കൊച്ചി, 2026 ജൂൺ 22 –
കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിന്റെ പവിത്രതയും ആചാരങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. മലബാർ ദേവസ്വം ബോർഡ്, കൊട്ടിയൂർ ദേവസ്വം, കണ്ണൂർ പൊലീസ് എന്നിവർ മറുപടി നൽകണമെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു. എറണാകുളം മരട് സ്വദേശി സനൽ സി.എസ് നൽകിയ ഹർജിയിലാണ് നടപടി.
ഓൺലൈൻ വ്ലോഗർമാർ പ്രശസ്തിക്കും കാഴ്ചക്കാരെ വർധിപ്പിക്കുന്നതിനുമായി ക്ഷേത്രവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. കൊട്ടിയൂർ ക്ഷേത്രത്തിലെ യഥാർഥ ആചാരങ്ങളല്ല സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. വസ്ത്രാവശിഷ്ടങ്ങൾ ബാവലി പുഴയിൽ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമാണെന്ന തരത്തിലുള്ള പ്രചാരണം പുഴ മലിനമാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതായും പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതായും ഹർജിക്കാരൻ ആരോപിക്കുന്നു.
സാമൂഹിക മാധ്യമ പ്രചാരണങ്ങൾ ക്ഷേത്രത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ ബാധിക്കുന്നതായും ഭക്തരും വ്ലോഗർമാരും തമ്മിലുള്ള തർക്കങ്ങൾ പതിവാകുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പൊലീസ് ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി സെപ്റ്റംബർ എട്ടിന് വീണ്ടും പരിഗണിക്കും.