ന്യൂഡൽഹി, 2026 ജൂലൈ 23
രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണവും പ്രവചനവും ദുരന്ത മുന്നറിയിപ്പ് സംവിധാനവും ശക്തമാക്കാൻ കേന്ദ്ര സർക്കാർ മിഷൻ മൗസം നടപ്പാക്കിവരുന്നു. മഹാരാഷ്ട്ര ഉൾപ്പെടെ രാജ്യത്തെ കാലാവസ്ഥാ സജ്ജവും കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ ശേഷിയുള്ളതുമായ രാജ്യമാക്കുകയാണ് ലക്ഷ്യം. 2025 ജനുവരി 14ന് പ്രധാനമന്ത്രി ആരംഭിച്ച പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ഭൗമശാസ്ത്ര സഹമന്ത്രി സ്വതന്ത്ര ചുമതലയുള്ള ഡോ. ജിതേന്ദ്ര സിങ് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചു.
അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ
ഭൂവ്യവസ്ഥാ നിരീക്ഷണം ശക്തമാക്കി എല്ലാവർക്കും തടസ്സമില്ലാതെ കാലാവസ്ഥാ സേവനങ്ങളും മുൻകൂർ മുന്നറിയിപ്പുകളും നൽകുകയാണ് മിഷൻ മൗസത്തിന്റെ പ്രധാന ലക്ഷ്യം. കാലാവസ്ഥാ നിരീക്ഷണം, വിവര വിശകലനം, മാതൃകാ രൂപീകരണം, പ്രവചനം എന്നിവ കൂടുതൽ കൃത്യവും സമയബന്ധിതവുമാക്കും.
അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക, അന്തരീക്ഷ നിരീക്ഷണത്തിന്റെ സമയ-സ്ഥല പരിധി കൂട്ടുക, പുതിയ തലമുറ റഡാറുകൾ, കാറ്റിന്റെ ഗതി പരിശോധിക്കുന്ന സംവിധാനങ്ങൾ, ആധുനിക ഉപകരണങ്ങളുള്ള ഉപഗ്രഹങ്ങൾ എന്നിവ വിന്യസിക്കുക തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു.
ഉയർന്ന ശേഷിയുള്ള കംപ്യൂട്ടിങ് സംവിധാനങ്ങൾ സ്ഥാപിക്കുക, കാലാവസ്ഥാ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്തുക, എഐ-എംഎൽ അധിഷ്ഠിത വിവര വിശകലന രീതികൾ വികസിപ്പിക്കുക, കാലാവസ്ഥാ നിയന്ത്രണത്തിനുള്ള സാങ്കേതികവിദ്യകളും മാർഗരേഖകളും തയ്യാറാക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. അവസാന വ്യക്തിയിലേക്കും വിവരം എത്തിക്കാൻ ആധുനിക തീരുമാന സഹായ സംവിധാനവും വിതരണ ശൃംഖലയും സ്ഥാപിക്കും. ഗവേഷണ സഹകരണവും പരിശീലനവും ശക്തമാക്കും.
രാജ്യത്ത് കൂടുതൽ ഡോപ്ലർ റഡാറുകൾ
രാജ്യത്താകെ കാലാവസ്ഥാ വകുപ്പ്, ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനങ്ങൾ, ഐഎസ്ആർഒ എന്നിവ പ്രവർത്തിപ്പിക്കുന്ന 50 ഡോപ്ലർ കാലാവസ്ഥാ റഡാറുകളിൽനിന്നാണ് നിലവിൽ വിവരങ്ങൾ ലഭിക്കുന്നത്. ഈ ശൃംഖല കൂടുതൽ ശക്തമാക്കാൻ 29 സി-ബാൻഡ് റഡാറുകളും 45 എക്സ്-ബാൻഡ് റഡാറുകളും 12 എസ്-ബാൻഡ് റഡാറുകളും സ്ഥാപിച്ചുവരുന്നു.
കാലാവസ്ഥാ നിരീക്ഷണം, സംഖ്യാധിഷ്ഠിത പ്രവചനം, അന്തരീക്ഷ ചലനങ്ങളുടെ പഠനം എന്നിവ മെച്ചപ്പെടുത്താൻ പുതിയ റഡാറുകൾ സഹായിക്കും. മഹാരാഷ്ട്രയിലെയും കാലാവസ്ഥാ നിരീക്ഷണ ശേഷി ഇതിലൂടെ വലിയ തോതിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുംബൈ, നാഗ്പുർ എന്നിവിടങ്ങളിൽ എസ്-ബാൻഡ് റഡാറുകളും സോളാപുർ, വെരാവലി എന്നിവിടങ്ങളിൽ സി-ബാൻഡ് റഡാറുകളും പ്രവർത്തിക്കുന്നു. മുംബൈയിലെ ജുഹു, പൻവേൽ, വസായ്-വിരാർ, കല്യാൺ-ഡോംബിവലി എന്നിവിടങ്ങളിലും മഹാബലേശ്വറിലും എക്സ്-ബാൻഡ് റഡാറുകളുണ്ട്.
പഞ്ചായത്തുതലം വരെ കാലാവസ്ഥാ പ്രവചനം
ഹ്രസ്വകാല, ഇടക്കാല, ദീർഘകാല കാലാവസ്ഥാ പ്രവചനങ്ങൾ നൽകാൻ ആഗോള-പ്രാദേശിക സംഖ്യാധിഷ്ഠിത കാലാവസ്ഥാ മാതൃകകൾ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ ആഗോള പ്രവചന സംവിധാനവും നോയിഡയിലെ ദേശീയ ഇടക്കാല കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മിഥുന മാതൃകയും 12 കിലോമീറ്റർ പരിധിയിലാണ് തത്സമയം പ്രവർത്തിക്കുന്നത്.
പുതിയ ഭാരത് പ്രവചന സംവിധാനം ആറു കിലോമീറ്റർ പരിധിയിൽ ബ്ലോക്ക് തലത്തിലും തുടർന്ന് പഞ്ചായത്തുതലത്തിലും പ്രവചനം നൽകുന്നു. വലിയ അളവിലുള്ള കാലാവസ്ഥാ വിവരങ്ങൾ സംയോജിപ്പിച്ച് ഉയർന്ന കൃത്യതയോടെ മാതൃകകൾ പ്രവർത്തിപ്പിക്കാൻ കംപ്യൂട്ടിങ് സൗകര്യവും വർധിപ്പിച്ചു.
നോയിഡയിലെ ദേശീയ ഇടക്കാല കാലാവസ്ഥാ പ്രവചന കേന്ദ്രത്തിലെ അരുണിക സൂപ്പർ കംപ്യൂട്ടറും പുണെയിലെ ഇന്ത്യൻ ഉഷ്ണമേഖലാ കാലാവസ്ഥാ പഠന സ്ഥാപനത്തിലെ അർക്ക സംവിധാനവും ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കംപ്യൂട്ടിങ് ശേഷി ഉയർത്തിയിട്ടുണ്ട്.
തീവ്ര കാലാവസ്ഥാ പ്രവചന കൃത്യതയിൽ 40 ശതമാനം വർധന
ചുഴലിക്കാറ്റ്, കനത്ത മഴ, ഇടിമിന്നൽ, ഉഷ്ണതരംഗം, ശൈത്യതരംഗം തുടങ്ങിയ തീവ്ര കാലാവസ്ഥാ സംഭവങ്ങൾ നേരിടാൻ ദുരന്ത മുന്നറിയിപ്പ് സംവിധാനം ശക്തമാക്കി. രാജ്യത്തിനകത്ത് വികസിപ്പിച്ച സാങ്കേതികവിദ്യയും ജനകേന്ദ്രീകൃത കാലാവസ്ഥാ സംവിധാനങ്ങളും ദുരന്ത മുന്നൊരുക്കവും പൊതുസുരക്ഷയും മെച്ചപ്പെടുത്തുന്നുണ്ട്.
കാലാവസ്ഥാ വകുപ്പ് വികസിപ്പിച്ച തീരുമാന സഹായ സംവിധാനം ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് നടപ്പാക്കിയത്. മുൻ ദശകവുമായി താരതമ്യം ചെയ്യുമ്പോൾ അടുത്തകാലത്ത് തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ പ്രവചന കൃത്യതയിൽ 40 ശതമാനം പുരോഗതി ഉണ്ടായതായി കേന്ദ്രം അറിയിച്ചു.
ജില്ലാതലത്തിൽ ആഘാതം അടിസ്ഥാനമാക്കിയ പ്രവചനങ്ങളും അപകടസാധ്യത അടിസ്ഥാനമാക്കിയ മുന്നറിയിപ്പുകളും നൽകുന്നു. ഇതിലൂടെ പ്രാദേശിക ഭരണകൂടങ്ങൾക്ക് മുൻകരുതൽ നടപടികൾ സമയത്ത് സ്വീകരിക്കാൻ കഴിയും.
മൗസംഗ്രാം സംവിധാനം ഗ്രാമതലം വരെ സ്ഥലാധിഷ്ഠിത കാലാവസ്ഥാ പ്രവചനം നൽകുന്നു. അടുത്ത 36 മണിക്കൂറിലേക്ക് ഓരോ മണിക്കൂർ ഇടവിട്ടും അഞ്ചു ദിവസത്തേക്ക് മൂന്നു മണിക്കൂർ ഇടവിട്ടും പത്തു ദിവസത്തേക്ക് ആറു മണിക്കൂർ ഇടവിട്ടും പ്രവചനം ലഭിക്കും. പിൻകോഡ്, സ്ഥലനാമം, സംസ്ഥാനം, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവ ഉപയോഗിച്ച് വിവരം പരിശോധിക്കാം.
ജില്ലാതല കാലാവസ്ഥാ അപകട-ദുർബലതാ ഭൂപടങ്ങളും കാലാവസ്ഥാ പ്രവചനത്തിനും മുന്നറിയിപ്പിനുമുള്ള ഭൗമവിവര സേവനങ്ങളും വികസിപ്പിച്ചിട്ടുണ്ട്.
മൊബൈൽ സന്ദേശം മുതൽ കർഷക ശൃംഖല വരെ
തീവ്ര കാലാവസ്ഥാ മുന്നറിയിപ്പുകൾ പൊതുമുന്നറിയിപ്പ് മാനദണ്ഡപ്രകാരം തയ്യാറാക്കി എസ്എംഎസ് വഴിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റി വികസിപ്പിച്ച സചേത് ആപ്പ് വഴിയും നൽകുന്നു. ആപ്പിൾ, ഗൂഗിൾ, ജിമാസ് സംവിധാനങ്ങളും ഈ മുന്നറിയിപ്പുകൾ പ്രചരിപ്പിക്കുന്നുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും മുന്നറിയിപ്പുകളും വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്ക് ജനങ്ങളിലെത്തിക്കാൻ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ് ഒരുക്കിയിട്ടുണ്ട്. മൗസം ആപ്പ്, കാർഷിക കാലാവസ്ഥാ സേവനത്തിനുള്ള മേഘദൂത്, മിന്നൽ മുന്നറിയിപ്പിനുള്ള ദാമിനി, കാലാവസ്ഥാ പ്രവചനത്തിനുള്ള ഉമംഗ് ആപ്പ് എന്നിവയും പ്രവർത്തിക്കുന്നു.
പഞ്ചായത്തീരാജ് മന്ത്രാലയവുമായി ചേർന്ന് പഞ്ചായത്ത് മൗസം സേവാ പോർട്ടലും വികസിപ്പിച്ചു. ഇ-ഗ്രാംസ്വരാജ്, മേരി പഞ്ചായത്ത് ആപ്പ്, ഇ-മാൻചിത്ര, മൗസംഗ്രാം എന്നിവ വഴി പഞ്ചായത്തുതല പ്രവചനങ്ങൾ ലഭിക്കും.
പഞ്ചായത്ത് അംഗങ്ങൾ, വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരുടെ മൊബൈൽ നമ്പറുകൾ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രവചനങ്ങളും കാർഷിക കാലാവസ്ഥാ നിർദേശങ്ങളും വാട്സ്ആപ്പ് വഴി ഇവർക്ക് നൽകുകയും ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രചരിപ്പിക്കുകയും ചെയ്യും.
ഗ്രാമവികസന മന്ത്രാലയത്തിന്റെ കൃഷി സഖി, പശു സഖി ശൃംഖലകളും വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ ഉപയോഗിക്കുന്നു. 373 ജില്ലകളിൽ 7,300ലധികം കർഷക ബോധവത്കരണ പരിപാടികൾ നടത്തി. 83 അഭിലാഷ ജില്ലകൾ ഉൾപ്പെടെ ഏകദേശം 3.67 ലക്ഷം കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
സ്ഥലം, വിള, വിളയുടെ വളർച്ചാഘട്ടം എന്നിവ അടിസ്ഥാനമാക്കി നിർദേശം നൽകുന്ന കൽപ് സംവിധാനവും കാലാവസ്ഥാ വിവര വിശകലനത്തിനും കൃഷി ആസൂത്രണത്തിനുമായി മൗസം സങ്കൽപ് സംവിധാനവും വികസിപ്പിച്ചു.
ആഭ്യന്തര മന്ത്രാലയം, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികൾ, ജില്ലാ മജിസ്ട്രേറ്റുമാർ, ആരോഗ്യ വകുപ്പുകൾ, പൊതുസേവന സ്ഥാപനങ്ങൾ എന്നിവയ്ക്ക് തത്സമയം മുന്നറിയിപ്പുകൾ നൽകുന്നു. ജില്ലാ കളക്ടർമാർ, കൃഷിവകുപ്പ്, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവയുമായി നേരിട്ടുള്ള ഏകോപനവും നിലനിർത്തുന്നുണ്ട്.