പ്രധാന വിവരങ്ങൾ
- മൂന്നാം കേസിലും പ്രതിക്ക് ശിക്ഷ.
- എഴുപത്തൊമ്പതിനായിരം രൂപ പിഴ ചുമത്തി.
- നാലാം കേസിലും പ്രതി കുറ്റക്കാരൻ.
- 2024ലാണ് പീഡനവിവരം പുറത്തറിഞ്ഞത്.

News Portal

തിരുവനന്തപുരം, 2026 ജൂൺ 27 –
ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്രിക്കറ്റ് കോച്ച് മനു എം എന്ന 40 കാരനെ മൂന്നാമത്തെ കേസിലും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. ഇതോടെ പ്രതിക്ക് ആകെ 47 വർഷം തടവ് അനുഭവിക്കേണ്ടിവരും. എഴുപത്തൊമ്പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആദ്യ രണ്ട് കേസുകളിലെ ശിക്ഷ പൂർത്തിയായ ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കൂ.
2018ൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് വിദ്യാർത്ഥിനി തിരുവനന്തപുരത്തെ ഒരു ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൽ ചേർന്നത്. പരിശീലനത്തിന്റെ പേരിൽ നെറ്റിലും ജിമ്മിലും ശുചിമുറികളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ നഗ്നചിത്രവും പ്രതി പകർത്തിയതായി കണ്ടെത്തി. സ്വകാര്യ പരിശീലനമെന്ന പേരിൽ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയായിരുന്നു പീഡനമെന്നും അന്വേഷണത്തിൽ വ്യക്തമായി.
പീഡന വിവരം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ വർഷങ്ങളോളം കുട്ടി സംഭവം മറച്ചുവെച്ചു. 2024 മാർച്ച് 28ന് തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിനിടെ പ്രതിയെ വീണ്ടും കണ്ടതോടെ കുട്ടിക്ക് മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതേ തുടർന്നാണ് സഹയാത്രികർ വിവരങ്ങൾ അന്വേഷിച്ച് സംഭവം പുറത്തറിയുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്.