ന്യൂഡൽഹി / 2026 /ജൂലൈ 30
രാജ്യത്തെ എല്ലാ കുട്ടികളും രണ്ടാം ക്ലാസ് പൂർത്തിയാകുമ്പോഴേക്കും അടിസ്ഥാന വായനാശേഷിയും കണക്കുകൂട്ടൽ ശേഷിയും നേടണമെന്ന് ലക്ഷ്യമിട്ടാണ് നിപുണ് ഭാരത് ദൗത്യം നടപ്പാക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പാണ് 2021 ജൂലൈ അഞ്ചിന് പദ്ധതി ആരംഭിച്ചത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ രേഖാമൂലം അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് സമഗ്ര ശിക്ഷാ പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
മൂന്ന് മുതൽ ആറു വയസുവരെയുള്ളവരും പഠനത്തുടർച്ചയിൽ
അഞ്ച് കൂട്ടി മൂന്ന് കൂട്ടി മൂന്ന് കൂട്ടി നാല് എന്ന പുതിയ വിദ്യാഭ്യാസ ഘടനയിൽ ആദ്യമായാണ് മൂന്ന് മുതൽ ആറു വയസുവരെയുള്ള കുട്ടികളെ അടിസ്ഥാന പഠനഘട്ടത്തിന്റെ ഭാഗമാക്കിയത്. മൂന്ന് വർഷത്തെ ബാലവാടിയും ഒന്നും രണ്ടും ക്ലാസുകളും ചേർന്നതാണ് ഈ ഘട്ടം. സർക്കാർ, സർക്കാർ സഹായ സ്കൂളുകളിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കുട്ടികളുടെ പ്രവേശനവിവരങ്ങളും കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്. 2025-26ൽ രാജ്യത്താകെ 2,43,65,809 കുട്ടികളാണ് ഈ ഘട്ടത്തിൽ പഠിക്കുന്നത്. കേരളത്തിൽ ഇത് 7,49,451 ആണ്.
സംസ്ഥാനങ്ങൾക്ക് ആവശ്യത്തിനനുസരിച്ച് ധനസഹായം
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അവരുടെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്ത് തയ്യാറാക്കുന്ന വാർഷിക പ്രവർത്തനപദ്ധതിയുടെയും ബജറ്റിന്റെയും അടിസ്ഥാനത്തിലാണ് ധനസഹായം നൽകുന്നത്. പദ്ധതി അംഗീകാര സമിതി സംസ്ഥാനങ്ങളുമായി ചർച്ച നടത്തി ഈ നിർദേശങ്ങൾ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്യും. ചെലവഴിക്കലിന്റെ വേഗം, സംസ്ഥാന വിഹിതം ലഭിച്ചത്, പരിശോധന പൂർത്തിയാക്കിയ കണക്കുകൾ, കുടിശ്ശിക മുൻകൂർ തുകയുടെ വിവരങ്ങൾ, പുതുക്കിയ ചെലവുകണക്കുകൾ, വിനിയോഗ സർട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ച ശേഷമാണ് സമഗ്ര ശിക്ഷാ പദ്ധതിക്കുള്ള പണം അനുവദിക്കുന്നത്. 2026-27ൽ നിപുണ് ഭാരത് ദൗത്യത്തിനായി രാജ്യത്താകെ 4,19,572.53 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കേരളത്തിനുള്ള വിഹിതം 3,610.35 ലക്ഷം രൂപയാണ്.
കളിച്ചുപഠിക്കാൻ വിദ്യാ പ്രവേശും ജാദുഈ പിറ്റാരയും
ഒന്നാം ക്ലാസിലേക്കെത്തുന്ന കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷവുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ മൂന്ന് മാസത്തെ കളിയാധിഷ്ഠിത വിദ്യാ പ്രവേശ് പദ്ധതി 2021 ജൂലൈ 29ന് ആരംഭിച്ചു. ബാലവാടി, അങ്കണവാടി, വീടുകൾ, സ്വകാര്യ കളിപ്പാഠശാലകൾ തുടങ്ങിയ വ്യത്യസ്ത സാഹചര്യങ്ങളിൽനിന്ന് വരുന്ന കുട്ടികൾക്കാണ് ഇത് സഹായമാകുന്നത്. വായനയ്ക്കും കണക്കിനും മുമ്പുള്ള കഴിവുകൾ, ചിന്താശേഷി, സാമൂഹിക കഴിവുകൾ എന്നിവ വളർത്തുന്ന പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2022-23 മുതൽ രാജ്യത്തെ 8.8 ലക്ഷം സ്കൂളുകളിലായി അഞ്ചുകോടിയിലധികം കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു.
മൂന്ന് മുതൽ ആറു വയസുവരെയുള്ള കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ, കളികൾ, പസിലുകൾ, പാവകൾ, പോസ്റ്ററുകൾ, ചിത്രക്കാർഡുകൾ, കഥാകാർഡുകൾ, കളിപ്പുസ്തകങ്ങൾ, അധ്യാപക സഹായപുസ്തകങ്ങൾ എന്നിവയടക്കം 53 പഠനോപകരണങ്ങളുള്ള ജാദുഈ പിറ്റാര 2023 ഫെബ്രുവരി 20ന് പുറത്തിറക്കി. ഇതിന്റെ നിർദേശങ്ങളും പ്രവർത്തനക്കാർഡുകളും 22 ഭാഷകളിലേക്ക് മാറ്റിയിട്ടുണ്ട്. പരിശീലകർക്കായി മൂന്ന് മുതൽ ആറു വയസുവരെയുള്ള കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ ഉൻമുഖ് കൈപ്പുസ്തകവും തയ്യാറാക്കി.
മൊബൈൽ പഠനവും മാതൃഭാഷാ പുസ്തകങ്ങളും
ജാദുഈ പിറ്റാരയെ അടിസ്ഥാനമാക്കിയുള്ള ഇ-ജാദുഈ പിറ്റാര മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും 2024 ഫെബ്രുവരി പത്തിന് ആരംഭിച്ചു. മൂന്ന് മുതൽ എട്ട് വയസുവരെയുള്ള കുട്ടികൾക്ക് കളിയിലൂടെ പഠിക്കാനുള്ള വിഭവങ്ങളാണ് ഇതിലുള്ളത്. ഒന്നും രണ്ടും ക്ലാസുകളിലേക്കായി സാരംഗി, മൃദംഗ്, ജോയ്ഫുൾ മാത്തമാറ്റിക്സ്, ആനന്ദമയ് ഗണിത്, ഷഹ്നായി തുടങ്ങിയ കളി-പ്രവർത്തനാധിഷ്ഠിത പാഠപുസ്തകങ്ങളും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. മാതൃഭാഷയിൽ അടിസ്ഥാന വായനയും കണക്കും പഠിപ്പിക്കാൻ കുറഞ്ഞത് പതിനായിരം പേർ സംസാരിക്കുന്ന 121 പ്രാദേശിക ഭാഷകളിൽ പ്രാരംഭ പഠനപുസ്തകങ്ങളും തയ്യാറാക്കി.
ബാലവാടി മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ കൈവരിക്കേണ്ട വായനാ-കണക്കു ലക്ഷ്യങ്ങൾ ദേശീയ, അന്താരാഷ്ട്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുണ്ട്. അധ്യാപകരുടെ തുടർച്ചയായ പരിശീലനത്തിനായി 2020 ഒക്ടോബറിൽ ദീക്ഷാ വേദിയിൽ നിഷ്ഠ ഓൺലൈൻ പരിശീലനവും ആരംഭിച്ചു. എഴുത്തും ദൃശ്യപാഠങ്ങളും ഉൾപ്പെടുന്ന ബഹുഭാഷാ പരിശീലനമാണ് നൽകുന്നത്. ദീക്ഷയിൽ ഇപ്പോൾ 126 ഇന്ത്യൻ ഭാഷകളും ഏഴ് വിദേശ ഭാഷകളും ഉൾപ്പെടെ 133 ഭാഷകളിൽ പഠനവിഭവങ്ങളുണ്ട്. നിഷ്ഠയുടെ അടിസ്ഥാന സാക്ഷരതാ-കണക്കുപഠന, പ്രാരംഭ ശിശുപരിപാലന പരിശീലനങ്ങൾ 15.57 ലക്ഷത്തിലധികം പേർ പൂർത്തിയാക്കിയിട്ടുണ്ട്.