കൊൽക്കത്ത, ജൂലൈ 3-
തൃണമൂൽ കോൺഗ്രസിലെ അധികാരത്തർക്കം കൊൽക്കത്തയിൽ വീണ്ടും കനക്കുന്നു. പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി നേതൃത്വം നൽകുന്ന വിമത പക്ഷം കൊൽക്കത്ത ഇ.എം. ബൈപാസിന് സമീപമുള്ള പാർട്ടി മെട്രോപൊളിറ്റൻ ഓഫീസിന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു. പാർട്ടിയുടെ പേര്, ചിഹ്നം, ഫണ്ട് എന്നിവയിൽ അവകാശവാദമുന്നയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് വിമതരുടെ ഈ നിർണായക നീക്കം.
‘യഥാർത്ഥ തൃണമൂൽ ഞങ്ങളാണ്’ എന്ന് വിമതർ
ഋതബ്രത ബാനർജി, മുൻ കൊൽക്കത്ത മേയർ ഫിർഹാദ് ഹകീം, അരൂപ് റോയ് എന്നിവരുടെ നേതൃത്വത്തിൽ വിമത എം.എ.ൽ.എമാർ പാർട്ടി ഓഫീസിനുള്ളിൽ യോഗം ചേർന്നു. ഓഫീസിലുണ്ടായിരുന്ന മമത ബാനർജിയുടെ ചിത്രങ്ങൾ മാറ്റാൻ ഇവർ തയ്യാറായിട്ടില്ല. ഈ ഓഫീസുമായി തങ്ങൾക്ക് വൈകാരികമായ ബന്ധമുണ്ടെന്നും ഇനി ഇവിടെനിന്നാകും തങ്ങളുടെ പ്രവർത്തനമെന്നും വിമത പക്ഷം വ്യക്തമാക്കി. കൂടാതെ അരൂപ് റോയിയെ പാർട്ടി ചെയർമാനായി ഉയർത്തിക്കാട്ടുന്ന പുതിയ ഫ്ലെക്സ് ബോർഡുകളും ഓഫീസിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്.
നിയമപോരാട്ടവുമായി തിരഞ്ഞെടുപ്പ് കമ്മീഷനിലും ഹൈക്കോടതിയിലും
വിഷയത്തിൽ ജൂലൈ 6-ന് വൈകിട്ട് 5.30-നകം ഇരുപക്ഷവും തങ്ങളുടെ അവകാശവാദങ്ങളും മറുപടികളും സമർപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. നേരത്തെ, ജൂൺ 22-ന് മമത ബാനർജിയെ ഉപദേശക പദവിയിൽ നിലനിർത്തിക്കൊണ്ടും അഭിഷേക് ബാനർജിയെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടും 30 അംഗ പ്രവർത്തക സമിതി വിമതർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഋതബ്രത ബാനർജിയെയും സന്ദീപൻ സാഹയെയും മമത പക്ഷം പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. നിലവിൽ മരവിപ്പിച്ചിരിക്കുന്ന പാർട്ടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മമത പക്ഷം കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.