ഖത്തറിലെ റാസ് ലഫാൻ ഫാക്ടറി സ്ഫോടനത്തിൽ മരിച്ച കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി അർജുന്റെ മൃതദേഹം നാട്ടിലെത്തി. പൊതുദർശനത്തിന് ശേഷം രാവിലെ എട്ടോടെ മൃതദേഹം സംസ്കരിച്ചു. ഖത്തറിലെ അപകടം നടന്ന പ്ലാന്റിൽ സൂപ്പർവൈസറായായിരുന്നു അർജുൻ ജോലി ചെയ്തിരുന്നത്.
ഒരു വർഷം മുൻപായിരുന്നു അർജുന്റെ വിവാഹം. വിവാഹത്തിനായി നാട്ടിലെത്തിയ ശേഷം ആറുമാസം മുൻപാണ് ഖത്തറിലേക്ക് തിരിച്ചുപോയത്. തുടർന്ന് ജോലിക്കിടെ ഉണ്ടായ ഫാക്ടറി സ്ഫോടനത്തിലാണ് ജീവൻ നഷ്ടമായത്.
റാസ് ലഫാൻ പ്ലാന്റിലെ സ്ഫോടനത്തിൽ 13 പേർ മരിച്ചു
കഴിഞ്ഞ ഞായറാഴ്ച ഖത്തറിലെ റാസ് ലഫാൻ ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 13 പേരാണ് മരിച്ചത്. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.