യത്തിനുള്ള ഔഷധസസ്യ ഫോർമുല പുറത്തിറക്കി. ഹെർബൽ ആന്റി-ഡാൻഡ്രഫ് ഹെയർ കെയർ ഓയിൽ, ഫ്രോട്ടസ് ലോട്ടസ്-ഇൻസ്പയേർഡ് പെർഫ്യൂം, ഫ്രോട്ടസ് രുദ്ര പെർഫ്യൂം, ഹെർബൽ നാനോ സീറം എന്നീ നാല് സസ്യാധിഷ്ഠിത സാങ്കേതികവിദ്യകൾ കേരളത്തിലെ കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷന് കൈമാറി. ശാസ്ത്രാധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ വനിതാ സംരംഭകത്വവും ഉപജീവനവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ലഖ്നൗവിലെ വിറ്റ്വേക്ക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് കുറഞ്ഞ ചെലവിലുള്ള ഫോട്ടോബയോറിയാക്ടറിന്റെ രൂപകൽപ്പനയും വികസന സാങ്കേതികവിദ്യയും കൈമാറി. സസ്യശാസ്ത്ര ഗവേഷണത്തെ കർഷകർ, വ്യവസായം, പൊതുജനം എന്നിവർക്കുള്ള ഉൽപ്പന്നങ്ങളായും സാങ്കേതികവിദ്യകളായും മാറ്റുന്നതിൽ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ മന്ത്രി അഭിനന്ദിച്ചു. പരമ്പരാഗത അറിവും ആധുനിക സാങ്കേതികവിദ്യയും കൂട്ടിച്ചേർത്ത് പരിസ്ഥിതി, കാലാവസ്ഥാ വെല്ലുവിളികളെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഹെറിറ്റേജ് ഗാർഡനുകളെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ചടങ്ങിൽ പുറത്തിറക്കി.
.