കഞ്ഞിക്കുഴി പഞ്ചായത്തിൽ വനിതകൾക്കായി നിർമ്മിച്ച ഓപ്പൺ ജിം പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഓപ്പൺ ജിം നിർമ്മിച്ചത്. പഴയരിക്കണ്ടം ഗവൺമെന്റ് ഹോമിയോ ആശുപത്രിക്ക് സമീപമാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം റോയി കെ. പൗലോസ് എംഎൽഎ നിർവഹിച്ചു.
കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് കോമളം മോഹൻദാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സോയിമോൻ സണ്ണി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി അതുല്യ വി. കുമാർ പദ്ധതിയുടെ വിശദീകരണം അവതരിപ്പിച്ചു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സോന ട്രീസാ ജോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ സാവിത്രി സതീശൻ, രാജേശ്വരി രാജൻ, ദീപ ജോസഫ്, സിബിച്ചൻ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വനിതകളുടെ ആരോഗ്യ സംരക്ഷണവും ശാരീരിക ക്ഷമതയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്.