ന്യൂഡൽഹി, 2026 ജൂൺ 22
ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ ഭാഷിണി വിഭാഗവും അസം ഇന്നൊവേഷൻ ആൻഡ് സ്റ്റാർട്ടപ്പ് ഫൗണ്ടേഷനും തമ്മിൽ ഭാഷാ സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി അധിഷ്ഠിത പരിഹാരങ്ങൾ, പ്രാദേശിക ഭാഷകളിലെ ഭരണസേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ ധാരണാപത്രത്തിൽ ഒപ്പുവച്ചു. അസമിൽ ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള ബഹുഭാഷാ പ്രവേശനം വർധിപ്പിക്കാനും പുതുമയും സംരംഭകത്വവും ശക്തിപ്പെടുത്താനുമാണ് ഈ നീക്കം.
ഭാഷാ സാങ്കേതികവിദ്യ, ബഹുഭാഷാ ഡിജിറ്റൽ പരിഹാരങ്ങൾ, കൃത്രിമ ബുദ്ധി, സ്റ്റാർട്ടപ്പ് വികസനം, ശേഷി വർധന എന്നിവയിലാണ് ഇരുസംഘടനകളും ചേർന്ന് പ്രവർത്തിക്കുക. ഭാഷിണി സാങ്കേതികവിദ്യകളിലൂടെ അസം ഫൗണ്ടേഷന്റെ പദ്ധതികൾക്കും സേവനങ്ങൾക്കും ബഹുഭാഷാ സൗകര്യം ഒരുക്കും. ഔദ്യോഗിക വേദികളിൽ വിവർത്തന സംവിധാനങ്ങൾ ഉൾപ്പെടുത്തുക, അസമീസ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലെ വിവർത്തന സേവനങ്ങൾ മെച്ചപ്പെടുത്തുക, ശബ്ദാധിഷ്ഠിത പരിഹാരങ്ങൾ വികസിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും നടപ്പാക്കും. സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭാഷിണിയുടെ ഭാഷാ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പുതിയ പരിഹാരങ്ങൾ വികസിപ്പിക്കാനും അവസരം ലഭിക്കും.
അസമിന്റെ ഭാഷാ വൈവിധ്യത്തിന് അനുയോജ്യമായ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുകയാണ് സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. ഭാഷാ വിവരശേഖരങ്ങൾ കൂടുതൽ സമ്പുഷ്ടമാക്കുകയും ഭാഷാ മാതൃകകളുടെ ഗുണനിലവാരവും കൃത്യതയും മെച്ചപ്പെടുത്തുകയും ചെയ്യും. സർക്കാർ വേദികളിൽ കൃത്രിമ ബുദ്ധി അധിഷ്ഠിത വിവർത്തന സേവനങ്ങൾ നൽകുന്നതിനൊപ്പം പ്രാദേശിക ഭാഷാഭേദങ്ങൾ ഉൾക്കൊള്ളുന്ന സംവിധാനങ്ങളും വികസിപ്പിക്കും. ഭാഷ ഒരു തടസമാകാതെ എല്ലാവർക്കും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണമെന്ന് ഭാഷിണി വിഭാഗം അറിയിച്ചു.