പ്രയാഗ്രാജ് 2026 ജൂലൈ 9-
മുസ്ലിം വ്യക്തിനിയമപ്രകാരം നടത്തിയ തലാഖിൽ ഇരുവിഭാഗവും തമ്മിൽ തർക്കമില്ലെങ്കിൽ, ദമ്പതികൾ ‘വിവാഹമോചിതരായി’ എന്ന് പ്രഖ്യാപിക്കാൻ കുടുംബകോടതിക്ക് പൂർണ്ണ അധികാരമുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി. ലക്നൗ കുടുംബകോടതിയുടെ ഉത്തരവിനെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അലോക് മാഥുർ, ജസ്റ്റിസ് സയ്യിദ് ഖമർ ഹസൻ റിസ്വി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി.
മുസ്ലിം വ്യക്തിനിയമപ്രകാരം നടന്ന തലാഖ് നിയമപരമായി സാധുവാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ കുടുംബകോടതിക്ക് വിവാഹമോചന പ്രഖ്യാപനം നടത്താം. ലക്നൗ സ്വദേശികളായ ദമ്പതികൾ 2022 ഫെബ്രുവരിയിലാണ് വിവാഹിതരായത്. എന്നാൽ വൈവാഹിക തർക്കങ്ങളെ തുടർന്ന് 2023 സെപ്റ്റംബർ മുതൽ ഭാര്യ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.
സമവായശ്രമങ്ങൾ പരാജയപ്പെട്ടതോടെ, ഭാര്യയുടെ ആവശ്യപ്രകാരം ഭർത്താവ് ‘തലാഖ്-ഇ-ഹസൻ’ രീതിയിലൂടെ വിവാഹമോചനം തേടുകയായിരുന്നു. 2024 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി മൂന്ന് തലാഖ് നോട്ടീസുകൾ അയച്ചു. ഭാര്യ ഇത് കൈപ്പറ്റുകയും ചെയ്തു. മെഹർ തുകയായ ഒരു ലക്ഷം രൂപ നൽകിയതിനൊപ്പം വിവാഹബന്ധം വേർപെടുത്തിയെന്ന മതാഭിപ്രയവും (ഫത്വ) ഭർത്താവ് വാങ്ങിയിരുന്നു.
കുടുംബകോടതിയുടെ വിധി തിരുത്തി ഹൈക്കോടതി
തന്റെ വിവാഹസ്ഥിതി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബകോടതി നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം ഭർത്താവ് ലക്നൗ കുടുംബകോടതിയെ സമീപിച്ചിരുന്നു. കേസിൽ തലാഖ് നടന്ന കാര്യം ഭാര്യ കോടതിയിൽ സമ്മതിക്കുകയും വിവാഹമോചന പ്രഖ്യാപനത്തിന് എതിർപ്പില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, തലാഖിനെ ആരും ചോദ്യം ചെയ്യാത്തതിനാൽ പ്രത്യേക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബകോടതി ഹർജി തള്ളി. ഈ ഉത്തരവാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയത്.
‘കോടതിയുടെ ജോലി വീണ്ടും വിചാരണ ചെയ്യലല്ല’
തർക്കമില്ലാത്ത തലാഖ് കേസുകളിൽ കുടുംബകോടതികൾ കനത്ത വിചാരണ രീതികൾ അവലംബിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യക്തിനിയമപ്രകാരം തലാഖ് സാധുവാണോ എന്ന് പ്രഥമദൃഷ്ട്യാ പരിശോധിച്ചാൽ മാത്രം മതിയാകും. അതിൽ തൃപ്തരായാൽ കക്ഷികളുടെ വിവാഹസ്ഥിതി രേഖപ്പെടുത്തി ഉത്തരവിറക്കാം. തലാഖ് വ്യക്തമായ വാക്കുകളിലൂടെയാണെങ്കിൽ ഭർത്താവിന്റെ ഉദ്ദേശം പ്രത്യേകം തെളിയിക്കേണ്ടതില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.
വ്യക്തികൾക്ക് വിവാഹസ്ഥിതി വ്യക്തമാക്കാൻ അവകാശമുണ്ട്
ഓരോ വ്യക്തിക്കും തന്റെ വിവാഹസ്ഥിതി നിയമപരമായി വ്യക്തതയുള്ളതാക്കി മാറ്റാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് വ്യക്തിനിയമങ്ങളിലൂടെയോ ആചാരങ്ങളിലൂടെയോ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾക്ക് കോടതികളുടെ ഔദ്യോഗിക പ്രഖ്യാപനം ചില സാഹചര്യങ്ങളിൽ അനിവാര്യമാണ്. അതിനാൽ ദമ്പതികൾ വിവാഹമോചിതരാണെന്ന് പ്രഖ്യാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
തർക്കമുണ്ടെങ്കിൽ വിശദമായ പരിശോധന തുടരും
അതേസമയം, എല്ലാ തലാഖ് കേസുകളിലും കുടുംബകോടതികൾ കണ്ണടച്ച് പ്രഖ്യാപനം നടത്തണം എന്നല്ല ഈ വിധി കൊണ്ട് അർത്ഥമാക്കുന്നത്. തലാഖിന്റെ സാധുതയെ ഏതെങ്കിലും ഒരു കക്ഷി ചോദ്യം ചെയ്താൽ കുടുംബകോടതിയിൽ വിശദമായ നിയമപരിശോധനയും വിചാരണയും തുടരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
സാങ്കേതിക കാരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടി തർക്കമില്ലാത്ത വിവാഹമോചനങ്ങളിൽ കുടുംബകോടതികൾ പ്രഖ്യാപനം വൈകിപ്പിക്കരുതെന്ന ശക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നത്. ഇത് വേർപിരിഞ്ഞു ജീവിക്കുന്ന ദമ്പതികളുടെ അനിശ്ചിതത്വം ഒഴിവാക്കാൻ സഹായിക്കും.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.