ഉത്തർപ്രദേശിലെ മദ്രസകൾക്ക് ലഭിച്ച വിദേശ ഫണ്ടിംഗിനെക്കുറിച്ചുള്ള അന്വേഷണം ഇനി കൂടുതൽ ശക്തമാകും. മദ്രസകളിലെ വിദേശ ധനസഹായം പരിശോധിക്കാൻ സംസ്ഥാന ഭീകരവിരുദ്ധ സേനയ്ക്ക് (എ.ടി.എസ്) ഹൈക്കോടതി പച്ചക്കൊടി കാട്ടി.. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഇതോടെയാണ് സംസ്ഥാനത്തുടനീളം പരിശോധന നടത്താൻ എ.ടി.എസ് തീരുമാനിച്ചത്. ഏകദേശം നാലായിരത്തോളം മദ്രസകളിലെ സാമ്പത്തിക സ്രോതസ്സുകൾ പരിശോധിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
പരിശോധന ഇങ്ങനെ:
മദ്രസകളുടെ ബാങ്ക് അക്കൗണ്ടുകൾ, വിദേശത്ത് നിന്ന് വരുന്ന പണം, ഈ പണം എവിടെനിന്നാണ് വരുന്നത്, അത് എങ്ങനെയാണ് ചെലവഴിക്കുന്നത് എന്നിങ്ങനെ എല്ലാ കാര്യങ്ങളും എ.ടി.എസ് സൂക്ഷ്മമായി പരിശോധിക്കും. ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം അന്വേഷണം കൂടുതൽ വിപുലപ്പെടുത്താനാണ് തീരുമാനം.
സർക്കാർ ലക്ഷ്യം:
ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളോ, രാജ്യവിരുദ്ധ പ്രവർത്തനങ്ങളോ ഇതിന് പിന്നിലുണ്ടോ എന്ന് കണ്ടെത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
മറുഭാഗത്ത് ആശങ്ക:
അന്വേഷണത്തോട് മദ്രസ സംഘടനകൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണുള്ളത്. തെറ്റായ ധനസഹായം പരിശോധിക്കുന്നതിനെ എതിർക്കുന്നില്ലെങ്കിലും, മദ്രസകളെ മാത്രം ലക്ഷ്യം വെച്ച് അന്വേഷണം നടത്തരുതെന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരേ നിയമം ബാധകമാക്കണമെന്നുമാണ് മതനേതാക്കൾ ആവശ്യപ്പെടുന്നത്.
തുടക്കം 2023-ൽ:
2023-ൽ സംസ്ഥാന സർക്കാർ മദ്രസകളിലെ വിദേശ ഫണ്ടിംഗ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ആ പരിശോധനയിൽ പല മദ്രസകൾക്കും വിദേശത്ത് നിന്ന് വൻതോതിൽ പണം ലഭിക്കുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഹൈക്കോടതിയുടെ അനുമതിയോടെ എ.ടി.എസ് അന്വേഷണം കൂടുതൽ ശക്തമാക്കുന്നത്.